Ongoing News
ഐ പി എൽ ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ
ഒന്നാം ക്വാളിഫെയർ മത്സരത്തിൽ ഗുജറാത്ത് ടെറ്റൻസിനെ 15 റൺസിന് വീഴ്ത്തിയാണ് ചെന്നൈയുടെ വിജയം.

ചെന്നൈ | മഞ്ഞക്കടലിരമ്പിയ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം… ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയുടെ അടവുകൾ… ഐ പി എല്ലിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് കലാശപ്പോരിന്.
ഏത് വലിയ ലക്ഷ്യവും മറികടക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്ന ഗുജറാത്തിനെ 15 റൺസിനാണ് ചെന്നൈ തകർത്തത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസിന്റെ വിജയലക്ഷ്യമാണ് ഗുജറാത്തിന് മുന്നിൽ ചെന്നൈ വെച്ചത്. എന്നാൽ 157 റൺസിൽ ഹാർദിക് പാണ്ഡ്യയെയും സംഘത്തെയും ധോണിപ്പട പിടിച്ചുകെട്ടി.
ഋതുരാജ് ഗെയ്ക്‌വാദ് (60)- ഡിവോൺ കോൺവെ (40) കൂട്ടുകെട്ട് ചെന്നൈക്ക് മികച്ച തുടക്കം നൽകി. ദർശൻ നാൽക്കണ്ടെയുടെ പന്തിൽ തുടക്കത്തിലേ ഋതുരാജ് ഗെയ്ക് വാദ് ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകിയപ്പോൾ ചെന്നൈ പതറി. എന്നാൽ അത് നോബോൾ ആയിരുന്നു. അജിങ്ക്യ രഹാനെയും അമ്പാട്ടി റായുഡുവും 17 വീതം റൺസെടുത്തപ്പോൾ 22 റൺസ് ജഡേജയുടെ വകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ഓപണർ വൃദ്ധിമാൻ സാഹ നിരാശപ്പെടുത്തി. 12 റൺസ് മാത്രമാണ് നേടിയത്. ഓപണർമാരായ സാഹയെയും ശുഭ്മാൻ ഗില്ലിനെയും മടക്കിയത് ദീപക് ചഹാറാണ്. 38 പന്തിൽ 42 റൺസാണ് ഗിൽ നേടിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും (എട്ട്) രാഹുൽ തെവാത്തിയയെയും (മൂന്ന്) മഹീഷ് തീക്ഷണ മടക്കി. ഭീഷണി ഉയർത്തുമെന്ന് പ്രതീക്ഷിച്ച ഡേവിഡ് മില്ലറെ ജഡേജ ബൗൾഡ് ആക്കി. ദസുൻ ഷണകയും മടങ്ങിയത് ജഡേജയുടെ പന്തിൽ. ഇതോടെ ഐ പി എല്ലിൽ ജഡേജ 150 വിക്കറ്റുകൾ വീഴ്ത്തി.
തകർത്തടിച്ച് റാശിദ് ഖാൻ ഗുജറാത്തിന് പ്രതീക്ഷ നൽകിയെങ്കിലും തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ സിക്‌സർ ശ്രമത്തിനിടെ കോൺവേക്ക് പിടികൊടുത്തു. 16 പന്തിൽ 30 റൺസാണ് റാശിദ് നേടിയത്. ചെന്നൈക്കായി ദീപക് ചഹാർ, മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ, മതീഷ് പതിരാന എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
പത്താം തവണയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഐ പി എൽ ഫൈനലിൽ പ്രവേശിക്കുന്നത്. നാളത്തെ ലക്നോ – മുംബൈ മത്സര വിജയികളെ ഗുജറാത്ത് രണ്ടാം ക്വാളിഫെയർ മത്സരത്തിൽ നേരിടും. രണ്ടാം ക്വാളിഫെയർ ഈ മാസം 26ന് നടക്കും. 28ന് അഹമ്മദാബാദിലാണ് ഫൈനൽ. ഇതോടെ അഞ്ചാം ഐ പി എൽ കിരീടത്തിനാകും ധോണിയും സംഘവും അഹമ്മദാബാദിലിറങ്ങുക.