Connect with us

Kerala

കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ച സംഭവം; പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ഡിവൈഎസ്പിയെ മര്‍ദ്ദിച്ചെന്ന് എഫ്‌ഐആര്‍

ഡീന്‍ കുര്യക്കോസ്, മാത്യു കുഴല്‍നാടന്‍, മുഹമ്മദ് ഷിയാസ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരാണ് മുഖ്യ പ്രതികള്‍.

Published

|

Last Updated

എറണാകുളം| ഇടുക്കി-അടിമാലി പഞ്ചായത്തിലെ നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ നടന്ന പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയെ മര്‍ദ്ദിച്ചെന്ന് എഫ്‌ഐആര്‍. പോലീസിനെ മര്‍ദിച്ച് മൃതദേഹം കൈവശപ്പെടുത്തിയെന്നും കൃത്യ നിര്‍വഹണം തടപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഡീന്‍ കുര്യക്കോസ്, മാത്യു കുഴല്‍നാടന്‍, മുഹമ്മദ് ഷിയാസ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരാണ് മുഖ്യ പ്രതികള്‍. കോതമംഗലം പ്രതിഷേധത്തിനെതിരെ മൂന്ന് കേസുകള്‍ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി പോലീസ് രജിസ്റ്റര്‍ ചെയ്തു.

മുണ്ടോം കണ്ടത്തില്‍ ഇന്ദിര (70) ആണ് ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. രാവിലെ 8.30 ഓടെ കൃഷിയിടത്തില്‍ കയറിയ കാട്ടാനയാണ് ആക്രമണം നടത്തിയത്. കൃഷിയിടത്തില്‍ കൂവ വിളവെടുത്തുകൊണ്ടിരുന്ന ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ ആനയെ ഓടിച്ച് ഇന്ദിരയെ നേര്യമംഗലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തില്‍ പ്രതിഷേധം രാഷ്ട്രീയവത്കരിച്ചതിനോട് യോജിപ്പില്ലെന്ന് ഇന്ദിരയുടെ സഹോദരന്‍ സുരേഷ് പറഞ്ഞിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി എടുത്ത് പ്രതിഷേധിച്ചതിനോട് യോജിപ്പില്ലെന്നും മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും സഹോദരന്‍ പ്രതികരിച്ചിരുന്നു. പ്രതിഷേധം ആവശ്യമാണ്. എന്നാല്‍ അതിനെ രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പിപ്പില്ലെന്നും സുരേഷ് വ്യക്തമാക്കി. ഇനി പ്രതിഷേധിക്കാനില്ലെന്നും സുരേഷ് പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ ബലപ്രയോഗത്തിലൂടെയാണ്.  മൃതദേഹം പ്രതിഷേധക്കാര്‍ കൈക്കലാക്കിയത്. കളക്ടര്‍ ഉള്‍പ്പടെ എത്തിയിട്ടും പരിഹാരമായുണ്ടായില്ല. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ അനുവദിക്കില്ലെന്നായതോടെ പൊലീസ് ബലംപ്രയോഗിച്ചു. സംഭവത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, മുഹമ്മദ് ഷിയാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോതമംഗലത്തെ ഉപവാസ സമരവേദിയില്‍ നിന്നാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. മൂന്ന് മണിയോടെ ഇരുവര്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ചു.

പെരിയാര്‍ കടന്ന് വനത്തില്‍ നിന്ന് എത്തിയ കാട്ടാനയാണ് ഇന്ദിരയെ ആക്രമിച്ചത്. കഴിഞ്ഞയാഴ്ച്ച മൂന്നാറില്‍ ഓട്ടോറിക്ഷ തകര്‍ത്ത കാട്ടാന ഡ്രൈവര്‍ സുരേഷ് കുമാറിനെ (35) കൊലപ്പെടുത്തിയിരുന്നു. ഇടുക്കിയില്‍ രണ്ട് മാസത്തിനിടെ അഞ്ച് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 

 

 

 

Latest