Connect with us

Editorial

ആധാരത്തിൽ മാതാപിതാക്കളുടെ സംരക്ഷണ വാഗ്ദാനം

സമൂഹത്തിൽ ധാർമിക ചിന്ത കൂടി ഉളവായെങ്കിൽ മാത്രമേ പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെടുകയുള്ളൂ. ഇല്ലെങ്കിൽ മാതാപിതാക്കളുടെ സംരക്ഷണം നിയമത്തിന്റെ കരങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള, അടിച്ചേൽപ്പിക്കപ്പെട്ട ഒരു വ്യവസ്ഥയായി തുടരും.

Published

|

Last Updated

ജീവിത കാലത്ത് മതാപിതാക്കൾ മക്കൾക്ക് സ്വത്ത് കൈമാറുമ്പോൾ, ആധാരത്തിൽ മരണം വരെ അവരെ സംരക്ഷിക്കാമെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്താനുള്ള ആലോചനയിലാണ് സംസ്ഥാന സർക്കാർ. മാതാപിതാക്കളുടെ സ്വത്ത് സ്വന്തമാക്കിയ ശേഷം പരിചരണവും സംരക്ഷണവും ആവശ്യമായ ഘട്ടത്തിൽ അവരെ സംരക്ഷിക്കാത്ത പ്രവണത വർധിച്ചതോടെയാണ് സർക്കാറിന്റെ ഈ നീക്കം. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്ന പരാതികൾ കൈകാര്യം ചെയ്യുന്നത് മെയിന്റനൻസ് ട്രൈബ്യൂണലുകളാണ്. മക്കളുടെ സംരക്ഷണ നിരാസത്തെക്കുറിച്ചുള്ളതാണ് ട്രൈബ്യൂണലുകൾക്ക് ലഭിക്കുന്ന പരാതികളിൽ കൂടുതലും. സബ്കലക്ടർമാരുടെ നേതൃത്വത്തിൽ റവന്യൂ ഡിവിഷൻ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഈ ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നത്.

യൗവനകാലം മക്കൾക്കും കുടുംബത്തിനുമായി ബലിയർപ്പിച്ച മാതാപിതാക്കൾ വാർധക്യത്തിലെത്തുമ്പോൾ അവരെ സംരക്ഷിക്കേണ്ടത് മക്കളുടെ ബാധ്യതയാണ്. ഭക്ഷണവും വസ്ത്രവും താമസ സൗകര്യവും നൽകുക മാത്രമല്ല, സ്‌നേഹം പകർന്നു നൽകി വാർധക്യത്തിൽ അനുഭവപ്പെടുന്ന ഒറ്റപ്പെടലിൽ നിന്നു അവർക്ക് സംരക്ഷണം നൽകണമെന്നത് മതങ്ങളുടെ കൽപ്പന മാത്രമല്ല, ധാർമിക, സാമൂഹിക ബാധ്യത കൂടിയാണ്. വൈദ്യശാസ്ത്ര പുരോഗതിയും മെച്ചപ്പെട്ട ആരോഗ്യപരിപാലനവും മൂലം മനുഷ്യരുടെ ആയുർ ദൈർഘ്യം വർധിച്ചതോടെ ജനസംഖ്യയിൽ വൃദ്ധരുടെ അനുപാതം വർധിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പത്തെ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 60 കോടിയോളം പേർ 60 വയസ്സിന് മീതെയുള്ളവരാണ്. 2025 ആകുമ്പോഴേക്കും ഇത് 100 കോടിയിലധികമായി ഉയരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വൃദ്ധജനങ്ങളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും മക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കേണ്ട പരിചരണവും സ്‌നേഹവായ്പും കുറഞ്ഞു കൊണ്ടിരിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്നും അണുകുടുംബങ്ങളിലേക്കുള്ള മാറ്റത്തോടെയാണ് ഈ പ്രവണത വർധിച്ചത്. കുടുംബാംഗങ്ങളിലും അയൽ ബന്ധങ്ങളിലും നേരത്തേയുണ്ടായിരുന്ന ഊഷ്മളബന്ധങ്ങൾ ഇന്ന് കുറവാണ്. ഇന്നലെ വരെ കുടുംബത്തിന്റെ ഐശ്വര്യമായി കണ്ടിരുന്ന മാതാപിതാക്കളെ പ്രായമെത്തി അധ്വാനിക്കാൻ കഴിയാതാകുന്നതോടെ ഭാരമായാണ് മക്കളിൽ പലരും കാണുന്നത്. ശാരീരിക പീഡനങ്ങൾ, സാമൂഹികമായ ഒറ്റപ്പെടുത്തൽ, സ്വത്ത് ബലമായി എഴുതി വാങ്ങൽ തുടങ്ങി നിരവധി പീഡനങ്ങൾക്കു അവർ വിധേയരാകുകയാണ്. സ്വത്ത് കൈക്കലാക്കി വൃദ്ധ മാതാപിതാക്കളെ പുറന്തള്ളുന്നതും വൃദ്ധ സദനങ്ങളിൽ പാർപ്പിക്കുന്നതും പതിവു സംഭവമായി മാറി. മക്കൾ മികച്ച സാമ്പത്തിക നിലയിൽ കഴിയവേ വൃദ്ധസദനങ്ങളിലെ തടവറയിൽ നീറി കഴിയുന്ന വയോജനങ്ങൾ മനസ്സാക്ഷിക്കു മുമ്പിൽ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ 2007ൽ മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമം (Maintenance and Welfare of Parestn and Senior Citizens Ac) നടപ്പാക്കിയത്. ഇതനുസരിച്ചു ഏതെങ്കിലും ഒരു മുതിർന്ന പൗരൻ അയാളുടെ സ്വത്ത് സമ്മാനമായോ മറ്റു വിധേനയോ വേറൊരാൾക്ക് കൈമാറ്റം ചെയ്യുകയും, അയാൾ വസ്തു കൈമാറ്റത്തിന് മുമ്പ് വാഗ്ദാനം ചെയ്ത ഭൗതിക സൗകര്യങ്ങളും, ആവശ്യങ്ങളും നൽകാതിരിക്കുകയും ചെയ്താൽ പ്രസ്തുത സ്വത്ത് കൈമാറ്റം വഞ്ചനയോടുകൂടിയുള്ള കൈമാറ്റമായി കണക്കാക്കുകയും, കൈമാറ്റം നൽകിയ ആളുടെ ആഗ്രഹം അനുസരിച്ച് മെയിന്റനൻസ് ട്രൈബ്യൂണലിന് നിയമ നടപടികളിലൂടെ സ്വത്ത് കൈമാറ്റം അസാധുവായി പ്രഖ്യാപിക്കുകയും ചെയ്യാം.

തുടർന്നു പലപ്പോഴായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ഭേദഗതിയിലൂടെ ഈ നിയമം കൂടുതൽ കർശനമാക്കി. 2007ലെ നിയമത്തിൽ നിയമ ലംഘകർക്ക് ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നില്ല. പിന്നീട് ഭേദഗതിയിലൂടെയാണ് ആറ് മാസത്തെ തടവു ശിക്ഷ നടപ്പാക്കിയത്.
2019 ൽ മുതിർന്ന പൗരന്മാരുടെ സംരക്ഷണ ബാധ്യതയിൽ മരുമക്കൾ, ദത്തെടുത്ത മക്കൾ, രണ്ടാം ബന്ധത്തിലെ മക്കൾ എന്നിവരെ കൂടി ഉൾപ്പെടുത്തി. എങ്കിലും സ്വത്ത് ലഭിച്ച വ്യക്തി അത് നൽകിയ ആളിനു പ്രാഥമിക സൗകര്യങ്ങളും ഭൗതിക സൗകര്യങ്ങളും ചെയ്തു കൊടുക്കണമെന്നു ആധാരത്തിൽ പ്രത്യേകം രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഇല്ലായിരുന്നു. മക്കളോ മരുമക്കളോ സംരക്ഷിക്കുന്നില്ലെങ്കിൽ അവർക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന വ്യവസ്ഥ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതനുസരിച്ചു ട്രൈബ്യൂണൽ വൃദ്ധജനങ്ങളുടെ പരാതികൾ പരിശോധിച്ചു നിയമപ്രകാരം ആധാരം റദ്ദാക്കി സ്വത്ത് അവർക്ക് തന്നെ തിരിച്ചുനൽകുന്നുണ്ടെങ്കിലും ഇതിനു നിയമപരമായ നടപടിക്രമങ്ങൾ ഏറെയുണ്ട്. പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന വൃദ്ധർക്ക്, ഇത്തരം നടപടിക്രമങ്ങളിലൂടെ കടന്നു പോയി സ്വത്ത് തിരിച്ചു പിടിക്കുക പ്രയാസകരമാണ്. ഇത് പരിഹരിക്കാനാണ് ആധാരം എഴുമ്പോൾ തന്നെ മാതാപിതാക്കളുടെ സംരക്ഷണ വ്യവസ്ഥ കൂടി ഉൾപ്പെടുത്തണമെന്ന നിർദേശം ഉയർന്നുവന്നത്. ഇതോടെ മാതാപിതാക്കളുടെ സ്വത്തുക്കൾ കൈക്കലാക്കിയ മക്കൾ വാർധക്യ കാലത്ത് സംരക്ഷണം നൽകിയില്ലെങ്കിൽ, അത് 2007 ലെ നിയമ വ്യവസ്ഥയുടെ ലംഘനമാണെന്ന് വിലയിരുത്തി മെയിന്റനൻസ് ട്രൈബ്യൂണലുകൾക്ക് കൂടുതൽ നിയമനപടികളിലേക്ക് നീങ്ങാതെ തന്നെ ആധാരം റദ്ദാക്കാനുള്ള അധികാരം കൈവരും. എങ്കിലും സമൂഹത്തിൽ ധാർമിക ചിന്ത കൂടി ഉളവായെങ്കിൽ മാത്രമേ പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെടുകയുള്ളൂ. ഇല്ലെങ്കിൽ മാതാപിതാക്കളുടെ സംരക്ഷണം പിന്നെയും നിയമത്തിന്റെ കരങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള, അടിച്ചേൽപിക്കപ്പെട്ട ഒരു വ്യവസ്ഥയായി തുടരും. ഈ ബാധ്യത മനസ്സറിഞ്ഞു നിർവഹിക്കാനുള്ള ഒരു മാനസികാവസ്ഥയിലേക്ക് സമൂഹം ഉയർന്നു വരേണ്ടതുണ്ട്.