Connect with us

Kerala

ആലപ്പുഴയിലെ ലഹരിക്കടത്ത് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നത്: വി ഡി സതീശന്‍

സി പി എം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉള്‍പ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ലഹരിക്കടത്ത് ഉള്‍പ്പെടെ എല്ലാ മാഫിയകള്‍ക്ക് പിന്നിലും സി പി എം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് ആലപ്പുഴയില്‍ പാര്‍ട്ടി സംഘം നടത്തിയ നിരോധിത പാന്‍ മസാലക്കടത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലഹരിക്കടത്തിലെ സിപിഎം ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു

സി പി എം കൗണ്‍സിലറുടെ വാഹനത്തില്‍ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാന്‍ മസാല പിടികൂടിയത്. അറസ്റ്റിലായവരെല്ലാം സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകരുമാണെന്ന് സതീശന്‍ പറഞ്ഞു.ഒരു വശത്ത് കോടികള്‍ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ മറുവശത്ത് പാര്‍ട്ടി നേതാക്കളും കേഡര്‍മാരും ലഹരി മാഫിയകളായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

സി പി എം നേതാക്കളുടെ നേതൃത്വത്തിലോ പിന്തുണയിലോ ആണ് സംസ്ഥാനത്ത് ലഹരിക്കടത്ത് ഉള്‍പ്പെടെ എല്ലാ നിയമവിരുദ്ധ പ്രവത്തനങ്ങളും നടക്കുന്നത്. ലഹരി -ഗുണ്ടാ മാഫിയകള്‍ക്ക് പിന്നില്‍ സിപിഎം നേതാക്കളാണെന്ന് തെളിവ് സഹിതം ഡിസംബര്‍ 9ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്.

ആലപ്പുഴയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നതിന് നേതൃത്വം നല്‍കിയ ഷാനവാസ് നേരത്തേയും ഇത്തരം ഇടപാടുകള്‍ നടത്തിയിരുന്ന ആളാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. അശ്ലീല വീഡിയോയുമായി മറ്റൊരു നേതാവ് പിടിയിലായതും ആലപ്പുഴയിലാണ്. തുടര്‍ ഭരണത്തിന്റെ ഹുങ്കില്‍ അഴിമതിയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തുടരുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി