Connect with us

articles

ബില്‍കീസിനില്ലേ കൊട്ടിഘോഷിക്കുന്ന ആ "സ്ത്രീസുരക്ഷ'?

ഇന്ത്യ 76ാം സ്വാതന്ത്ര്യദിനം ഗംഭീരമായി കൊണ്ടാടിയ വേളയില്‍ ഇന്ത്യക്കാര്‍ സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാചാലനായത് നാം കണ്ടു. അത്തരമൊരു വേദിയില്‍ അതിഥിയായി എത്തേണ്ടിയിരുന്നു ബാനു. രാജ്യത്തെ പരശ്ശതം സ്ത്രീ ജനങ്ങള്‍ക്ക് പ്രചോദനമാകാന്‍ അവര്‍ക്ക് കഴിയും. പക്ഷേ സംഭവിച്ചത് അതല്ലല്ലോ.

Published

|

Last Updated

അത്രമേല്‍ തീക്ഷ്ണാനുഭവങ്ങളുടെ ചൂളയും കടന്നുവന്ന സ്ത്രീ ജീവിതങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വമായിരിക്കും. മുസ്‌ലിംകളെ ലക്ഷ്യംവെച്ച് വര്‍ഗീയ ഭ്രാന്തന്മാര്‍ ഗുജറാത്തിന്റെ തെരുവുകളില്‍ ചുടല നൃത്തമാടിയ വംശഹത്യാവന്യതയിലാണ് ബില്‍കീസ് ബാനു നരാധമരുടെ കൈയില്‍ ഞെരിഞ്ഞമരുന്നത്. അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയാണ് തന്റെ കുടുംബത്തിലെ 14 പേര്‍ തനിക്ക് ചുറ്റും കൊല്ലപ്പെടുന്നത് ആ നിസ്സഹായ യുവതിക്ക് കാണേണ്ടി വന്നത്. അക്കൂട്ടത്തില്‍ മൂന്ന് വയസ്സുകാരിയായ തന്റെ പൊന്നോമനയുമുണ്ട്. ബില്‍കീസ് ബാനുവിനെയും അവര്‍ വെറുതെ വിട്ടില്ല. ഗര്‍ഭകാല അസ്വസ്ഥതകള്‍ക്കിടയിലും ബാനുവിനെ അവര്‍ കൂട്ടബലാത്സംഗം ചെയ്തു. ശരീരത്തിനും മനസ്സിനുമേറ്റ അഗാധ മുറിവുകളെയും മറികടന്ന് തീര്‍ന്നുപോയെന്ന് കരുതിയ ജീവിതത്തെ ആ യുവതി പിന്തുടര്‍ന്ന് പിടിച്ചു.

സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുജറാത്തില്‍ അസാമാന്യ മനക്കരുത്തിന്റെ ബലത്തില്‍ നീതിക്കായുള്ള പോരാട്ടത്തിനവര്‍ മുന്നോട്ടുവന്നു. അതിന്റെ ഫലശ്രുതിയിലാണ് 2008ല്‍ മുംബൈയിലെ സെഷന്‍സ് കോടതി കുറ്റക്കാരായ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. ബില്‍കീസ് ബാനു നീതിക്കായി കാഴ്ചവെച്ച പോരാട്ടവീര്യം അതുല്യമായിരുന്നു. ഇന്ത്യ 76ാം സ്വാതന്ത്ര്യദിനം ഗംഭീരമായി കൊണ്ടാടിയ വേളയില്‍ ഇന്ത്യക്കാര്‍ സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാചാലനായത് നാം കണ്ടു. അത്തരമൊരു വേദിയില്‍ അതിഥിയായി എത്തേണ്ടിയിരുന്നു ബാനു. രാജ്യത്തെ പരശ്ശതം സ്ത്രീ ജനങ്ങള്‍ക്ക് പ്രചോദനമാകാന്‍ അവര്‍ക്ക് കഴിയും. പക്ഷേ സംഭവിച്ചത് അതല്ലല്ലോ. പ്രധാന സേവകന്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തില്‍ നാരീശക്തിയെക്കുറിച്ച് വചന പ്രഘോഷണം നടത്തിയ അതേ നാള്‍ തന്നെയാണ് ബില്‍കീസ് ബാനു കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന 11 കുറ്റവാളികളെയും ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന്റെ തന്നെയും ആത്മാര്‍ഥത ഇതാണെങ്കില്‍ രാജ്യം എങ്ങനെയാണ് അത്തരമൊരു പ്രധാന സേവകനെ വിശ്വാസത്തിലെടുക്കുക.

