Connect with us

congress issue

പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്സില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമാകുന്നു

വാര്‍ഡ്, മണ്ഡലം തലങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ് ഏറെയും പാര്‍ട്ടി വിടുന്നത്.

Published

|

Last Updated

കോഴിക്കോട് | വ്യക്തമായ രാഷ്ട്രീയനയം ആവിഷ്‌കരിക്കാതെ പാര്‍ട്ടിയില്‍ അര്‍ധ കേഡര്‍ സ്വഭാവം നടപ്പാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സില്‍ താഴെ തട്ടില്‍ വന്‍ കൊഴിഞ്ഞുപോക്ക്. മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പു വിടുന്നതു മാത്രം വാര്‍ത്തയാവുമ്പോള്‍ പ്രാദേശികമായ കൊഴിഞ്ഞുപോക്ക് നിശ്ശബ്ദം തുടരുകയാണ്. മിക്ക ജില്ലകളിലും പരമ്പരാഗത കോണ്‍ഗ്രസ് കുടുംബങ്ങള്‍ ഒന്നടങ്കം ഇടതുപക്ഷത്തേക്കു നീങ്ങുന്നുണ്ട്. സി പി എമ്മിലേക്കാണ് ഏറെ പേരും എത്തുന്നത്. വാര്‍ഡ്, മണ്ഡലം തലങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ് ഏറെയും പാര്‍ട്ടി വിടുന്നത്. നേതൃത്വത്തില്‍ എക്കാലവും ഗ്രൂപ്പ് വീതംവെപ്പുകളും വടംവലിയും നടക്കുമ്പോഴും ഗ്രൂപ്പുകള്‍ക്ക് അതീതമായി കോണ്‍ഗ്രസിന്റെ ഭാഗമായി നിന്നവരാണ് ഇപ്പോള്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നത്.

കോണ്‍ഗ്രസ് വിട്ടു സി പി എമ്മില്‍ ചേര്‍ന്ന കെ പി സി സി സംഘടനാ ചുമതല ഉണ്ടായിരുന്ന ജന. സെക്രട്ടറികെ പി അനില്‍കുമാര്‍ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങള്‍ താഴ തട്ടില്‍ പ്രതിഫലനം ഉണ്ടാക്കിയെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ദേശീയ തലത്തില്‍ നയവും പരിപാടിയും നേതൃത്വവും ഇല്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി, സ്ഥാനം കിട്ടിയില്ലെങ്കില്‍ ബി ജെ പിയില്‍ പോവും എന്നു പറഞ്ഞ കെ സുധാകരന്‍ പാര്‍ട്ടി അധ്യക്ഷനായത് താലിബാന്‍ അധികാരം പിടിച്ചതുപോലെയാണ് തുടങ്ങിയ ആരോപണങ്ങള്‍ അനില്‍കുമാര്‍ ഉന്നയിച്ചിരുന്നു. ഈ രണ്ടു വിഷയങ്ങളും താഴെ തട്ടിലുള്ള പ്രവര്‍ത്തകരില്‍ വലിയ പ്രതികരണമാണുണ്ടാക്കിയത്. ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിച്ചു പരിചയമുള്ള കോണ്‍ഗ്രസില്‍ പരമ്പരാഗതമായി നിലനിന്ന രണ്ടു പ്രമുഖ ഗ്രൂപ്പുകള്‍ ഇല്ലാതാവുന്നു എന്നതും താഴെ തട്ടില്‍ പ്രവര്‍ത്തകരെ അരക്ഷിതരാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് വിട്ടുവരുന്ന പ്രവര്‍ത്തകര്‍ക്ക് ഓരോ പ്രദേശത്തും സി പി എം നല്‍കുന്ന സ്വീകരണമാണു കൂടുതല്‍ പേരെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

സി പി എമ്മിന് പ്രാദേശിക തലത്തില്‍ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനവും ജനജീവിതവുമായി നിരന്തര ബന്ധവും ഉള്ളപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം മിക്കവാറും തിരഞ്ഞെടുപ്പു കാലത്തു മാത്രമാണ്. ഈ നിരാശാബോധവും ഇപ്പോള്‍ പ്രവര്‍ത്തകരെ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കുന്നു. കൊവിഡ് കാലത്ത് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതില്‍ സി പി എം പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം താഴെ തട്ടില്‍ ഇതര പാര്‍ട്ടിയിലുള്ളവരെ കൂടി ആകര്‍ഷിക്കാന്‍ കഴിയുന്നതായിരുന്നു. അര്‍ധ കേഡര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നതിനേക്കാള്‍ നല്ലതല്ലേ പൂര്‍ണ കേഡര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് എന്നാണ് കോണ്‍ഗ്രസ് വിട്ട ചില പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. തുടര്‍ച്ചയായി അധികാരം കിട്ടിയിട്ടും ആലസ്യത്തില്‍ വീഴാതെയുള്ള സി പി എമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തനവും കോണ്‍ഗ്രസ്സില്‍ നിന്നുള്ളവരെ ആകര്‍ഷിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് വിട്ടുവരുന്നവരെ സ്വീകരിക്കാന്‍ നേരത്തെ സി പി എം കാണിച്ചിരുന്ന വൈമനസ്യം പൂര്‍ണമായി ഒഴിവാക്കുകയും ആവേശത്തോടെ അവരെ വരവേല്‍ക്കുകയും ചെയ്യുക എന്ന തന്ത്രവും പലരേയും പാര്‍ട്ടി വിട്ടുവരാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

ഡി സി സി പ്രസിഡന്റുമാരുടെ നോമിനേഷന്‍ തന്നെ വലിയ പൊട്ടിത്തെറിയുണ്ടാക്കിയ പാര്‍ട്ടിയില്‍ ഡി സി സി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും താഴേ തട്ടിലേക്കുള്ള നാമ നിര്‍ദേശങ്ങളും സൃഷ്ടിച്ചേക്കാവുന്ന കടിപിടികള്‍ക്കു സാക്ഷിയാകാന്‍ വയ്യെന്നു കരുതിയും പാര്‍ട്ടി വിടുന്നവരും ഏറെയാണ്. പരമ്പരാഗതമായി കോണ്‍ഗ്രസ്സായി നില്‍ക്കുന്ന കുടുംബങ്ങളെ അവിടെ നിലനിര്‍ത്തിയതിനു പിന്നില്‍ കമ്യൂണിസ്റ്റ് വിരോധം ഒരു ഘടകമായിരുന്നു. ഗുരുതരമായ പ്രതിസന്ധികളെ അതിജീവിച്ച ആദ്യ കേരള സര്‍ക്കാര്‍ തുടര്‍ ഭരണം നേടിയപ്പോഴേക്കും സര്‍ക്കാറിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ, വര്‍ഷങ്ങളായി കോണ്‍ഗ്രസിനു നിലനിര്‍ത്താന്‍ കഴിഞ്ഞ കമ്യൂണിസ്റ്റ് വിരോധമെന്ന അവസ്ഥക്കു വലിയ മാറ്റമുണ്ടായി എന്നാണ് സി പി എം കാണുന്നത്.  മുതിര്‍ന്ന നേതാക്കള്‍ ഇടതുപക്ഷത്തേക്കു നീങ്ങിയതോടെ സി പി എം തൊട്ടുകൂടാത്ത പാര്‍ട്ടിയല്ല എന്ന തോന്നല്‍ സൃഷ്ടിച്ചതായും പാര്‍ട്ടി വിട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനെ കൈയ്യൊഴിഞ്ഞവരെ ബി ജെ പി റാഞ്ചുന്ന അവസ്ഥയാണുള്ളത്. കോണ്‍ഗ്രസ് രാഷ്ട്രീയം മടുത്ത് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നവര്‍ക്ക് പോകാന്‍ വെറെ ഇടമില്ലാത്തതുകൊണ്ടാണ് കേരളത്തിനു പുറത്ത് അവര്‍ ബി ജെ പി കൂടാരത്തില്‍ എത്തുന്നത്. ഈ സാഹചര്യം ഫലപ്രദമായി പ്രതിരോധിക്കാനുള്ള സി പി എം തീരുമാനമാണ് കോണ്‍ഗ്രസ് വിടുന്നവരെ മാന്യമായി സ്വീകരിക്കാനുള്ള തീരുമാനം. ഈ തീരുമാനം ഫലം കണ്ടതോടെയാണ് വന്‍തോതില്‍ പ്രവര്‍ത്തകരും സി പി എം ക്യാമ്പിലേക്ക് ഒഴുകുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്