Pathanamthitta
വടശേരിക്കരയിലിറങ്ങിയ കടുവയെ വെടിവെച്ച് കൊല്ലാന്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം: പ്രമോദ് നാരായണന്‍ എംഎല്‍എ
കടുവ ഭീതിയില്‍ രണ്ട് ഗ്രാമങ്ങള്‍ കഴിയുന്‌പോഴും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസംഗതയ്‌ക്കെതിരേ പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ തേടി എംഎല്‍എ രംഗത്തെത്തിയത്.

വടശേരിക്കര | പെരുനാട്, വടശേരിക്കര മേഖലയില്‍ കടുവയുടെ ആക്രമണവും സാന്നിധ്യവും തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ കടുവയെ വെടിവച്ചുകൊല്ലാന്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നരമാസമായി പെരുനാട് മേഖലയും ഒരാഴ്ചയായി വടശേരിക്കരയും കടുവയുടെ ഭീതിയിലാണ്. കടുവ ഭീതിയില്‍ രണ്ട് ഗ്രാമങ്ങള്‍ കഴിയുന്‌പോഴും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസംഗതയ്‌ക്കെതിരേ പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ തേടി എംഎല്‍എ രംഗത്തെത്തിയത്.
കടുവയ്ക്കായി വനപാലകര്‍ നടത്തിയ തെരച്ചില്‍ ഫലം കാണാത്ത സാഹചര്യമുണ്ടായി. കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളില്‍ കൂട് വച്ചു. ഡ്രോണ്‍ ഉപയോഗിച്ച് വ്യാപകമായ തെരച്ചില്‍ നടത്തി രാപ്പകല്‍ വ്യത്യാസമില്ലാതെ നിരീക്ഷണവും നടത്തി.എന്നിട്ടും കടുവയെ കണ്ടെത്താനായില്ല. കടുവ മറ്റു ജനവാസ മേഖലകളിലേക്ക് പോകുകയാണ് ചെയ്യുന്നത്.
വടശേരിക്കര ചന്‌പോണ്‍ ഭാഗത്ത് വ്യാഴാഴ്ച രാത്രി ബൈക്ക് യാത്രക്കാരായ അച്ഛനും മകനും കടുവയെ കണ്ടതായി പറയുന്നു. കുന്പളത്താമണ്ണില്‍ കഴിഞ്ഞദിവസം വളര്‍ത്താടിനെ ആക്രമിച്ചു കൊന്ന സ്ഥലത്തു വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കഴിഞ്ഞദിവസം ഈ ഭാഗത്തേക്ക് കടുവ എത്തിയിട്ടില്ലെന്നാണ് നിഗമനം.