Connect with us

Prathivaram

മേൽവിലാസം

Published

|

Last Updated

സന്ധ്യ മയങ്ങിയാലും പോസ്റ്റുമാൻ ദിവാകരേട്ടന്റെ ഡ്യൂട്ടി കഴിഞ്ഞിട്ടുണ്ടാകില്ല. ഉച്ചയോടെ തീർക്കാവുന്ന പണിയേയുള്ളൂ. മേൽവിലാസക്കാർക്ക് തപാൽ ഉരുപ്പടികൾ നേരിട്ട് കൊടുത്താലേ ആൾക്കൊരു സമാധാനമാകൂ. അന്വേഷിച്ച് ചെല്ലുമ്പോൾ മേൽവിലാസക്കാർ പുറത്ത് പോയിരിക്കും. പെട്ടെന്ന് തിരിച്ചുവരുമെന്നറിഞ്ഞാൽ കാത്തുനിൽക്കും. വൈകുമെങ്കിൽ തിരിച്ചുവരുന്ന സമയം തിരക്കിവെച്ച് കത്തുമായി വീണ്ടുമെത്തും.
ഒരു ദിവസം രാത്രിയായിട്ടും തപാൽ വിതരണം പൂർത്തീകരിക്കാനായില്ല. ഒരു മേൽവിലാസം തേടിയുള്ള അലച്ചിലായിരുന്നു. ആ വിലാസക്കാരനെ കണ്ടെത്താൻ അയാൾക്കായില്ല.
ആകെ കോലംകെട്ട് വിഷമിച്ചിരിക്കുന്ന അയാളുടെ അരികിലേക്ക് മകൾ വന്നു.
“എന്താച്ഛാ, ഇത്ര വൈകിയത് ?’
“ഒരു വിലാസം തേടി നടന്ന് വൈകിയതാ മോളേ…എനിക്കാണെങ്കിൽ അത് കൊടുക്കാതെ ഒരു മനസ്സമാധാനോ ഇല്ലാ…’
“എവിടാച്ഛാ, ആ കത്ത്? ‘
അയാൾ കത്തെടുത്ത് മകൾക്ക് കൊടുത്തു.
” അച്ഛന് പ്രാന്തായോ, ഇത് അച്ഛന് തന്നെയുള്ളതാ…’