Articles
തണലൊരുക്കുന്ന ശിഖരങ്ങളാകാം
ഇപ്പോൾ പ്രവാചക കുടുംബത്തിലെ പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകുന്ന മഹത്തായൊരു ഭവന പദ്ധതിയാണ് സാക്ഷാത്കരിക്കാൻ പോകുന്നത്. മർകസ് 45ാം വാർഷികം ആഘോഷിക്കുമ്പോഴേക്കും 313 വീടുകൾ നിർമിച്ചുനൽകാൻ ഉദ്ദേശിക്കുന്നു.

ഭൂമിയിൽ സർവ ജീവജാലങ്ങളും താമസിച്ചു പോരുന്നത് അതിന്റേതായ ആവാസവ്യവസ്ഥയിൽ ഇഴുകിച്ചേർന്ന് കൊണ്ടാണ്. പ്രകൃതിയുടെ വിവിധ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി മൃഗങ്ങളും പക്ഷികളും ജീവിക്കുന്നു. എന്നാൽ, മറ്റെല്ലാ കാര്യങ്ങളിലെയും പോലെ വിശിഷ്ട സൃഷ്ടികളായ മനുഷ്യർക്ക് തണുപ്പും ചൂടും കാറ്റും മഴയും തുടങ്ങിയ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും അതിജയിച്ച് ഭയരഹിതരായി കുടുംബത്തോടൊപ്പം താമസിക്കാനും സമയം ചെലവിടാനും അവന്റെ പ്രത്യേകതയായ ബുദ്ധിയും അധ്വാനവും ഉപയോഗിച്ച് വീടുകൾ നിർമിക്കണം.
ഭൂമിയിൽ മനുഷ്യൻ താമസമാരംഭിക്കുന്നത് മുതൽ മനുഷ്യനോടൊപ്പം തന്നെ ഭവനങ്ങളുടെ ചരിത്രവും പരിണാമവും സംഭവിച്ചു വരുന്നു. പ്രാചീന കാലത്തെ മനുഷ്യർ ഗുഹകളും മാളങ്ങളും പർവതയിടുക്കുകളും ഉപയോഗിച്ചിരുന്നതായി ആദ്, സമൂദ് ഗോത്രങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്ന ഭാഗത്ത് ഖുർആൻ പറയുന്നുണ്ട്. പിന്നീട് പ്രകൃതിയിൽ നിന്ന് തന്നെ ലഭിക്കുന്ന മണ്ണും ചില്ലകളും പുല്ലുകളും ഉപയോഗിച്ച് വീടുകൾ നിർമിച്ച മനുഷ്യർ ഇന്ന് വിവിധ രൂപത്തിലും ഭാവത്തിലും വർണങ്ങളിലും വീടുകൾ നിർമിക്കുന്നു. ഒരു വേള ആഡംബരത്തിന്റെ മാർഗമായിട്ട് പോലും വീടുകളെ മനസ്സിലാക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. നിരവധി വിജ്ഞാന ശാഖകളും ഗവേഷണ വിഷയങ്ങളും വീടുകളെ ചുറ്റിപ്പറ്റി ഉടലെടുത്തിരിക്കുന്നു.
ഒരു ഭാഗത്ത് ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും തല ചായ്ക്കാൻ സ്വന്തമായൊരു വീട് എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടേത് കൂടിയാണ് ഈ ലോകം. പാമ്പുകളും പറവകളും ഭൂമിയും ആകാശവും വാസസ്ഥലങ്ങളാക്കുമ്പോൾ അനേകം ജനങ്ങൾ വഴിയോരത്തും പാലങ്ങൾക്കടിയിലും പായ വലിച്ചു കെട്ടിയും അന്തിയുറങ്ങാൻ ഇടമന്വേഷിച്ച് നടക്കുന്നു. ലോകത്ത് എവിടെയൊക്കെ മനുഷ്യരുണ്ടോ അവിടെയെല്ലാം ഈ പ്രതിസന്ധിയുണ്ടെന്നതാണ് വാസ്തവം.
വീടുള്ളവർ തന്നെ പ്രകൃതി ദുരന്തങ്ങളാലോ രാഷ്ട്രീയ, സാമുദായിക സംഘർഷങ്ങളാലോ മറ്റനേകം കാരണങ്ങളാലോ പൊടുന്നനെ ഭവനരഹിതരായി തീർന്ന് താത്കാലിക സംവിധാനങ്ങൾ തേടി കുടിയേറുന്നതും പലായനങ്ങളിൽ ഏർപ്പെടുന്നതും നാം നിരന്തരം കണ്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഭവനരഹിതർക്കുള്ള പാർപ്പിട പദ്ധതി ആഗോളാടിസ്ഥാനത്തിൽ തന്നെ സർവരും വളരെ പ്രാധാന്യത്തോടെ കാണുകയും നടപ്പാക്കുകയും ചെയ്തുവരുന്ന കാര്യമാണ്. വിവിധ രാജ്യങ്ങൾ ഭരണതലത്തിൽ തന്നെ ഇതിന് പദ്ധതികൾ ആവിഷ്‌കരിക്കുകയും എല്ലാവർക്കും വീട് ഉറപ്പുവരുത്താൻ വേണ്ടി നേതൃത്വം നൽകി വരികയും ചെയ്യുന്നുണ്ട്.
സ്വതന്ത്ര ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ സർവരാലും ഏറ്റെടുക്കുകയും ലോകത്തിന് തന്നെ മാതൃകയാവുകയും ചെയ്ത പദ്ധതിയായിരുന്നു ലക്ഷം വീട് പദ്ധതി. അന്ന് ആദ്യ ഘട്ടം പൂർത്തിയാക്കിയ എറണാകുളം ജില്ലയിൽ പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി വരികയുണ്ടായി.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒരുമിച്ച് നിന്ന് അനേകായിരം കുടുംബങ്ങൾക്ക് തണലൊരുക്കിയ ലക്ഷം വീട് പദ്ധതി മുതൽ നാളിതുവരെ ഇന്ത്യയിൽ തന്നെ എത്രയധികം വീടുകളാണ് സൗജന്യമായി നിർമിച്ച് നൽകിയിട്ടുള്ളത്. ഇപ്പോഴും കേരള സർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതി മുഖേന ലക്ഷക്കണക്കിന് മനുഷ്യർക്ക് സ്വന്തം വീടെന്ന സ്വപ്ന സാക്ഷാത്കാരം ദിനേന സാധ്യമായി കൊണ്ടിരിക്കുന്നു. എന്നിട്ടും വീണ്ടും വീണ്ടും പിഞ്ചു കുഞ്ഞുങ്ങളും വയോ വൃദ്ധരും സ്ത്രീകളും യുവാക്കളും എല്ലാവരും അടങ്ങുന്ന എത്രയോ കുടുംബങ്ങൾ തല ചായ്ക്കാൻ ഇടമില്ലാതെ കഷ്ടപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ കാഴ്ച മാറ്റമില്ലാതെ തുടരുകയാണ്. 2011 സെൻസസ് പ്രകാരം 17.72 ലക്ഷം ആളുകൾ ഇന്ത്യയിൽ ഭവനരഹിതരാണ്.
സർക്കാറുകൾ മാത്രമല്ല, അതിലേറെ ഒട്ടനവധി സർക്കാറിതര സംഘടനകൾ ഈ ദൗത്യം ഏറ്റെടുത്ത് നടത്തുന്നുണ്ട്. നിരവധി സന്നദ്ധ സംഘടനകൾ ജാതി മത ഭേദമന്യേ ഒട്ടനവധി പേർക്ക് സ്ഥലമേറ്റെടുത്ത് വീട് നിർമിച്ച് നൽകുന്നു. വിവിധ സ്ഥാപനങ്ങളുടെ വിദ്യാർഥി കൂട്ടായ്മകളുടെ കീഴിലും പദ്ധതികൾ നടന്നുവരുന്നു.
കേരളത്തിൽ, ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി അപേക്ഷിച്ചവരുടെ എണ്ണം 9,20,260 ന് മുകളിലാണ്. ഇതിൽ അഞ്ച് ലക്ഷത്തിനടുത്ത് ആളുകളിൽ നിന്ന് മാത്രമേ അപേക്ഷ സ്വീകരിക്കാൻ സാധിച്ചിട്ടുള്ളൂ. ഈ വലിയ ഗ്യാപ്പിനെ പൂർത്തിയാക്കാൻ മുഴുവൻ ജനങ്ങളും മുന്നിട്ടിറങ്ങിയാലേ സാധിക്കുകയുള്ളൂ.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരള മുസ്്ലിം ജമാഅത്തിന്റെ നേതൃത്വത്തിലായി നടക്കുന്ന ദാറുൽ ഖൈർ പദ്ധതിയിലൂടെ ഒട്ടനേകം കുടുംബങ്ങൾക്ക് സ്വന്തം ഭവനമെന്ന സ്വപ്നം പൂവണിഞ്ഞിട്ടുണ്ട്. യൂനിറ്റ്തലങ്ങളിലും സംസ്ഥാന കമ്മിറ്റി നേരിട്ടും ദാറുൽ ഖൈറുകൾ നിർമിച്ചു കൊണ്ടിരിക്കുന്നു. 1,500ലധികം വീടുകൾ ഇതിനകം നിർമിച്ച് കഴിഞ്ഞു. എല്ലാത്തിനും പുറമേ മദ്‌റസാധ്യാപകരിൽ വീടില്ലാത്തവർക്ക് വേണ്ടി ജംഇയ്യത്തുൽ മുഅല്ലിമീൻ നടത്തുന്ന പദ്ധതി, മർകസ് നോളജ് സിറ്റിക്ക് പരിസരത്തുള്ള 40 ഗ്രാമങ്ങളിൽ നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പദ്ധതി പോലെയുള്ള അനവധി മുന്നേറ്റങ്ങൾ ഈ രംഗത്ത് നാം നടത്തി വരുന്ന അമൂല്യമായ ചില ചുവടുവെപ്പുകളാണ്. ജാമിഅ മർകസിന്റെ കീഴിൽ 16,937 ആളുകൾക്ക് ഇതിനകം താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇപ്പോൾ പ്രവാചക കുടുംബത്തിലെ പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകുന്ന മഹത്തായൊരു ഭവന പദ്ധതിയാണ് സാക്ഷാത്കരിക്കാൻ പോകുന്നത്. മദനീയം ഓൺലൈൻ വൈജ്ഞാനിക കൂട്ടായ്മയുടെ സഹകരണത്തോടെ കാന്തപുരം അബ്ദുല്ലത്വീഫ് സഖാഫിയുടെ നേതൃത്വത്തിലാണ് ഈ വികസന മുന്നേറ്റം നടക്കുന്നത്. ഓൺലൈൻ കൂട്ടായ്മകൾ സമൂഹത്തിന് ഗുണകരമായി ഉപയോഗപ്പെടുത്തുന്നത് എങ്ങനെയെന്നതിന് മികച്ച ഉദാഹരണമാണ് ഈ പദ്ധതി. പത്ത് ലക്ഷം രൂപ ചെലവിൽ, 650 സ്‌ക്വയർ ഫീറ്റിൽ 111 വീടുകൾ നിർമിച്ചുനൽകുകയാണ്.
മർകസ് 45ാം വാർഷികം ആഘോഷിക്കുമ്പോഴേക്കും 313 വീടുകൾ നിർമിച്ചുനൽകാൻ ഉദ്ദേശിക്കുന്നു. സമൂഹത്തിലെ പാവപ്പെട്ടവർക്ക് വേണ്ടി. കിടന്നുറങ്ങാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഒരു കൂര പോലും സ്വന്തമായില്ലാത്ത ആയിരങ്ങൾ ഇപ്പോഴും നമുക്കിടയിലുണ്ട്. അവർക്ക് വേണ്ടി പലവിധത്തിൽ നാം ചെയ്യുന്ന പ്രവർത്തനങ്ങൾ ഈ രാജ്യത്തിന്റെ തന്നെ വികസനത്തിന് മുതൽക്കൂട്ടാണ് എന്നതിൽ സന്ദേഹമൊന്നുമില്ല. അതിലേറെ ഇരുലോകത്തും പ്രതിഫലം ലഭിക്കുന്ന വലിയൊരു പുണ്യ പ്രവൃത്തി കൂടിയാണിത്.