National
പുതിയ 75 രൂപ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്നു
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാണയം പ്രകാശനം ചെയ്യുക.

ന്യൂഡല്‍ഹി| രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നാണയം പുറത്തിറക്കുന്നു. 75 രൂപയുടെ പുതിയ നാണയമാണ് പുറത്തിറക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് നാണയം പ്രകാശനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശന കര്‍മ്മം നിര്‍വഹിക്കും. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമായിരിക്കും സ്മരണാര്‍ഥം പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭം ആലേഖനം ചെയ്യും.
അതിന് താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കും. ഇടതുവശത്ത് ‘ഭാരത്’ എന്നത് ദേവനാഗരി ലിപിയിലും വലത് വശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലുമുണ്ടാകും. നാണയത്തില്‍ ‘രൂപ’ ചിഹ്നവും ലയണ്‍ ക്യാപിറ്റലിന് താഴെ അന്താരാഷ്ട്ര അക്കങ്ങളില്‍ ’75 ‘എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിലെ ‘സന്‍സദ് സങ്കുല്‍’ എന്നും താഴെ ഇംഗ്ലീഷില്‍ ‘പാര്‍ലമെന്റ് മന്ദിരം’ എന്നും എഴുതും. 44 മില്ലിമീറ്റര്‍ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള നാണയമായിരിക്കും ഇത്.
ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുക. അന്ന് തന്നെയാണ് നാണയവും പ്രകാശനം ചെയ്യുക. ഈ ചടങ്ങുമായി ബന്ധപ്പെട്ട വിവാദം ശക്തമായിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് വിവാദ കാരണം. പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്.