Connect with us

Kerala

ഭാരത് ജോഡോ യാത്ര ഏറ്റവും കൂടുതൽ ദിവസം കേരളത്തിൽ; ലക്ഷ്യം ലോക്സഭ സീറ്റുകൾ നിലനിർത്തൽ

19 ദിവസമാണ് യാത്ര കേരളത്തിൽ ചെലവഴിക്കുന്നത്. സംസ്ഥാനത്ത് യു ഡി എഫിന്റെ കൈവശമുള്ള 19 ലോകസഭാ സീറ്റുകള്‍ വരുന്ന തിരഞ്ഞെടുപ്പിലും സംരക്ഷിച്ചു നിര്‍ത്തുക എന്ന കടുത്ത വെല്ലുവിളി മുന്നിൽ കണ്ടാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Published

|

Last Updated

കോഴിക്കോട് | 2024 ല്‍ നടക്കാനിരിക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനുള്ള കാഹളമായി രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോയാത്ര ഏറ്റവും കൂടുതൽ ദിവസം പര്യടനം നടത്തുന്നത് കേരളത്തില്‍. 19 ദിവസമാണ് യാത്ര കേരളത്തിൽ ചെലവഴിക്കുന്നത്. സംസ്ഥാനത്ത് യു ഡി എഫിന്റെ കൈവശമുള്ള 19 ലോകസഭാ സീറ്റുകള്‍ വരുന്ന തിരഞ്ഞെടുപ്പിലും സംരക്ഷിച്ചു നിര്‍ത്തുക എന്ന കടുത്ത വെല്ലുവിളി മുന്നിൽ കണ്ടാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കേരളത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ നടക്കുന്ന വിവിധ സമരങ്ങളുടെ നേതാക്കളുമായി ആശയ വിനിമയം നടത്തിയും പ്രമുഖരുമായി സംഭാഷണങ്ങൾ നടത്തിയും യാത്ര കേരളത്തിൽ സജീവമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരാന്‍ ഇടയാക്കിയ സാഹചര്യങ്ങള്‍ ഇത്തവണയില്ലെന്നാണു പാര്‍ട്ടി വിലയിരുത്തുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജനവിധി തേടാന്‍ എത്തിയത് കഴിഞ്ഞ തവണ കേരളത്തില്‍ യു ഡി എഫ് തരംഗം ആഞ്ഞടിക്കാന്‍ വഴിയൊരുക്കിയിരുന്നു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന വിശ്വാസം മതേതര വോട്ടുകള്‍ കോണ്‍ഗ്രസ്സിനനുകൂലമായി ഏകീകരിക്കാന്‍ വഴിയൊരുക്കി. എന്നാല്‍ ഇത്തവണ ആ അന്തരീക്ഷം ആവര്‍ത്തിക്കാന്‍ കഴിയുമെന്നു കോണ്‍ഗ്രസ് കരുതുന്നില്ല.

ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ ഐക്യം രൂപപ്പെട്ടുവരുന്നതില്‍ ഇടതുപക്ഷം വഹിക്കുന്ന പങ്ക് വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കേരളത്തില്‍ ഇടത് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചാല്‍ നിലവിലെ സീറ്റുകള്‍ കൈവിട്ടുപോകുമെന്നു കോണ്‍ഗ്രസ് ഭയപ്പെടുന്നു.

ദേശീയ തലത്തില്‍ ബിജെപിക്കൊപ്പം ഭരണം പങ്കിട്ട പ്രാദേശിക പാര്‍ടികള്‍ വലിയ തോതില്‍ ബി ജെ പി വിരുദ്ധപക്ഷത്തേക്കു നീങ്ങുകയാണ്. ഇടതുപക്ഷം, എന്‍സിപി തുടങ്ങിയവയുമായി ബി ജെ പി ഇതര സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ ആശയവിനിമയം നടത്തുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗതാല തുടങ്ങി മതേതര കക്ഷി നേതാക്കളെ ഒരു പ്ലാറ്റ് ഫോമില്‍ എത്തിക്കുന്നതില്‍ സി പി എം സുപ്രധാന പങ്കുവഹിക്കുന്നു. ഈ നീക്കങ്ങളെല്ലാം കേരളത്തില്‍ ഇടതിനു അനുകൂലമായ സാഹചര്യം സൃഷ്ടിച്ചേക്കാം എന്നാണ് വിലയിരുത്തല്‍.

അതിനാല്‍ രാഹുല്‍ പ്രഭാവം പരമാവധി കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പല്ല യാത്രയുടെ ലക്ഷ്യമെന്നും പാര്‍ട്ടി അണികള്‍ക്കിടയില്‍ നഷ്ടമായ ആത്മവിശ്വാസവും പ്രതിഛായയും ദേശീയ തലത്തില്‍ വീണ്ടെടുക്കുകയാണു ലക്ഷ്യമെന്നും നേതാക്കള്‍ പറയുന്നുണ്ട്. ദേശീയ തലത്തില്‍ ആദ്യമായി ഇത്തരത്തിലൊരു പദയാത്ര നടത്തുന്നതു ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ശ്രമമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

കന്യാകുമാരിയില്‍ നിന്ന് തുടങ്ങി കശ്മീരില്‍ അവസാനിക്കുന്ന യാത്ര ഈ മാസം 29 വരെ ആകെ 19 ദിവസമാണ് കേരളത്തില്‍ ചെലവഴിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ വഴികള്‍ വിചിത്രമാണെന്ന ആരോപണവുമായി സി പി എം രംഗത്തുവന്നിരുന്നു. കേരളത്തില്‍ 19 ദിവസവും ബിജെ പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ രണ്ടുദിവസവും മാത്രം ചെലവിടുന്ന യാത്രയെ പരിഹസിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ വന്‍തോതില്‍ ഉയരുന്നുമുണ്ട്. ആര്‍ എസ് എസിനും ബി ജെ പിക്കും എതിരായ പോരാട്ടം ലക്ഷ്യമിടുന്ന യാത്ര കൂടുതലും കടന്നുപോകുന്നത് ബി ജെ പി ഇതര സംസ്ഥാനങ്ങളിലൂടെയാണെന്നും ഗുജറാത്തില്‍ യാത്ര എത്തുന്നില്ലെന്നും സി പി എം വിമര്‍ശം ഉയര്‍ത്തി.

കേരളത്തില്‍ കൂടുതല്‍ ദിവസം ചെലവിടുന്നത് മറ്റു കാരണങ്ങള്‍ കൊണ്ടാണെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. കേരളം വെര്‍ട്ടിക്കലായ സംസ്ഥാനമാണെന്നും കാല്‍നട യാത്രയായതിനാല്‍ നടക്കാന്‍ എളുപ്പമുള്ള സംസ്ഥാനങ്ങള്‍ നോക്കി തെരഞ്ഞെടുത്തതാണെന്നുമാണു വിശദീകരണം. യു.പി ഹൊറിസോണ്ടലായ സംസ്ഥാനമായതിനാല്‍ അവിടെ അധികം ദിവസം നടക്കാനാവില്ലെന്നുമാണു വിശദീകരണം. രാഹുല്‍ നടക്കുന്ന റൂട്ടില്‍ കാറില്‍ സഞ്ചരിക്കുന്ന ജനങ്ങള്‍ അസ്വസ്ഥമാക്കണ്ട എന്ന് കരുതിയാണ് പദയാത്രക്കുള്ള റൂട്ട് തെരഞ്ഞെടുത്തത് എന്നും നേതാക്കള്‍ വിശദീകരിക്കുന്നു.

ബി ജെ പിക്കെതിരായ പോരാട്ടത്തെക്കാള്‍ കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളെ കൂടുതല്‍ ഒന്നിപ്പിച്ച് നിര്‍ത്തുകയെന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്നു നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം സമ്മാനിച്ച സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. ഇവിടെ 52ല്‍ 23 സീറ്റ് നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്ന് പോവുന്നത്.
3,500 കിലോമീറ്ററുള്ള യാത്ര പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ കാല്‍നടയാത്രയാണെന്നു പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയമായി ഇന്ത്യയെ ഇളക്കി മറിച്ച അദ്വാനിയുടെ രഥയാത്രപോലെ ഈ യാത്ര ഇന്ത്യന്‍ ജനതയില്‍ സൃഷ്ടിക്കുന്ന പ്രതിഫലനം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ധിച്ച് വരുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് ജനങ്ങളില്‍ എത്തിക്കുക എന്നു യാത്രയുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബി ജെ പിയുടെ സ്വാധീനമേഖലിയല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വിനിയോഗിക്കാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമില്ല.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest