Connect with us

Ongoing News

ബഷീറിന്റെ ഘാതകനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച നടപടി; ഈ ധാര്‍ഷ്ട്യത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഐ സി എഫ്

സംസ്ഥാനത്ത് ശ്രീറാമിനെ പോലുള്ള കൊടും ക്രിമിനലിനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ പദവി നല്‍കി നിയമിച്ച ഭരണകൂടം, സര്‍ക്കാരില്‍ നിന്നും നീതി കാത്തുനില്‍ക്കുന്ന ബഷീറിന്റെ കുടുംബത്തോട് മാത്രമല്ല കേരള ജനതയോട് കൂടിയാണ് അക്രമം കാണിച്ചിരിക്കുന്നത്.

Published

|

Last Updated

റിയാദ് | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റി. കേരള ജനത ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ശ്രീറാം വെങ്കിട്ടരാമനെന്ന കൊടും ക്രിമിനലിനെ ആലപ്പുഴ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി അത്യന്തം ഹീനമാണ്. ബഷീറിന്റെ കൊലപാതകം മാത്രമല്ല, തന്റെ സിവില്‍ പദവി ദുരുപയോഗം ചെയ്ത് തെളിവുകള്‍ നശിപ്പിക്കുക കൂടി ചെയ്തയാളാണ് ശ്രീറാം വെങ്കിട്ടരാമന്‍. നീതിക്കും നിയമ വ്യവസ്ഥകള്‍ക്കും ഏറെ പ്രാധാന്യം നല്‍കുകയും അവ നടപ്പാക്കുന്നതില്‍ കണിശത പാലിക്കുകയും ചെയ്തു പോന്നിരുന്ന ഒരു സംസ്ഥാനത്ത് ശ്രീറാമിനെ പോലുള്ള കൊടും ക്രിമിനലിനെ ജില്ലാ മജിസ്‌ട്രേറ്റിന്റെ പദവി നല്‍കി നിയമിച്ച ഭരണകൂടം, സര്‍ക്കാരില്‍ നിന്നും നീതി കാത്തുനില്‍ക്കുന്ന ബഷീറിന്റെ കുടുംബത്തോട് മാത്രമല്ല കേരള ജനതയോട് കൂടിയാണ് അക്രമം കാണിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയും സര്‍ക്കാരും ബഷീറിന്റെ കുടുംബത്തിനും കേരള സമൂഹത്തിനും നല്‍കിയ എല്ലാ ഉറപ്പുകളും ലംഘിച്ച് പ്രതിക്ക് വേണ്ട സംരക്ഷണവും സൗകര്യവും ചെയ്തു കൊടുക്കുകയാണ്.
നീതിയുടെ സംരക്ഷണത്തിന് വേണ്ടി ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിച്ച സര്‍ക്കാര്‍ ജനവികാരം മാനിച്ചും നിയമവ്യവസ്ഥയുടെ സംരക്ഷണത്തിനുമായു ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം റദ്ദ് ചെയ്യണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

സയ്യിദ് ഹബീബ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുറഷീദ് സഖാഫി മുക്കം, അബ്ദുറഹ്‌മാന്‍ മളാഹിരി, ബഷീര്‍ ഉള്ളണം, സിറാജ് കുറ്റ്യാടി, സലിം പാലച്ചിറ, സുബൈര്‍ സഖാഫി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, അബുസ്വാലിഹ് മുസ്ലിയാര്‍, സൈനുദ്ദീന്‍ മുസ്ലിയാര്‍ വാഴവറ്റ, ഉമര്‍ പന്നിയൂര്‍ സംബന്ധിച്ചു. നിസാര്‍ എസ് കാട്ടില്‍ സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.

 

Latest