Connect with us

Ongoing News

കലാ, സാഹിത്യ പ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങ്; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍

Published

|

Last Updated

കോഴിക്കോട് | സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍. ഇടതുപക്ഷ കലാ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് സര്‍ക്കുലറിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായി പ്രതികരിക്കുന്നത്. സെപ്തംബര്‍ ഒമ്പതിന് സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജുമോന്‍ ജോസഫ് ഇറക്കിയ സര്‍ക്കുലറില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരണ യോഗ്യമാണോ എന്നു വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അനുമതി ലഭിച്ച ശേഷം മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ എന്നും പറയുന്നു.

ഇപ്പോള്‍ ഇറങ്ങിയ സര്‍ക്കുലര്‍ പഴയ പെരുമാറ്റച്ചട്ടത്തിന്റെ ഓര്‍മപ്പെടുത്തലാണെന്നും കേരള സര്‍വീസ് റൂളില്‍ നിന്ന് ഇത്തരം കാലഹരണപ്പെട്ട പെരുമാറ്റച്ചട്ടങ്ങള്‍ പാടെ നീക്കം ചെയ്യുകയാണ് വേണ്ടതെന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കഥാകൃത്തുമായ അശോകന്‍ ചരുവില്‍ സിറാജ് ലൈവിനോടു പ്രതികരിച്ചു.
പുതിയ ഉത്തരവ് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പരിശോധിച്ച് സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുന്നുണ്ടെന്നും ഇതിനു കൃത്യമായ മാര്‍ഗ നിര്‍ദേശമില്ലാത്തതിനാല്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം ഉണ്ടാവുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിധേയമായി കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഏഴു നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്. ഇതില്‍ ആറാമത്തെ നിര്‍ദേശമാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. ‘സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം ആയതിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതും സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണ യോഗ്യമാണോ എന്നു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്’ എന്നാണ് നിര്‍ദേശം. ഏഴാമത്തെ നിര്‍ദേശമായി ‘അനുമതി ലഭിച്ചതിനു ശേഷം മാത്രമേ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ’ എന്നും പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പലരും അഭിനയ രംഗത്തേക്കും മറ്റും പോകുമ്പോഴാണ് ഇത്തരം അനുമതിക്കായി അപേക്ഷിക്കാറുള്ളത്. ആ അപേക്ഷകള്‍ക്കു മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കുന്നതിന്റെ മറവിലാണ് സാഹിത്യ രചനയേയും മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളേയും കൂച്ചുവിലങ്ങിടാന്‍ ഉതകുന്ന രൂപത്തിലുള്ള നിര്‍ദേശം ഉണ്ടാവുന്നത്.
പെരുമാറ്റ ചട്ടം നിലവിലുണ്ടെങ്കിലും സാഹിത്യ രചനക്കൊന്നും അനുമതി വാങ്ങുന്ന രീതി കേരളത്തില്‍ നിലനില്‍ക്കുന്നില്ലെന്നും തന്റെ രചനകളൊന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ആരെയും കാണിച്ച് അനുമതി വാങ്ങിയിട്ടില്ലെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. കേരള സര്‍വീസ് റൂളിലെ പഴഞ്ചന്‍ വ്യവസ്ഥകള്‍ ആകെ പരിഷ്‌കരിക്കുകയാണ് ഇത്തരം സര്‍ക്കുലറുകള്‍ തലപൊക്കാതിരിക്കാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest