Connect with us

Articles

ഇറാഖ് വീണ്ടും അശാന്തമാകുമ്പോള്‍

കളത്തില്‍ നേരിട്ട് ഇറങ്ങാത്ത രണ്ട് അദൃശ്യ ശക്തികളുണ്ട്. ഇറാനും അമേരിക്കയും. അല്‍ സ്വദറിന്റെ സഖ്യം അധികാരത്തില്‍ വരണമെന്ന് അമേരിക്ക ആഗ്രഹിക്കുമ്പോള്‍ അത് തടയാന്‍ ഇറാനിലെ ശിയാ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നു. ഈ വടംവലിയില്‍ ആര് ജയിക്കുമെന്നതാണ് പ്രധാനം.

Published

|

Last Updated

ലോക മുസ്ലിംകളെ ശിയാ- സുന്നി വിപരീതങ്ങളില്‍ തളച്ചിടാനാണ് സാമ്രാജ്യത്വ ശക്തികള്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. എവിടെയൊക്കെ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടോ അവിടെയെല്ലാം ഇത്തരം ആഭ്യന്തര പോരുകള്‍ സൃഷ്ടിക്കാനും മൂര്‍ച്ഛിപ്പിക്കാനും അമേരിക്കന്‍ ചേരി ശ്രമിച്ചിട്ടുണ്ട്. ഇറാഖ്- ഇറാന്‍ യുദ്ധങ്ങളും ഇറാഖ് അധിനിവേശവും സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതുമെല്ലാം ഇതിന്റെ ഫലമായിരുന്നുവല്ലോ. സദ്ദാം ഹുസൈനെ പെരുന്നാള്‍ തലേന്ന് തൂക്കിലേറ്റാന്‍ ശഠിച്ചത് ഇറാഖിലെ ശിയാ നേതൃത്വമായിരുന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഓരോ രക്തസാക്ഷി ദിനത്തിലും അവര്‍ അത് ആവര്‍ത്തിക്കുന്നു. ‘ഏറ്റവും വൈകാരിക ആഘാതം സൃഷ്ടിക്കുന്ന യാത്രയയപ്പ്’ തന്നെ സദ്ദാമിന് നല്‍കണമെന്ന് ഇറാഖിലെ ശിയാ നേതൃത്വം തീരുമാനിച്ചിരുന്നുവെന്നാണ് മാധ്യമങ്ങള്‍ അന്ന് റിപോര്‍ട്ട് ചെയ്തത്. സദ്ദാമിന്റെ കഴുത്തില്‍ തൂക്കുകയര്‍ മുറുകുമ്പോള്‍ മുഖ്തദാ അല്‍ സ്വദറിന്റെ പേര് വിളിച്ചു കൂവി ആര്‍ത്ത് ചിരിച്ചിരുന്നു ചുറ്റുമുള്ള ശിയാ ഉദ്യോഗസ്ഥര്‍. ആ പേര് കേള്‍ക്കെ സദ്ദാം അസ്വസ്ഥനായത്രേ. ആ ചെവികള്‍ അവസാനം കേള്‍ക്കുന്ന ശബ്ദം മുഖ്താദാ എന്ന ആര്‍പ്പായിരിക്കണമെന്ന് അന്നത്തെ ശിയാ നേതൃത്വം ആഗ്രഹിച്ചിരുന്നുവത്രേ.

സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം ഇറാഖ് ഒരിക്കല്‍ പോലും സുസ്ഥിരതയിലേക്കും സ്വാസ്ഥ്യത്തിലേക്കും ചുവടുവെച്ചിട്ടില്ല. ഇറാഖ് അധിനിവേശത്തില്‍ ടോണി ബ്ലെയറടക്കമുള്ളവര്‍ക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നു. അത്രമേല്‍ ശിഥിലവും അരാജകവുമായിരുന്നു അധിനിവേശം ചവച്ചു തുപ്പിയ ഇറാഖ്. ഇറാഖില്‍ നിങ്ങള്‍ എന്ത് നേടിയെന്ന ചോദ്യത്തിന് മുമ്പില്‍ ഉത്തരം മുട്ടിയപ്പോഴാണ് പശ്ചാത്താപം പുറത്തെടുത്തത്. ദൈവമാണ് തന്നെ ഇറാഖിലേക്കയച്ചതെന്ന് ജോര്‍ജ് ബുഷിന് ന്യായീകരിക്കേണ്ടി വന്നു. നൂരി അല്‍ മാലിക്കിയുടെ ശിയാവത്കൃത ഭരണം സൃഷ്ടിച്ച നിരാശയും അമര്‍ഷവും അവസരമാക്കിയാണ് ഇസില്‍ എന്ന കൊലയാളി സംഘം ഉയിരെടുത്തത്. അത് ഇറാഖിന്റെ മാത്രമല്ല ലോകത്തിന്റെയാകെ ഉറക്കം കെടുത്തുന്ന തെമ്മാടിക്കൂട്ടമായി വളര്‍ന്നു. പല പേരുകളില്‍ പല നാടുകളില്‍ അത് പടര്‍ന്നു. അവക്കെല്ലാം വമ്പന്‍ ശക്തികള്‍ നിര്‍മിച്ച അത്യാധുനിക ആയുധങ്ങള്‍ കൈവന്നു. അതിനിടക്ക് ഇറാഖില്‍ തിരഞ്ഞെടുപ്പുകള്‍ നടന്നെങ്കിലും ആഭ്യന്തര കലാപത്തിനും സംഘര്‍ഷത്തിനും വഴിവെച്ചുവെന്നല്ലാതെ വ്യവസ്ഥാപിത ഭരണസംവിധാനം നിലവില്‍ വന്നില്ല. ആ അരാജകത്വത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ബഗ്ദാദ് തെരുവില്‍ മനുഷ്യരെ കൊന്നു വീഴ്ത്തുന്ന ശിയാ തമ്മിലടിയായി ഇന്നും കാണുന്നത്. അതേ മുഖ്തദാ അല്‍ സ്വദറിന്റെ പേര് തന്നെയാണ് ഇന്നും ഉയര്‍ന്ന് കേള്‍ക്കുന്നത്. അല്‍ സ്വദര്‍ രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിറകേ കഴിഞ്ഞ തിങ്കളാഴ്ച അദ്ദേഹത്തിന്റെ അനുയായികള്‍ ബഗ്ദാദിലെ ഭരണസിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ഗ്രീന്‍ സോണിലേക്ക് ഇരച്ചെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. കോണ്‍ക്രീറ്റ് മതില്‍ പൊളിച്ചു. വെടിവെപ്പിലും സംഘര്‍ഷത്തിലുമായി 24 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ നഗരങ്ങളിലേക്ക് സംഘര്‍ഷം പടരുകയാണ്. സ്വദറിസ്റ്റുകളെ തുരത്താന്‍ മറ്റ് ശിയാ ഗ്രൂപ്പുകള്‍ കൂടി ഇറങ്ങിയതോടെ അക്ഷരാര്‍ഥത്തില്‍ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

ആ അവസരം
2021 ഒക്ടോബറില്‍ പ്രതിനിധി കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഇറാഖിന് സ്ഥിരവും നിയമാനുസൃതവുമായ ഒരു സര്‍ക്കാര്‍ രൂപത്കരിക്കാനുള്ള അവസരമായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. 329 സീറ്റുകളില്‍ 73 ഇടത്ത് വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് സ്വദറിസ്റ്റ് മൂവ്മെന്റായിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷത്തേക്കാള്‍ ഏറെ താഴെയുള്ള ഈ അംഗബലം വെച്ച് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതോടെ, സുന്നി, കുര്‍ദ് ഗ്രൂപ്പുകളുമായി അദ്ദേഹം സഖ്യത്തിന് മുതിര്‍ന്നു. ആ സഖ്യം ആശയപരമായി പല ധ്രുവങ്ങളിലായിരുന്നെങ്കിലും എങ്ങനെയും അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു മുഖ്തദാ അല്‍ സ്വദര്‍. 62 സീറ്റുള്ള സുന്നി പരമാധികാര സഖ്യവും 31 സീറ്റുള്ള മസൂദ് ബര്‍സാനിയുടെ കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായും ചേര്‍ന്ന് അദ്ദേഹം ‘സേവ് ദ ഹോം ലാന്‍ഡ് എന്ന പേരില്‍ ത്രികക്ഷി സഖ്യമുണ്ടാക്കി. ഇതില്‍ കുര്‍ദ് ഗ്രൂപ്പ് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തികളായിരുന്നു. ഈ മുക്കൂട്ട് മുന്നണിക്ക് പാര്‍ലിമെന്റില്‍ കേവല ഭൂരിപക്ഷമുണ്ടായിട്ടും അധിനിവേശാനന്തര കീഴ്വഴക്കം ചൂണ്ടിക്കാട്ടി ഇറാന്‍ രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു.

ദേശീയ ഐക്യ സര്‍ക്കാറായിരിക്കണം നാടു ഭരിക്കേണ്ടതെന്ന കീഴ്വഴക്കമാണ് ഇറാനിലെ ആയുത്തല്ല ഖാംനഈ എടുത്തു പയറ്റിയത്. ഇറാഖിനെ നടത്തിപ്പിനെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അത്. സ്വദറിന്റെ ബദ്ധവൈരികളായ ഹാദി അല്‍ അമീരിയുടെ ഫതഹ് അലയന്‍സ് (17 സീറ്റ്) മുന്‍ പ്രധാനമന്ത്രി നൂരി അല്‍മാലിക്കിയുടെ സ്റ്റേറ്റ് ലോ സഖ്യം (33 സീറ്റ്), അമ്മാര്‍ അല്‍ ഹഖീമിന്റെയും മുന്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെയും നേതൃത്വത്തിലുള്ള നാഷനല്‍ സ്റ്റേറ്റ് ഫോഴ്സ് സഖ്യം (നാല് സീറ്റ്) എന്നിവ അമ്പിനും വില്ലിനും അടുക്കാതെ നിന്നു. കേവല ഭൂരിപക്ഷത്തിലും ദേശീയ ഐക്യത്തിലും സര്‍ക്കാറുണ്ടായില്ല. ഇപ്പോഴത്തെ കലാപത്തിന്റെ ഒരു സവിശേഷത, ഇതുകൊണ്ട് ഭരണം നിലംപൊത്തില്ല എന്നതാണ്. നിലംപൊത്താന്‍ ഒരു ഭരണമില്ല എന്നതാണ് സത്യം. മുസ്തഫ അല്‍ കാഥിമി പ്രധാനമന്ത്രിയായി ഇരിക്കുന്നുണ്ട്. അധികാരമില്ല. നിയന്ത്രണമില്ല, ഒന്നിനും.

ഭരണം നിലവില്‍ വരണമെങ്കില്‍ ആദ്യം പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കണമെന്നാണ് ഭരണഘടനാ ചട്ടം. തുടര്‍ന്ന് ഏറ്റവും വലിയ രാഷ്ട്രീയ സഖ്യത്തോട് പ്രധാനമന്ത്രിയെ നാമ നിര്‍ദേശം ചെയ്യാന്‍ പറയും. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ മൂന്നില്‍ രണ്ട് പ്രതിനിധികളും സഭയില്‍ ഹാജരാകണം. എന്നാല്‍ പല കാരണങ്ങളാല്‍ സഭ ബഹിഷ്‌കരിക്കുന്ന വിരുദ്ധ ഗ്രൂപ്പുകളുള്ളിടത്ത് ആവശ്യത്തിന് അംഗങ്ങളെ വെച്ച് സഭ ചേരാന്‍ പോലും സാധിക്കുന്നില്ല. സഭയില്‍ ക്വാറം തികയാതെ നോക്കുകയെന്നതായി സ്വദര്‍ വിരുദ്ധ ഗ്രൂപ്പുകളുടെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനം.