ബില്‍കീസ് ബാനു കേസ് ആദ്യം അന്വേഷിച്ചത് ഗുജറാത്ത് പോലീസാണ്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കണ്ടപ്പോഴാണ് സുപ്രീം കോടതി സി ബി ഐയെ കേസ് ഏല്‍പ്പിക്കുന്നത്. കൂടാതെ വിചാരണ ഗുജറാത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റുകയും ചെയ്തു. ഒടുവില്‍ 2008ല്‍ മുംബൈയിലെ സി ബി ഐ സ്‌പെഷ്യല്‍ ജഡ്ജി കേസിലെ കുറ്റാരോപിതരില്‍ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബോംബെ ഹൈക്കോടതി പ്രസ്തുത വിധി ശരിവെക്കുകയും ചെയ്തു. എന്നാല്‍ ഭരണഘടനാപരമായി തന്നെ വകുപ്പുള്ള ശിക്ഷായിളവിന്റെ മറപറ്റിയാണ് കൊടുംകുറ്റവാളികളെ സ്വതന്ത്രരാക്കിയിരിക്കുന്നത്. ശിക്ഷായിളവിന്റെ തുടക്കം കുറ്റവാളികളുടെ കുറ്റബോധത്തില്‍ നിന്നാണ്. എന്നാല്‍ അതുപോലും പ്രകടിപ്പിക്കാതിരിക്കെ തോന്നിയ പടി അപരാധികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചത് സകല നീതി വിചാരങ്ങളെയും വെല്ലുവിളിക്കുന്ന നടപടിയാണ്. ഭരണകൂടവും അതിന്റെ താത്പര്യങ്ങളോടൊപ്പം നില്‍ക്കുന്ന നീതിപീഠത്തിലെ ചില ന്യായാധിപരും ചേര്‍ന്ന് നമ്മുടെ ഭരണഘടനയെ അപഹസിക്കുന്ന നടപടിയാണിവിടെ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് ബില്‍കീസ് ബാനു കേസിലെ കുറ്റവാളികളിലൊരാളുടെ ശിക്ഷായിളവ് അപേക്ഷ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് അനുവദിച്ചത്. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവരുടെ ബഞ്ചാണ് കുറ്റകൃത്യം നടന്നത് ഗുജറാത്തില്‍ വെച്ചായതിനാല്‍ ശിക്ഷായിളവ് അപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന വിധി പുറപ്പെടുവിച്ചത്. നേരത്തേ ശിക്ഷായിളവില്‍ തീരുമാനമെടുക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാറാണെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി ഹരജി തള്ളിയിരുന്നു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 432(7) വകുപ്പ് പ്രകാരം ശിക്ഷായിളവ് അപേക്ഷ പരിഗണിക്കാനുള്ള അധികാരം, കേസില്‍ വിചാരണ നടക്കുകയും ശിക്ഷാവിധി പ്രഖ്യാപിക്കുകയും ചെയ്തത് ഏത് സംസ്ഥാനത്താണോ അവിടുത്തെ ഭരണകൂടത്തിനാണ്. ഇക്കാര്യം നിരവധി സുപ്രീം കോടതി വിധികളില്‍ കാണാനും സാധിക്കും. സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പരിശോധിച്ച 2015ലെ ശ്രീഹരന്‍ കേസ് അതില്‍ പ്രധാനമാണ്. ശിക്ഷായിളവ് അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി 2015ലെ പ്രസ്തുത വിധിയുടെ അടിസ്ഥാനത്തിലാണ് അത്തരമൊരു തീരുമാനത്തിലെത്തിയത്.

2002ലെ വംശഹത്യാ കേസുകളിലെ അന്വേഷണവും വിചാരണയും നീതിപൂര്‍വമായി നടന്നില്ല ഗുജറാത്തില്‍. ഭരണകൂട പിന്തുണയോടെയായിരുന്നല്ലോ വംശഹത്യ അരങ്ങേറിയത്. ബില്‍കീസ് ബാനു കേസിലടക്കം ഗുജറാത്തിന് പുറത്ത് വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്ന സാഹചര്യവും അതാണ്. അങ്ങനെയിരിക്കെ നീതിക്ക് നിരക്കുന്ന വിധം വിചാരണ നടക്കില്ലെന്ന ബോധ്യത്തില്‍ പരമോന്നത നീതിപീഠം തന്നെ മഹാരാഷ്ട്രയിലേക്ക് മാറ്റിയ കേസിലെ ശിക്ഷായിളവില്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതും നീതിയാകില്ല. അത് പക്ഷപാതിത്വമാണ്.

ശിക്ഷായിളവ് നല്‍കുന്നതില്‍ കേസില്‍ വിചാരണ നടത്തിയ കോടതി ജഡ്ജിയുടെ അഭിപ്രായം തേടാമെന്ന് ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പ് 433(2)ല്‍ കാണാം. ഇവിടെ അഭിപ്രായം തേടിയിരിക്കണമെന്ന നിര്‍ബന്ധ ശാസനയാണുള്ളതെന്ന് ശ്രീഹരന്‍ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയതുമാണ്. എന്നാല്‍ ബില്‍കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷായിളവിന് ശിപാര്‍ശ ചെയ്ത ഗുജറാത്തിലെ ജയില്‍ അഡ്വൈസറി കമ്മിറ്റി വിചാരണാ കോടതി ജഡ്ജിയുടെ അഭിപ്രായം അവഗണിക്കുകയായിരുന്നത്രെ. ബോംബെ ഹൈക്കോടതിയിലെ മുന്‍ ന്യായാധിപന്‍ കൂടിയായ വിചാരണാ കോടതി ജഡ്ജി യു ഡി സാല്‍വി കുറ്റവാളികളെ ജയില്‍ മോചിതരാക്കിയ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്. ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പ് 435 പ്രകാരം സി ബി ഐ അന്വേഷണം നടത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാറുമായി കൂടിയാലോചന നടത്തണം. എന്നാല്‍ അവ്വിധമൊരു കൂടിയാലോചനയുടെ വിവരവും ലഭ്യമല്ല. നിയമ ശാസനകളെയെല്ലാം അവഗണിച്ചും നീതിബോധത്തിന് അവധി നല്‍കിയുമാണ് ബില്‍കീസ് ബാനു കേസിലെ കുറ്റവാളികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചത്.

കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് ലഭിക്കുന്ന വിധത്തിലുള്ള നയം നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നിലവിലില്ല. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് ഭരണകൂട തലത്തിലും അല്ലാതെയും പേര്‍ത്തും പേര്‍ത്തും ചര്‍ച്ചകള്‍ നടക്കുന്നു ഒരു ഭാഗത്ത്. ജനാധിപത്യത്തെ ഏകാധിപത്യമായി നാള്‍ക്കുനാള്‍ പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടം നീതിപീഠത്തിന്റെ ജീര്‍ണത വളമാക്കി സ്ത്രീ സമൂഹത്തെ തന്നെ നിന്ദിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗത്തെ കൂട്ടക്കശാപ്പ് ചെയ്ത ഗുജറാത്ത് വംശഹത്യയുടെ തുടര്‍ച്ച പോലെയുണ്ട് ജയില്‍ മോചിതരായ കുറ്റവാളികള്‍ക്ക് ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണം. തങ്ങള്‍ ചെയ്യുന്നത് ഒരധമ പ്രവൃത്തിയേ അല്ലെന്നും സ്വാഭിമാനം ചെയ്യേണ്ടതാണെന്നും മധുരം നല്‍കി സ്വീകരിക്കുന്നവര്‍ കരുതുമ്പോള്‍ സ്ത്രീ സുരക്ഷയൊന്നും സ്വപ്‌നം കാണേണ്ടതില്ല. എന്നാല്‍ നമ്മുടെ ജനാധിപത്യത്തിനും നിയമവാഴ്ചയിലുള്ള ജനവിശ്വാസത്തിനും അതേല്‍പ്പിക്കുന്ന ആഘാതം കടുത്തതായിരിക്കും. പുതിയ കീഴ് വഴക്കമനുസരിച്ച് കൂട്ടബലാത്സംഗ കേസുകളിലെ കുറ്റവാളികള്‍ നമ്മുടെ നീതിപീഠങ്ങള്‍ക്ക് മുമ്പില്‍ ഹരജികളുമായെത്തുമ്പോള്‍ എന്ത് തീര്‍പ്പുകളായിരിക്കും കോടതി മുറികളില്‍ നിന്നും അധികാര ഇടനാഴികളില്‍ നിന്നുമുണ്ടാകുക എന്നുകൂടെ ആലോചിക്കേണ്ടതുണ്ട്.