Connect with us

First Gear

ഔഡി ഇ ട്രോണ്‍ ജിടി കൂപ്പെ ഇന്ത്യയില്‍; വില 1.80 കോടി രൂപ

ഇ-ട്രോണ്‍, ആര്‍എസ് ഇ-ട്രോണ്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഇ-ട്രോണ്‍ ജിടി കൂപ്പെ വിപണിയില്‍ എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യന്‍ വിപണിയില്‍ ഇ-ട്രോണ്‍ ജിടി ഇലക്ട്രിക് ഫോര്‍-ഡോര്‍ കൂപ്പെ അവതരിപ്പിച്ചു. വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അടിസ്ഥാന ക്വാട്രോ വേരിയന്റിന് 1.80 കോടി രൂപയും ഉയര്‍ന്ന ആര്‍എസ് വേരിയന്റിന് 2.05 കോടി രൂപയുമാണ് എക്സ്ഷോറൂം വില. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഇ-ട്രോണ്‍ എസ്യുവി, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നിവയ്ക്ക് ശേഷം കമ്പനിയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണിത്. ജര്‍മ്മനിയിലെ ഔഡി ബോളിംഗര്‍ ഹോഫ് പ്ലാന്റിലാണ് കാര്‍ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഔഡി ഇ-ട്രോണ്‍ ജിടി ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്.

ഇ-ട്രോണ്‍, ആര്‍എസ് ഇ-ട്രോണ്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ഇ-ട്രോണ്‍ ജിടി കൂപ്പെ വിപണിയില്‍ എത്തുന്നത്. 19 ഇഞ്ച് അലോയി വീലുകളിലാണ് ഔഡി ഇ-ട്രോണ്‍ ജിടി എത്തുന്നത്. അത് 21 ഇഞ്ച് അലോയ്കളായി ഉപഭോക്താക്കള്‍ക്ക് മാറ്റാനും സാധിക്കും. പിന്‍ഭാഗത്ത്, ആരോ ഹെഡ് ആകൃതിയിലുള്ള എല്‍ഇഡി ലൈറ്റ്, സിഗ്നേച്ചറുള്ള എന്‍ഡ്-ടു-എന്‍ഡ് എല്‍ഇഡി ടെയില്‍ലാമ്പ് എന്നിവയും കാറിന് ലഭിക്കുന്നു. ഔഡി ഇ-ട്രോണ്‍ ജിടി പതിപ്പിന് 4,989 മില്ലീമീറ്റര്‍ നീളവും 1,964 മില്ലീമീറ്റര്‍ വീതിയും 1,418 മില്ലീമീറ്റര്‍ ഉയരവും ഉണ്ട്. വീല്‍ബേസ് 2,903 എംഎം ആണ്. ഐബിസ് വൈറ്റ്, അസ്‌കാരി ബ്ലൂ, ഫ്ളോറസ്റ്റ് സില്‍വര്‍, കെമോറ ഗ്രേ, മൈഥോസ് ബ്ലാക്ക്, സുസുക്ക ഗ്രേ, ടാക്ടിക്സ് ഗ്രീന്‍, ടാംഗോ റെഡ്, ഡേറ്റോണ ഗ്രേ എന്നിങ്ങനെ ഒന്‍പത് കളര്‍ ഓപ്ഷനുകളിലാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്.

ഔഡി ഇ-ട്രോണ്‍ ജിടിയില്‍ 5 സീറ്റര്‍ ക്യാബിനാണുള്ളത്. അതില്‍ 12.3 ഇഞ്ച് വലിയ വെര്‍ച്വല്‍ കോക്ക്പിറ്റ് കണ്‍സോളും 10.1 ഇഞ്ച് എംഎംഐ ടച്ച്‌സ്‌ക്രീന്‍ ഡിസ്പ്ലേയും സ്റ്റാന്റേഡായി ലഭിക്കും. ഇ-ട്രോണ്‍ ജിടി അതിന്റെ സ്പോര്‍ട്സ് കാര്‍ സ്വഭാവം കൂടുതല്‍ വിപുലീകരിക്കുന്നതിന് മികച്ച എക്സോസ്റ്റ് ശബ്ദങ്ങള്‍ നല്‍കുന്ന കസ്റ്റം സോഫ്റ്റ്വെയര്‍ വാഗ്ദാനം ചെയ്യുമെന്നും കമ്പനി അറിയിച്ചു. ഇലക്ട്രിക് കാറിന് 85 കെഡബ്ല്യുഎച്ച് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. കൂടാതെ 800 വോള്‍ട്ട് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്നു, 270 കെഡബ്ല്യു വരെ വേഗത്തിലുള്ള ഡിസി ചാര്‍ജിംഗ് ഇത് സാധ്യമാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

സ്റ്റാന്റേര്‍ഡ് ഇ-ട്രോണ്‍ ജിടി ക്വാട്രോ വേരിയന്റ് 350 കിലോവാട്ട് അല്ലെങ്കില്‍ 469 ബിഎച്ച്പി വരെ കരുത്തും 630 എന്‍എം പരമാവധി ടോര്‍ക്കും നല്‍കുന്നു. ആര്‍എസ് ഇ-ട്രോണ്‍ ജിടിക്ക് 440 കിലോവാട്ട് അല്ലെങ്കില്‍ 590 ബിഎച്ച്പി കരുത്തും 830 എന്‍എം പീക്ക് ടോര്‍ക്കും ലഭിക്കുന്നു. ഇ-ട്രോണ്‍ ജിടി ക്വാട്രോയ്ക്ക് 500 കിലോമീറ്റര്‍ വരെ പൂര്‍ണ ചാര്‍ജില്‍ ശ്രേണി വാഗ്ദാനം ചെയ്യുമ്പോള്‍, ആര്‍എസ് ഇ-ട്രോണ്‍ ജിടിക്ക് 481 കിലോമീറ്റര്‍ വരെയുള്ള ദൂര പരിധിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇ-ട്രോണ്‍ ജിടി ക്വാട്രോയ്ക്ക് 4.1 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും, പരമാവധി വേഗത 245 കിലോമീറ്ററാണ്. ആര്‍എസ് വേരിയന്റ് 3.3 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. 250 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഇ-ട്രോണ്‍ ജിടിയില്‍ എസി, ഡിസി ചാര്‍ജിംഗ് ഓപ്ഷനുകള്‍ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest