Connect with us

2000 rupee note

രണ്ടായിരം നോട്ടിന്റെ ദുർഗതി

വളരെ ആലോചനാ പൂർവം വിശദമായ ചർച്ചകൾക്ക് ശേഷം നടപ്പാക്കേണ്ടതാണ് നോട്ട് നിരോധവും 2,000 പോലുള്ള മൂല്യമേറിയ നോട്ടിറക്കലും. ഇത്തരം വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കുന്നത് ഉചിതമല്ല. ആദ്യം നടപ്പാക്കുക, പിന്നീട് ചിന്തിക്കുക എന്ന തരത്തിലാകരുത് കാര്യങ്ങൾ.

Published

|

Last Updated

2016 നവംബർ എട്ടിലെ നോട്ട് നിരോധത്തെ തുടർന്ന് അനുഭവിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും ജനങ്ങൾ ഒരിക്കൽ കൂടി അയവിറക്കിയിട്ടുണ്ടായിരിക്കണം 2,000 നോട്ട് പിൻവലിച്ച വാർത്ത പുറത്തുവന്നപ്പോൾ. ആറ് വർഷം മാത്രം പഴക്കമുള്ള 2,000 നോട്ട് പിൻവലിച്ചതായി വെള്ളിയാഴ്ച റിസർവ് ബേങ്കാണ് അറിയിച്ചത്. 2,000ത്തിന്റെ നോട്ടുകൾ അച്ചടിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ച സാഹചര്യത്തിലും ഇടപാടുകൾക്ക് സാധാരണ ഗതിയിൽ ഈ നോട്ടുകൾ ഉപയോഗിക്കുന്നത് കുറവാണെന്ന് ബോധ്യമായതിനാലുമാണ് പിൻവലിക്കുന്നതെന്നാണ് ആർ ബി ഐയുടെ അറിയിപ്പിൽ പറയുന്നത്. പൊതുജനങ്ങളുടെ കൈവശമുള്ള 2000ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാൻ സെപ്തംബർ 30 വരെ സമയം നൽകിയിട്ടുണ്ട്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയുണ്ടായ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനാണ് രണ്ടായിരം രൂപയുടെ നോട്ടുകൾ അച്ചടിച്ചത.് കള്ളനോട്ടും കള്ളപ്പണവും നികുതി വെട്ടിപ്പും തടയുക, ഇതുവഴി തീവ്രവാദ പ്രവർത്തകരുടെ സാമ്പത്തിക സ്രോതസ്സ് അടക്കുക തുടങ്ങിയവയായിരുന്നു നോട്ട് നിരോധത്തിന് പ്രധാന കാരണമായി പറഞ്ഞിരുന്നത്. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 2,000ത്തിന്റെ നോട്ട് അച്ചടിച്ചതെന്നും ഇതിൽ ജി പി എസ് ചിപ്പുകൾ ഘടിപ്പിച്ചതിനാൽ കളളനോട്ടുകാർക്ക് അനുകരിക്കാൻ സാധിക്കയില്ലെന്നും ബന്ധപ്പെട്ടവർ അവകാശവാദമുന്നയിച്ചു.

ആജ്തക്, എ പി ബി, ഡി എൻ എ, സീന്യൂസ് തുടങ്ങിയ “ദേശീയ’ മാധ്യമങ്ങളിൽ ഈ നോട്ടിന്റെ സവിശേഷതകൾ വിവരിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടികൾ തന്നെ അവതരിപ്പിച്ചിരുന്നു. കറൻസിയിൽ ഉപയോഗിച്ച ജി പി എസ് സംവിധാനം വഴി ആദായ നികുതി വകുപ്പിന് വിവരങ്ങൾ കൃത്യമായി അറിയാനാകുമെന്നതിനാൽ കള്ളപ്പണക്കാർക്ക് ഇനി രക്ഷയില്ലെന്നായിരുന്നു അവകാശവാദം.

എന്നാൽ, 2,000ത്തിന്റെ നോട്ട് ഇറങ്ങി മാസങ്ങൾക്കകം തന്നെ ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ ഇറങ്ങിത്തുടങ്ങി. എൻ സി ആർ ബിയുടെ കണക്കനുസരിച്ച് 2016ൽ 2,272 വ്യാജനോട്ടുകൾ പിടികൂടിയപ്പോൾ 2017ൽ ഇത് 74,898 ആയി ഉയർന്നു. 2019ൽ 90,566 ഉം 2020ൽ 2,44,834 ഉം ആയി വർധിച്ചു. നികുതി വെട്ടിപ്പിനും അറുതിയായില്ല. അതിപ്പോഴും തുടരുന്നു. രാജ്യത്ത് അടുത്ത കാലത്തായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും നടത്തിയ റെയ്ഡുകളിലെല്ലാം കണ്ടെടുത്തത് 2,000 രൂപയുടെ നോട്ടുകളായിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ വരവ് ഇപ്പോഴും സജീവമാണ്. കള്ളപ്പണത്തിനും കുറവില്ല.
കറൻസി രൂപത്തിലുള്ള കള്ളപ്പണം അഞ്ച് ശതമാനം മാത്രമാണെന്നും ബാക്കിയുള്ളവ റിയൽ എസ്റ്റേറ്റ് നിക്ഷേപം, സ്വർണം തുടങ്ങി മറ്റ് ആസ്തികളിലാണെന്നും നോട്ട് നിരോധ സമയത്ത് വിദഗ്ധർ ചൂണ്ടിക്കാട്ടിയതാണ്. ജനങ്ങളെ ഡിജിറ്റൽ ഇടപാടിലേക്ക് ആകൃഷ്ടരാക്കി കറൻസി ഉപയോഗം കുറക്കുകയാണ് മറ്റൊരു ലക്ഷ്യമായി പറഞ്ഞിരുന്നത്. എന്നാൽ, കറൻസി ഉപയോഗത്തിൽ ഒട്ടും കുറവ് വന്നിട്ടില്ല രാജ്യത്ത്. കറൻസി തന്നെയാണ് ഇപ്പോഴും വിനിമയത്തിലെ പ്രധാന മാർഗമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിസർവ് ബേങ്കിന്റെ പുതിയ കണക്കനുസരിച്ച് ആറ് വർഷത്തിനിടയിൽ കറൻസി ഉപയോഗത്തിൽ 83 ശതമാനം വർധനയാണ് കാണിക്കുന്നത്. നിലവിൽ 32.42 ലക്ഷം കോടി രൂപയുടെ നോട്ടുകൾ വിനിമയത്തിലുണ്ട്. 2016 നവംബർ നാലിന് ഇത് 17.74 ലക്ഷം കോടിയുടേതായിരുന്നു.

പണലഭ്യതയുടെയും പണമൊഴുക്കിന്റെയും കുറവ്, അസംഘടിത മേഖലയുടെ സ്തംഭനം, വ്യവസായ മേഖലയിലെ പ്രതിസന്ധി, സാമ്പത്തിക വളർച്ചാ നിരക്കിലെ ഇടിവ് തുടങ്ങി സാമ്പത്തിക സാമൂഹിക രംഗങ്ങളിൽ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു നോട്ട് നിരോധം. 2016-17 സാമ്പത്തികവർഷം 8.3 ശതമാനമായിരുന്നു വളർച്ചയെങ്കിൽ 2019-20 സാമ്പത്തിക വർഷമിത് 3.7 ശതമാനത്തിലേക്ക് താഴ്ന്നു. നോട്ട് മാറാനുള്ള തിക്കിലും തിരക്കിലും പെട്ട് പലർക്കും ജീവൻ നഷ്ടപ്പെടുകയും പരുക്കേൽക്കുകയും ചെയ്തു. എന്തിനാണ് നോട്ടുകൾ പിൻവലിച്ചതെന്ന ചോദ്യത്തിന് സർക്കാറിന് വ്യക്തമായ ഉത്തരമില്ല. അത് റിസർവ് ബേങ്കിന്റെ തീരുമാനമാണെന്നും ഇക്കാര്യം റിസർവ് ബേങ്കാണ് വിശദീകരിക്കേണ്ടതെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മാധ്യമങ്ങൾക്ക് മുമ്പിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ.

നോട്ട്‌നിരോധവും രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയതും മണ്ടത്തരമായിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾക്ക് നേരത്തേ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നതാണ് വസ്തുത. 2,000ത്തിന്റെ നോട്ട് നിർത്തലാക്കുന്ന കാര്യം 2018ൽ തന്നെ സർക്കാർ പരിഗണനയിലുണ്ട്. നോട്ട് നിരോധം നടപ്പാക്കിയ വർഷം 2,000ത്തിന്റെ 33,630 ലക്ഷം നോട്ടുകൾ പുറത്തിറക്കിയെങ്കിലും തൊട്ടടുത്ത വർഷത്തിൽ അച്ചടിക്കുന്ന നോട്ടുകളുടെ എണ്ണം ഗണ്യമായി കുറക്കുകയും 2018-19 സാമ്പത്തികവർഷത്തിൽ രണ്ടായിരം രൂപാ നോട്ടുകളുടെ അച്ചടി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം നോട്ടുകളിൽ 2,000 രൂപ മൂല്യമുള്ള ബേങ്ക് നോട്ടുകളുടെ വിഹിതം 2020ലെ 22.65 ശതമാനത്തിൽ നിന്ന് 2022 മാർച്ചോടെ 13.8 ശതമാനമായി കുറഞ്ഞു. നിലവിൽ വിപണിയിലുളളത് 3.62 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ മാത്രമാണ്.

വളരെ ആലോചനാ പൂർവം വിശദമായ ചർച്ചകൾക്ക് ശേഷം നടപ്പാക്കേണ്ടതാണ് നോട്ട് നിരോധവും 2,000 പോലുള്ള മൂല്യമേറിയ നോട്ടിറക്കലും. ഇത്തരം വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കുന്നത് ഉചിതമല്ല. ആദ്യം നടപ്പാക്കുക, പിന്നീട് ചിന്തിക്കുക എന്ന തരത്തിലാകരുത് കാര്യങ്ങൾ. ആളുകൾക്ക് എപ്പോഴും ആവശ്യം മൂല്യം കുറഞ്ഞ നോട്ടുകളാണ്. യു എസ്, ചൈന, ജർമനി തുടങ്ങിയ വികസിത രാജ്യങ്ങളിൽ 100ന് മുകളിൽ മൂല്യമുള്ള കറൻസി നോട്ടുകൾ ഇറക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ സുശീൽ കുമാർ മോദി 2,000 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി അസാധുവാക്കണമെന്ന് പാർലിമെന്റിൽ ആവശ്യപ്പെട്ടിരുന്നു.

Latest