Bahrain
ബിസിനസ് രംഗത്തെ പ്രമുഖന്‍ മിക്കി ജഗ്തിയാനി അന്തരിച്ചു
ദുബൈ ആസ്ഥാനമായുള്ള ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.

ദുബൈ | യു എ ഇയിലെയും ഗള്‍ഫിലെയും ബിസിനസ് രംഗത്തെ പ്രമുഖനായ മിക്കി ജഗ്തിയാനി അന്തരിച്ചു. 70 വയസ്സായിരുന്നു. ദുബൈ ആസ്ഥാനമായുള്ള ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. ഭാര്യ: രേണുക. മൂന്ന് കുട്ടികളുണ്ട്.
ഈ വര്‍ഷമാദ്യം, ഫോര്‍ബ്‌സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 5.2 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 511-ാം സ്ഥാനത്ത് എത്തിയിരുന്നു അദ്ദേഹം.
മാക്സ്, ബേബിഷോപ്പ്, സ്പ്ലാഷ്, ഹോംസെന്റര്‍, തുടങ്ങി വിപണി സ്വാധീനമുള്ള ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ്. 1973-ല്‍ ബഹ്‌റൈനില്‍ ഒരു സ്റ്റോര്‍ ആരംഭിച്ചു. തുടര്‍ന്ന് മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ ഏറ്റവും വലിയ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി കമ്പനികളിലൊന്നായി വളര്‍ന്നു. നിലവില്‍ ഗ്രൂപ്പിന് 21 രാജ്യങ്ങളിലായി 30 ദശലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 2,200 ഔട്ട്ലെറ്റുകള്‍ ഉണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് മിക്കി ജഗ്തിയാനി ദുബൈയിലേക്ക് താമസം മാറിയത്. ഏകദേശം 48,000 തൊഴിലാളികള്‍ ഗ്രൂപ്പിന്റെ ഭാഗമാണ്. മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒരാളെന്ന നിലയിലും മിക്കി ജഗ്തിയാനി ശ്രദ്ധേയനായിരുന്നു.