Connect with us

Ongoing News

ആവേശപ്പോരില്‍ ബെംഗളൂരു; ഒഡീഷയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്

Published

|

Last Updated

ബംബോലിം | ആദ്യന്തം ആവേശം കത്തിനിന്ന പോരാട്ടത്തില്‍ ഒഡീഷ എഫ് സിക്കെതിരെ ജയം നേടി ബെംഗളൂരു എഫ് സി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് വിജയം. ഇതോടെ ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി. ഡാനിഷ് ഫാറൂഖ് ഭട്ട്, ക്ലെയ്റ്റണ്‍ സില്‍വ എന്നിവര്‍ ബെംഗളൂരുവിന് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ നന്ദകുമാറിന്റെ വകയായിരുന്നു ഒഡീഷയുടെ ഗോള്‍. മത്സരം തുടങ്ങി എട്ടാം മിനുട്ടില്‍ തന്നെ ഒഡീഷ ലീഡെടുത്തു. ബെംഗളൂരു ബോക്സിന്റെ മധ്യഭാഗത്തു നിന്നുള്ള നന്ദകുമാറിന്റെ വലംകാലന്‍ ഷോട്ട് പോസ്റ്റിന്റെ മധ്യത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. എന്നാല്‍, 31 ാം മിനുട്ടില്‍ ബെംഗളൂരു തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കില്‍ നിന്ന് പിടിച്ചെടുത്ത് റോഷന്‍ സിംഗ് നല്‍കിയ ക്രോസില്‍ തലവച്ചാണ് ഡാനിഷ് ബട്ട് സമനില ഗോള്‍ നേടിയത്. ബോക്സിന്റെ ഇടത് ഭാഗത്ത് നിന്നുള്ള ഡാനിഷിന്റെ ഹെഡ്ഢര്‍ ഗോളിന്റെ ഇടതു ഭാഗത്ത് പതിക്കുകയായിരുന്നു. സമനിലയിലാണ് ആദ്യ പകുതി അവസാനിച്ചത്.

രണ്ടാം പകുതിയുടെ നാലാം മിനുട്ടില്‍ തന്നെ ബെംഗളൂരു മുന്നിലെത്തി. പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ഗോള്‍. ലാല്‍റുവാത്താര ഉദാന്ത സിംഗിനെ പെനാള്‍ട്ടി ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച കിക്ക് ക്ലെയ്റ്റണ്‍ സില്‍വ ലക്ഷ്യത്തിലെത്തിച്ചു. വലതുകാല് കൊണ്ടെടുത്ത കിക്ക് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് കയറി. പിന്നീട് സമനില ഗോളിനായി ഒഡീഷ കഠിനാധ്വാനം ചെയ്തെങ്കിലും ഫിനിഷിംഗിലെ പിഴവുകള്‍ തിരിച്ചടിയായി. അതേസമയം, ലീഡെടുത്തതിന് ശേഷം ബെംഗളൂരുവിനും തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ജയത്തോടെ 18 കളികളില്‍ നിന്ന് 26 പോയിന്റുമായി ബെംഗളൂരു എഫ് സി അഞ്ചാം സ്ഥാനത്തേക്ക് കയറി. എന്നാല്‍, 18 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റ് മാത്രമുള്ള ഒഡീഷയുടെ പ്ലേ ഓഫ് സാധ്യതകള്‍ ബെംഗളൂരുവിനോടുള്ള പരാജയത്തോടെ മങ്ങിയിരിക്കുകയാണ്.

 

 

Latest