International
പാകിസ്താനില്‍ സൈനികരുമായി പോയ ട്രെയിന്‍ ലക്ഷ്യമിട്ട് സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു
ന്യൂഡല്‍ഹി | പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താനില്‍ സൈനികരുമായി പോയ ട്രെയിന്‍ ലക്ഷ്യമിട്ട് റെയില്‍വേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ക്വറ്റയിലെ ചമന്‍ പട്ടക്കില്‍ ട്രെയിന്‍ സിഗ്‌നല്‍ മറികടക്കുമ്പോള്‍ സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ കാര്‍ ട്രെയിന്റെ ഒരു ബോഗിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതേത്തുടര്‍ന്ന് വന്‍ സ്‌ഫോടനമാണ് ഉണ്ടായത്.
പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പെഷവാറിലേക്ക് പോകുകയായിരുന്ന നിരവധി സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് ആക്രമണത്തിന് ഇരയായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ട്രെയിന്റെ രണ്ട് ബോഗികള്‍ മറിയുകയും അവയ്ക്ക് തീപിടിക്കുകയും ചെയ്തു.

പാളം തെറ്റിയ ബോഗിയില്‍ നിന്ന് പരുക്കേറ്റവരെ സ്‌ട്രെച്ചറുകളില്‍ ചുമന്നുകൊണ്ടുപോകുന്നതും, സായുധ സുരക്ഷാ സേന കാവല്‍ നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.റെയില്‍വേ ട്രാക്കില്‍ നിന്ന് 25 മുതല്‍ 30 മീറ്റര്‍ വരെ അകലെ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഇവയ്ക്ക് തൊട്ടടുത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്റെ ജനലുകള്‍ തകരുകയും ചുവരുകള്‍ ഇടിയുകയും ചെയ്തുെ
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. ഇതൊരു ചാവേര്‍ സ്‌ഫോടനമാണെന്നാണ് അവര്‍ നല്‍കുന്ന സൂചന.
സുരക്ഷാ സേന എപ്പോഴും നിലയുറപ്പിക്കുന്ന ഒരു പ്രദേശത്താണ് സംഭവം നടന്നത്.
തീവ്രവാദ ബാധിത പ്രവിശ്യയായ ബലൂചിസ്താന്റെ തലസ്ഥാനമാണ് ക്വറ്റ.
ഇറാനും അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്താന്‍, കൂടുതല്‍ സ്വയംഭരണാവകാശത്തിനും തങ്ങളുടെ പ്രകൃതിവിഭവങ്ങളില്‍ വലിയൊരു പങ്കിനും വേണ്ടി ബലൂച് വിഘടനവാദികള്‍ നയിക്കുന്ന പതിറ്റാണ്ടുകള്‍ നീണ്ട കലാപത്തെയാണ് നേരിടുന്നത്. കലത് എന്ന നാട്ടുരാജ്യം പാകിസ്താനുമായി കൂട്ടിച്ചേര്‍ത്തതിന് തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ ഭരണകൂടത്തിനെതിരെയുള്ള ബലൂച് പ്രതിരോധം ആരംഭിച്ചത്. ഇതിനെത്തുടര്‍ന്ന് നിരവധി കലാപങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്.







