Connect with us

Ongoing News

രണ്ട് ഗോളില്‍ ബഗാന്‍ സെമിയിലേക്ക്; ബെംഗളൂരു പുറത്ത്

Published

|

Last Updated

ബംബോലിം | ഇരു പകുതികളിലായി നേടിയ രണ്ട് ഗോളുകള്‍ക്ക് ബെംഗളൂരു എഫ് സിക്കെതിരെ വിജയം കൊയ്ത് എ ടി കെ മോഹന്‍ ബഗാന്‍. ലിസ്റ്റണ്‍ കൊളാഷോ, മന്‍വീര്‍ സിങ് എന്നിവരാണ് സ്‌കോറര്‍മാര്‍. ഒരു ഗോളിന് പിന്നില്‍ നില്‍ക്കെ തിരിച്ചടിക്കാന്‍ ബെംഗളൂരു കിണഞ്ഞു പരിശ്രമം നടത്തുന്നതിനിടെയാണ് ബഗാന്റെ രണ്ടാം ഗോള്‍ വന്നത്.

ആദ്യ പകുതിയുടെ ഇന്‍ജ്വറി ടൈമിന്റെ രണ്ടാം മിനുട്ടിലായിരുന്നു ലിസ്റ്റണ്‍ കൊളാസോ ബഗാന്റെ ആദ്യ ഗോള്‍ കണ്ടെത്തിയത്. ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍. ബെംഗളൂരു പ്രതിരോധ നിരയിലെ രണ്ട് പേര്‍ക്കിടയിലൂടെ കടക്കാന്‍ ശ്രമിച്ച ലിസ്റ്റണിനെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിനാണ് ഫ്രീ കിക്ക് ലഭിച്ചത്. ലിസ്റ്റണ്‍ തന്നെയാണ് കിക്കെടുത്തത്. 24.5 മീറ്റര്‍ അകലെ നിന്നുള്ള താരത്തിന്റെ ശക്തമായ അടി പോസ്റ്റിന്റെ വലതു മൂലയിലേക്ക് ചീറിപ്പാഞ്ഞപ്പോള്‍ ബെംഗളൂരു ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

85 ാം മിനുട്ടിലായിരുന്നു മന്‍വീര്‍ സിങിന്റെ ഗോള്‍. പ്രതിരോധ നിരയിലെ പിഴവില്‍ നിന്ന് ലഭിച്ച പന്ത് ഒരു കലക്കന്‍ ഗ്രൗണ്ട് ഷോട്ടിലൂടെ മന്‍വീര്‍ വലയിലെത്തിക്കുകയായിരുന്നു. ഇതാദ്യമായാണ് മന്‍വീര്‍ സിങ് ബോക്‌സിനു വെളിയില്‍ നിന്ന് ഗോള്‍ നേടുന്നത്. ഇതുവരെ നേടിയ ഗോളുകളെല്ലാം ബോക്‌സിനകത്തു നിന്നായിരുന്നു. ബഗാന്റെ സന്ദേശ് ജിങ്കനാണ് ഹീറോ ഓഫ് ദ മാച്ച്. ഇരു ടീമുകളും പല തുറന്ന അവസരങ്ങളും തുലച്ച മത്സരം കൂടിയായിരുന്നു ഇത്.

ഇന്നത്തെ ജയത്തോടെ മോഹന്‍ ബഗാന്‍ സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. 18 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് ബഗാന്‍. അതേസമയം, മുന്‍ ചാമ്പ്യന്മാരും മൂന്നു വട്ടം ഫൈനലില്‍ കളിച്ചവരുമായ ബെംഗളൂരു ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. 19 മത്സരം കളിച്ചു കഴിഞ്ഞ ബെംഗളൂരുവിന് 26 പോയിന്റുകള്‍ മാത്രമാണുള്ളത്.