Connect with us

Kerala

വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് ബി ജെ പി- സി പി എം രഹസ്യ ബന്ധത്തിന്റെ തെളിവ്: വി ഡി സതീശന്‍

ക്ഷണിക്കാനുള്ള പ്രേരണ ലാവ്‌ലിന്‍ കേസോ, സ്വര്‍ണക്കടത്ത് കേസോയെന്ന് വ്യക്തമല്ല

Published

|

Last Updated

കൊച്ചി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ച് വിസ്മയത്തോടെയാണ് കാണുന്നത്. സി പി എം -ബി ജെ പി രഹസ്യബന്ധത്തിന്റെ തെളിവാണ് അമിത് ഷാക്കുള്ള ക്ഷണം. ലാവ്‌ലിന്‍ കേസോ, സ്വര്‍ണക്കടത്ത് കേസോ ഏതാണ് ക്ഷണത്തിന് പ്രേരണയായതെന്ന് വ്യക്തമല്ലെന്നും സതീശന്‍ പരിഹസിച്ചു.

അമിത് ഷായെ ക്ഷണിച്ചത് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കൊല്ലത്തെ ബൈപ്പാസ് ഉദ്ഘാടനത്തിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന്റെ പേരില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ സംഘി എന്നു വിളിച്ചവരാണ് സി പി എം നേതാക്കളെന്നും സതീശന്‍ പറഞ്ഞു.

ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൗണ്‍സില്‍ യോഗം കോവളത്ത് നടക്കുന്നുണ്ട്. ഇതില്‍ അമിത് ഷാ അടക്കം പ്രമുഖര്‍ പങ്കെടുക്കും. യോഗത്തിനെത്തുമ്പോള്‍ വള്ളംകളിയിലും പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരിക്കുന്നത്.