Connect with us

Kerala

ഗവര്‍ണറുടെ നിലപാടുകളെല്ലാം ആര്‍ എസ് എസുമായി ബന്ധപ്പെട്ടത്; നിശിത വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറുടെ പ്രീതി നിര്‍വചിക്കപ്പെടുന്നത്. മുഖ്യമന്ത്രിക്ക് മന്ത്രിയില്‍ വിശ്വാസമുണ്ടെന്നും സി പി എം സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറുടെ നിലപാടുകളെല്ലാം ആര്‍ എസ് എസും ബി ജെ പിയുമായി ബന്ധപ്പെട്ടതാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം ആരോപിച്ചു. ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയതുള്‍പ്പെടെ ഇതിന്റെ ഭാഗമാണ്.

ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടനാപരമായി പ്രീതി എന്നത്. സുപ്രീം കോടതി തന്നെ പ്രീതി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറുടെ പ്രീതി നിര്‍വചിക്കപ്പെടുന്നത്. മുഖ്യമന്ത്രിക്ക് മന്ത്രിയില്‍ വിശ്വാസമുണ്ടെന്നും സി പി എം സെക്രട്ടറി പറഞ്ഞു.

വൈസ് ചാന്‍സലര്‍മാരുടെ വിഷയത്തില്‍ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പു തന്നെ ഗവര്‍ണര്‍ സ്വീകരിച്ച നടപടികള്‍ ജനങ്ങള്‍ കണ്ടതാണ്. സര്‍വകലാശാലയോട് പ്രൊഫസര്‍മാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടതും ഗവര്‍ണറുടെ ഉള്ളിലിരിപ്പ് വെളിപ്പെടുത്തുന്നതാണ്. ഗവര്‍ണര്‍ക്ക് മുന്നില്‍ സി പി എം കീഴടങ്ങില്ല. ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കണം. ബില്ലില്‍ ഒപ്പിടാതെ അധികനാള്‍ മുന്നോട്ടു പോകാനാകില്ല. സര്‍ക്കാര്‍ നിയമപരമായും ഭരണഘടനാപരമായും നീങ്ങും. ഗവര്‍ണര്‍ക്ക് സംസ്ഥാനം നല്‍കിയ ആനുകൂല്യമാണ് ചാന്‍സലര്‍ പദവിയെന്നും സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ സമീപനത്തെയും ഗോവിന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയും ഗൗരവതരമായ പ്രശ്നമുണ്ടായിട്ടും അതിനെ നിസാരവത്കരിക്കുന്ന പ്രസ്താവനകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഇങ്ങനെ നിസാരവത്കരിക്കുന്നത് ഒരു അടവാണ്. ആ അടവ് ഗവര്‍ണറുമായുള്ള പ്രതിപക്ഷത്തിന്റെ പ്രത്യേക ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഗവര്‍ണറും പ്രതിപക്ഷവും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. എന്നാല്‍, കോണ്‍ഗ്രസില്‍ തന്നെ കെ സി വേണുഗോപാലും കെ മുരളീധരനുമൊക്കെ ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനുള്ള നീക്കത്തെ ലീഗും എതിര്‍ത്തിട്ടുണ്ട്.

 

Latest