accident death
കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു
ടാർപായ കെട്ടുന്നതിനിടെയാണ് പിന്നിൽ നിന്ന് വന്ന ഗ്യാസ് ടാങ്കർ ഇടിച്ചു കയറിയത്.

തൃശൂർ | അഴിഞ്ഞുപോയ ടാർപായ കെട്ടിയുറപ്പിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചു. ചരക്ക് ലോറിയിലെ ഡ്രൈവർ കർണ്ണാടക സ്വദേശി ചന്ദ്രപ്പ രാംപൂർ (59) ആണ് മരിച്ചത്. ദേശീയപാതയിൽ കയ്പമംഗലം പനമ്പിക്കുന്നിൽ ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം.
ഗുജറാത്തിലെ സൂറത്തിൽ നിന്ന് റബറുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയുടെ ടാർപായ അഴിഞ്ഞത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും കെട്ടിയുറപ്പിക്കാനായി റോഡരികിൽ നിർത്തുകയുമായിരുന്നു. പുറത്തിറങ്ങി ടാർപായ കെട്ടുന്നതിനിടെയാണ് പിന്നിൽ നിന്ന് വന്ന ഗ്യാസ് ടാങ്കർ ഇടിച്ചു കയറിയത്.
ചന്ദ്രപ്പ അപകട സ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ ഗ്യാസ് ടാങ്കർ ഡ്രൈവർ പാലക്കാട് പാമ്പുമല സ്വദേശി രഞ്ജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാങ്കർ ലോറി പൂർണമായും തകർന്നു.