Connect with us

Kerala

അടച്ചിട്ട വീട്ടില്‍ കവര്‍ച്ച; ഒരാഴ്ച്ചക്കുള്ളില്‍ മൂന്ന് മോഷ്ടാക്കളെയും പിടികൂടി പോലീസ്

അലമാരയില്‍ സൂക്ഷിച്ചിരുന്ന 12,000 രൂപയും അര പവന്‍ സ്വര്‍ണവും, എ.ടി.എം കാര്‍ഡും നഷ്ടപ്പെട്ടിരുന്നു. എ.ടി.എം കാര്‍ഡ് വഴി പുലര്‍ച്ചെ നാലിന് ശേഷം പതിനായിരും രൂപ വിതം നാല് തവണയായി 40,000 രൂപയും മോഷ്ടാവ് പിന്‍വലിച്ചിരുന്നു. രഹസ്യകോഡ് കാര്‍ഡിന്റെ കവറില്‍ എഴുതി വെച്ചതാണ് മോഷ്ടാവിന് സൗകര്യമായത്.

Published

|

Last Updated

തേഞ്ഞിപ്പലം | ഒലിപ്രം 15-ാം മൈലിനടുത്ത് അടച്ചിട്ട വീട്ടില്‍ നിന്ന് പണവും അര പവന്‍ സ്വര്‍ണവും കവര്‍ന്ന കേസില്‍ ഒരാഴ്ച്ചക്കുള്ളില്‍ മോഷ്ടാക്കള്‍ പിടിയില്‍. ചെട്ടിപ്പടി സ്വദേശി പടിഞ്ഞാറെ കുളപ്പുറം കിഷ്വാര്‍ (23), മൂന്നിയൂര്‍ സ്വദേശി ഫഹ്‌മിദ് റിനാന്‍ (19), തേഞ്ഞിപ്പലം ദേവതിയാല്‍ സ്വദേശി കൊളപ്പുള്ളി സുമോദ് (24) എന്നിവരാണ് അറസ്റ്റിലായത്.

ചേലേമ്പ്ര പഞ്ചായത്തില്‍ കുന്നത്ത് പുള്ളിച്ചി വീട്ടില്‍ അബ്ദുല്‍ ഹക്കീമിന്റെ വീട്ടില്‍ കഴിഞ്ഞ ശനിയാഴ്ച അര്‍ധ രാത്രിയില്‍ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. വീട്ടില്‍ നിന്നും പ്രതികള്‍ മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 40,000 രൂപ പിന്‍വലിച്ചിരുന്നു. വള്ളിക്കുന്ന് ആനങ്ങാടിയില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായെത്തിയ മോഷ്ടാക്കള്‍ ബൈക്ക് പിന്നീട് പരപ്പനങ്ങാടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ മോഷണ കേസില്‍ പ്രതികളായവരെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

ചോദ്യ ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പ്രതികളിലൊരാളായ കിഷോറിന്റെ കൈവശമുണ്ടായിരുന്ന 11,000 രൂപ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളുമായി മോഷണം നടത്തിയ വീട്ടിലും സ്വര്‍ണം വില്‍പ്പന നടത്തിയ കോഴിക്കോട്ടെ ജ്വല്ലറിയിലും പോലീസ് തെളിവെടുപ്പ് നടത്തി. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, എസ്.ഐമാരായ സംഗീത് പുനത്തില്‍, സി. ഷാഹുല്‍ ഹമീദ്, എ.എസ്.ഐ എന്‍. രമാഷ്, സി.പി.ഒമാരായ എം. മുഹമ്മദ് റഫീഖ്, പി.കെ വിജേഷ്, എം.ജി സജീഷ്, പി. രൂപേഷ്, പി.വി ദില്‍ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

പ്രതികളില്‍ കിഷ്വാറിന്റെ പേരില്‍ തേഞ്ഞിപ്പലം, ഫറോക്ക്, പരപ്പനങ്ങാടി കുന്നമംഗലം എന്നീ സ്റ്റേഷനുകളിലായി ഒന്‍പത് കേസ് നിലവിലുണ്ട്. സുമോദിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി മൂന്ന് കേസും, ഫഹ്‌മിദിന്റെ പേരില്‍ ചങ്ങരം കുളം സ്റ്റേഷനില്‍ ഒരു കേസും നിലവിലുള്ളതായി പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്.എച്ച്.ഒ എന്‍.ബി ഷൈജു പറഞ്ഞു.

മോഷണം നടന്ന വീടിന് സമീപത്ത് താമസിക്കുന്ന ബന്ധുവായ കുട്ടി ഞായറാഴ്ച രാവിലെ ഏഴോടെ വീടിന് സമീപത്ത് കൂടെ പോകുമ്പോള്‍ അടുക്കളവാതില്‍ തുറന്നിട്ടത് കണ്ട് പരിശോധിച്ചപ്പോള്‍ വാതിലിന്റെ ലോക്ക് തകര്‍ത്തിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12,000 രൂപയും അര പവന്‍ സ്വര്‍ണവും, എ.ടി.എം കാര്‍ഡും നഷ്ടപ്പെട്ടിരുന്നു. എ.ടി.എം കാര്‍ഡ് വഴി പുലര്‍ച്ചെ നാലിന് ശേഷം പതിനായിരും രൂപ വിതം നാല് തവണയായി 40,000 രൂപയും മോഷ്ടാവ് പിന്‍വലിച്ചിരുന്നു. രഹസ്യകോഡ് കാര്‍ഡിന്റെ കവറില്‍ എഴുതി വെച്ചതാണ് മോഷ്ടാവിന് സൗകര്യമായത്.

തേഞ്ഞിപ്പലം പൊലിസ് ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, എസ്.ഐമാരായ സംഗീത്, ഷാഹുല്‍ ഹമീദ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌കാഡ് എന്നിവര്‍ ഞായറാഴ്ച രാവിലെ തന്നെ സംഭവ സ്ഥലത്തെത്തി തെളിവ് ശേഖരിക്കുകയും പ്രതികള്‍ക്ക് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. തേഞ്ഞിപ്പലം പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തെ തുടര്‍ന്നാണ് ഒരാഴ്ചക്കുള്ളില്‍ പ്രതികളെ പിടികൂടുകയായിരുന്നു.

പ്രദേശത്ത് ഫിനോയില്‍ വില്‍ക്കാനെത്തിയ ആളാണ് വീട്ടില്‍ ആള്‍ താമസമില്ലെന്ന് മോഷ്ടാക്കള്‍ക്ക് വിവരം നല്‍കിയത്. തുടര്‍ന്ന് വിദഗ്ധമായി വീടിന്റെ പിന്‍വാതിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തുകയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റും മോഷ്ടിച്ച പണം ഉപയോഗിച്ചും പ്രതികള്‍ ആഡംബരജീവിതമാണ് നയിച്ചിരുന്നത്. പ്രതിദിനം നാലായിരം രൂപ വാടകയുള്ള ഹോട്ടല്‍ മുറികളില്‍ താമസിച്ച് ഉല്ലസിച്ചായിരുന്നു പ്രതികളുടെ മോഷണവും ജീവിതവുമെന്ന് പോലീസ് പറഞ്ഞു. കേസില്‍ തേഞ്ഞിപ്പലം പോലീസ് സജീവമായും ഇടപെട്ടെന്നും കാര്യക്ഷമമായ അന്വേഷണം നടത്തിയെന്നും പണവും സ്വര്‍ണവും നഷ്ടപ്പെട്ട വീട്ടുകാര്‍ പറഞ്ഞു.

 

Latest