cop28
വിദ്യാർഥികൾക്കും അധ്യാപകർക്കും കാലാവസ്ഥാ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ച് ബുർജീൽ- ഓക്സ്ഫോർഡ് സർവകലാശാല സംരംഭം
വിജയികൾക്ക് ഓക്സ്ഫോർഡ് സർവകലാശാല സെയ്ദ് ബിസിനസ് സ്‌കൂളിൽ പ്രത്യേക പരിശീലനം

അബുദാബി | യു എ ഇയിൽ നടക്കുന്ന COP28 ആഗോള ഉച്ചകോടിക്ക് മുന്നോടിയായി ലോകമെമ്പാടുമുള്ള ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി പ്രത്യേക കാലാവസ്ഥാ വ്യതിയാന ചാലഞ്ച് പ്രഖ്യാപിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രശസ്തമായ സെയ്ദ് ബിസിനസ് സ്‌കൂളും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹെൽത്ത്കെയർ കമ്പനികളായിലൊന്നായ ബുർജീൽ ഹോൾഡിംഗ്സും സംയുക്തമായാണ് ചാലഞ്ച് സംഘടിപ്പിക്കുന്നത്.
‘ബുർജീൽ ഹോൾഡിംഗ്‌സ് ഓക്‌സ്‌ഫോർഡ് സെയ്ദ് കാലാവസ്ഥാ വ്യതിയാന ചലഞ്ച്’ മത്സരത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ലോകമെമ്പാടുമുള്ള ഹൈസ്‌കൂൾ വിദ്യാർഥികൾക്കിടയിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. ചാലഞ്ചിന്റെ ഭാഗമായി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാഠ്യപദ്ധതികൾ സമർപ്പിക്കാൻ അധ്യാപകർക്കും അവസരമുണ്ടാകും. ചാലഞ്ചിൽ വിജയിക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഈ വർഷം അവസാനം ദുബായിൽ നടക്കുന്ന COP28 ഉച്ചകോടിക്കിടെ പരിഹാര നിർദേശങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. അടുത്ത വർഷം ഓക്സ്ഫോർഡിൽ നടക്കുന്ന പ്രത്യേക കാലാവസ്ഥാ വ്യതിയാന പരിപാടിയിൽ പങ്കെടുക്കാനും വിജയികൾക്ക് അവസരം ലഭിക്കും.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പങ്കാളിത്തം ചർച്ച ചെയ്യാനായി ബുർജീൽ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ചു. മത്സരത്തിന്റെ കൂടുതൽ വിശാദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശി നേരിടുന്ന ഏറ്റവും സങ്കീർണമായ ഭീഷണിയാണെന്നും യുവ വിദ്യാർഥികൾ അതിന്റെ പ്രത്യാഘാതത്തിലാണെന്നും ഓക്‌സ്‌ഫോർഡ് സെയ്ദിലെ പീറ്റർ മൂർസ് ഡീൻ സൗമിത്ര ദത്ത പറഞ്ഞു. ഈ സാഹചര്യത്തിൽ ബുർജീൽ ഹോൾഡിംഗ്സുമായുള്ള പങ്കാളിത്തത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ പ്രതിസന്ധിയും മറ്റ് വെല്ലുവിളികളും നേരിടാൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെയും ലോകമെമ്പാടുമുള്ള സംരംഭക നേതാക്കളെയും സജ്ജരാക്കുന്ന ഓക്‌സ്‌ഫോർഡ് സെയ്‌ദിലെ ലോകപ്രശസ്ത സ്കോൾ സെന്റർ ഫോർ സോഷ്യൽ എന്റർപ്രണർഷിപ്പാണ് കാലാവസ്ഥാ വ്യതിയാന ചാലഞ്ച് പരിപാടിക്ക് പിന്തുണ നൽകുക. കാലാവസ്ഥാ വ്യതിയാന സംരംഭത്തിനായി ഓക്‌സ്‌ഫോർഡ് സെയ്‌ദുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. സമൂഹത്തിന്റെ ക്ഷേമവും പരിസ്ഥിതിയുടെ ആരോഗ്യവും ആഴത്തിൽ ഇഴചേർന്നിരിക്കുന്നുവെന്നാണ് ആരോഗ്യ സംരക്ഷണ ദാതാക്കളെന്ന നിലയിൽ ഞങ്ങളുടെ വിശ്വാസം. കാലാവസ്ഥാ പ്രതിസന്ധി നേരിടാൻ കൂട്ടായ ആഗോള പരിശ്രമം നിർണായകമാണ്. പുതു തലമുറയിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അതിന് പരിപോഷിപ്പിക്കുകയാണ് ചാലഞ്ചിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തെക്കുറിച്ച് വിശദമായി അറിയാൻ താൽപ്പര്യമുള്ളവർക്ക് competition@sbs.ox.ac.uk എന്ന ഇമെയിലിൽ ബന്ധപ്പെടാം.
---- facebook comment plugin here -----