Connect with us

Kozhikode

കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

Published

|

Last Updated

കോഴിക്കോട് | രണ്ടു ദിവസങ്ങളിലായി കോഴിക്കോട് നഗരത്തില്‍ എക്സൈസിന്റെ വന്‍ മയക്കുമരുന്ന് വേട്ട. ശനി, ഞായര്‍ ദിവസങ്ങളിലായി എക്സ്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് നഗരത്തില്‍ മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. നഗരവും പരിസരവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയില്‍പെട്ട അഞ്ചു യുവാക്കളാണ് അറസ്റ്റിലായത്. പിടിച്ചെടുത്തത് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ന്യൂ ജന്‍ എന്നറിയപ്പെടുന്ന പുതുതലമുറ സിന്തെറ്റിക് ലഹരിമരുന്നുകളാണ്.

ഓപ്പറേഷന്‍ സിന്തറ്റിക് ഹണ്ട് എന്നപേരിലുള്ള ഈ നീക്കത്തിലൂടെ, ബാംഗ്ലൂരില്‍ നിന്നും ഗോവയില്‍ നിന്നും കൊറിയര്‍ മാര്‍ഗവും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിച്ച് ലഹരി എത്തിച്ച് കോഴിക്കോട് ടൗണ്‍ കേന്ദ്രീകരിച്ചു വില്‍പ്പന നടത്തുന്ന വലിയ ഒരു സംഘത്തെയാണ് പിടികൂടിയത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ ഈ ലഹരി സംഘത്തിന്റെ വലയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ചേവായൂരില്‍ നിന്ന് ഡ്യൂക്ക് ബൈക്കില്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ചു കടത്തിയ 55 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തില്‍ കുന്നമംഗലം എക്‌സൈസ് റെയ്ഞ്ചു സംഘവുമായി ചേര്‍ന്ന് കാരന്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 22 വയസ്സുള്ള എടപ്പുറത്തു സല്‍മാന്‍ ഫാരിസിനെ ലഹരി സ്റ്റാമ്പും എം ഡി എം എ യുമായി പിടികൂടി അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് കൊറിയര്‍ മാര്‍ഗം ലഹരി മരുന്ന് എത്തിച്ച് കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നവരെ കുറിച്ച് എക്‌സൈസ് ഇന്റലിജന്‍സ് ബ്യുറോയും എക്‌സൈസ് ഐ ടി സെല്ലും നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറൂഖ് എക്‌സൈസ് റെയ്ഞ്ച് സംഗവുമായി ചേര്‍ന്നു നടത്തിയ പരിശോധനയില്‍ കോഴിക്കോട് മാങ്കാവ് പീപിൾസ് ഏജന്‍സീസ് എന്ന സ്ഥാപന നടത്തിപ്പുകാരന്‍ 25 കാരനായ പണിക്കര വീട്ടില്‍ വി പി നിഹാലും ഇയാളുടെ കൂട്ടാളി 24 കാരന്‍ ബേപ്പൂര്‍ വട്ടപറമ്പ് തുമ്മളത്തറ അജയകുമാറും പിടിയിലായി.

സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ലക്ഷത്തിലധികം വിലവരുന്ന മാരക മയക്കുമരുന്നുകളായ 27ഗ്രാം എം ഡി എം എ, 18 ബോട്ടിലല്‍ ഹാഷിഷ് ഓയില്‍, എല്‍ എസ് ഡി സ്റ്റാമ്പുകള്‍ എന്നിവ പിടിച്ചെടുത്തു.

എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ മലപ്പുറം ഐ ബി ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, പ്രിവെന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ നിതിന്‍ ചോമാരി, ടി അഖില്‍ ദാസ്  എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.
തൃശൂര്‍ ഐ ബി ഇന്‍സ്‌പെക്ടര്‍ എസ് മനോജ് കുമാര്‍, ഐ ടി സെല്‍ പ്രിവെന്റിവ് ഓഫീസര്‍ ഷിബു ശങ്കര്‍ എന്നിവരാണ് സൈബര്‍ വിവരശേഖരണം നടത്തിയത്.

Latest