Connect with us

National

അലിഗഢ് ഹരിഗഢാകും; 12 ജില്ലകളുടെ പേര് മാറ്റാന്‍ ഒരുങ്ങി യു പി സര്‍ക്കാര്‍

ആറ് ജില്ലകളുടെ പേരുമാറ്റം സംബന്ധച്ച് ആഭ്യന്തര ധാരണയില്‍ എത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുന്ന നടപടിക്രമം മാത്രമാണ് ബാക്കിയുള്ളത്.

Published

|

Last Updated

ലക്‌നോ | യുപിയില്‍ വീണ്ടും നഗരങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ഒരുക്കങ്ങളുമായി സര്‍ക്കാര്‍. 12 ജില്ലകളുടെ പേരുകള്‍ മാറ്റാനാണ് നടപടി തുടങ്ങിയത്. ഇതില്‍ ആറ് ജില്ലകളുടെ പേര് ഉടന്‍ മാറും.

അലിഗഢ് – ഹരിഗഢ് അല്ലെങ്കില്‍ ആര്യഗഡ്, ഫറൂഖാബാദ് – പഞ്ചാല്‍ നഗര്‍, സുല്‍ത്താന്‍പൂര്‍ – കുഷ്ഭവന്‍പൂര്‍, ബുദൗണ്‍ – വേദ് മൗ, ഫിറോസാബാദ് – ചന്ദ്ര നഗര്‍, ഷാജഹാന്‍പൂര്‍ – ഷാജിപൂര്‍ എന്നിങ്ങനെയാണ് പേരുകള്‍ മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ പേരുമാറ്റം സംബന്ധിച്ച് ആഭ്യന്തര ധാരണയില്‍ എത്തിയിട്ടുണ്ട്. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുന്ന നടപടിക്രമം മാത്രമാണ് ബാക്കിയുള്ളത്.

യുപി മുഖ്യമന്ത്രി എന്നതിന് പുറമെ, ഗോരഖ്പൂരിലെ പ്രശസ്തമായ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മഠാധിപതി കൂടിയാണ് യോഗി ആദിത്യനാഥ്. ഗോരഖ്പൂര്‍ എംപിയായിരുന്ന കാലത്ത് പല മേഖലകളുടെയും പേരുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മാറ്റിയിരുന്നു. ഉറുദു ബസാര്‍ ഹിന്ദി ബസാറായും ഹുമയൂന്‍പൂര്‍ ഹനുമാന്‍ നഗറായും മീന ബസാര്‍ മായാ ബസാറായും അലിനഗര്‍ ആര്യ നഗറായും മാറ്റിയത് യോഗിയാണ്.

യോഗിയുടെ മുന്‍ ഭരണകാലത്ത് മുഗള്‍സരായ് റെയില്‍വേ സ്റ്റേഷന്റെ പേര് പി ടി ദീന്‍ദയാല്‍ ഉപാധ്യായയെന്നും അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യ എന്നും പുനര്‍നാമകരണം ചെയ്തിരുന്നു.

മെയ്ന്‍പുരി, സംഭാല്‍, ദേവ്ബന്ദ്, ഗാസിപൂര്‍, കാണ്‍പൂര്‍, ആഗ്ര എന്നിവയാണ് പേരുമാറ്റാന്‍ ഒരുങ്ങുന്ന മറ്റു ജില്ലകള്‍.