രാഷ്ട്രീയ വിഡ്ഢിത്തം
പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് തടയാന്‍ സഭാ ബഹിഷ്‌കരണം തുടര്‍ക്കഥയായപ്പോള്‍ മുഖ്തദാ അല്‍ സ്വദറിന് സഹികെട്ടു. ദീര്‍ഘകാല ലക്ഷ്യം വെച്ച് അദ്ദേഹം ആ പൂഴിക്കടകന്‍ പുറത്തെടുത്തു. തന്റെ കൂടെയുള്ള 73 പാര്‍ലിമെന്റംഗങ്ങളെയും രാജിവെപ്പിക്കുകയെന്ന കടുംകൈയാണ് സ്വദര്‍ ചെയ്ത് കളഞ്ഞത്. വലിയ രാഷ്ട്രീയ വിഡ്ഢിത്തമായിരുന്നു അത്. ഇറാഖിലെ തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച്, സ്വയം രാജിവെക്കുന്ന അംഗത്തിന്റെ ഒഴിവിലേക്ക് സ്വാഭാവികമായും രണ്ടാം സ്ഥാനക്കാരന്‍ കയറി വരും. നിലവിലെ അംഗബലത്തിന് പുറമേ 73 അംഗങ്ങളെ കൂടി ലഭിച്ച സ്വദറിസ്റ്റ് വിരുദ്ധ വിശാല സഖ്യം ഏറ്റവും വലിയ ബ്ലോക്കായി മാറി. അവര്‍ സര്‍ക്കാര്‍ രൂപത്കരണത്തിന് ശ്രമം തുടങ്ങുകയും ചെയ്തു. ഇതോടെ മുഖ്തദാ അല്‍ സ്വദറിന് കാര്യം പിടികിട്ടി. രാഷ്ട്രീയ വനവാസം പ്രഖ്യാപിക്കുകയും അണികളെ തെരുവിലിറക്കുകയും ചെയ്യുകയെന്ന അവസാന അടവിലേക്ക് അങ്ങനെയാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.

പാര്‍ലിമെന്റ് പിരിച്ചു വിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് സ്വദറിസ്റ്റ് മൂവ്മെന്റ് മുന്നോട്ട് വെക്കുന്നത്. ഇതിന് എതിരാളികള്‍ തയ്യാറല്ല. സ്വദറിസ്റ്റുകള്‍ രാജിവെച്ചൊഴിഞ്ഞ സീറ്റു കൂടി നേടിയ അവര്‍ക്ക് ആവശ്യത്തിന് അംഗബലമുണ്ട്. തിരഞ്ഞെടുപ്പ് നടന്നാല്‍ ഒരിക്കലും ഇത്ര സീറ്റുകള്‍ കിട്ടില്ല. ഇറാന്റെ താത്പര്യവും സംരക്ഷണവും സ്വദര്‍ വിരുദ്ധര്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ തെരുവില്‍ തുടരാന്‍ അണികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് അല്‍ സ്വദര്‍. വളരെ വൈകാരികമായി പ്രതികരിക്കുന്ന സ്വദറിസ്റ്റ് അണികള്‍ക്ക് സമരം എങ്ങനെ കൊണ്ടുപോകണമെന്ന് നന്നായറിയാം. എത്ര പേര്‍ മരിച്ചു വീണാലും അവര്‍ പിന്‍മാറില്ല.

കളത്തില്‍ നേരിട്ട് ഇറങ്ങാത്ത രണ്ട് അദൃശ്യ ശക്തികളുണ്ട്. ഇറാനും അമേരിക്കയും. മുഖ്തദാ അല്‍ സ്വദറിന്റെ സഖ്യം അധികാരത്തില്‍ വരണമെന്ന് അമേരിക്ക ആഗ്രഹിക്കുമ്പോള്‍ അത് തടയാന്‍ ഇറാനിലെ ശിയാ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നു. ഈ വടംവലിയില്‍ ആര് ജയിക്കുമെന്നതാണ് പ്രധാനം. സ്വദറിസ്റ്റുകള്‍ ആഗ്രഹിക്കും പോലെ പുതിയ തിരഞ്ഞെടുപ്പിലേക്ക് പോയാല്‍ വലിയ സംഘര്‍ഷമില്ലാതെ കഴിച്ചു കൂട്ടാം. സ്വദറിസ്റ്റ് മുവ്മെന്റ് സുന്നി, കുര്‍ദ് സഹകരണത്തോടെ ആധികാരിക വിജയം നേടിയേക്കാം. അത് ഒരു സുസ്ഥിര ഭരണത്തിലേക്ക് നയിച്ചേക്കാം. മറിച്ചാണെങ്കില്‍, ഇറാന്റെ ചരടില്‍ പ്രവര്‍ത്തിക്കുന്ന സ്വദറിസ്റ്റ് വിരുദ്ധ സഖ്യം പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും. പുതിയ സര്‍ക്കാറിനെ വാഴിക്കുകയും ചെയ്യും. സ്വദറിസ്റ്റുകള്‍ അടങ്ങിയിരിക്കില്ല. അവര്‍ ആയുധമെടുക്കും. ചോരയൊഴുകും. ബഗ്ദാദ്…. നിന്നെ കുറിച്ച് ഞങ്ങള്‍ വേദനിക്കുന്നു.

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്