Connect with us

Book Review

മഹാവ്യാധിയുടെ ഓർമപ്പുസ്തകം

നഗരത്തിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാനാണ് അയാൾ ആദ്യം ആലോചിക്കുന്നത്. പക്ഷേ, അങ്ങനെ ചെയ്താൽ തനിക്കുണ്ടാകുന്ന വമ്പിച്ച സാമ്പത്തിക നഷ്ടത്തെക്കുറിച്ചോർത്തപ്പോൾ അവിടെത്തന്നെ കഴിയാൻ അയാൾ നിർബന്ധിതനാകുന്നു. പിന്നീടങ്ങോട്ട് കരൾ പിളർക്കുന്ന കാഴ്ചകൾക്കാണ് അയാൾ സാക്ഷ്യം വഹിക്കുന്നത്.

Published

|

Last Updated

മഹാമാരികളെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ആദ്യത്തേതെന്ന് വിശേഷിപ്പിക്കാവുന്ന രചനയാണ് ഡാനിയൽ ഡിഫോയുടെ പ്ലേഗ് കാലഘട്ടത്തെക്കുറിച്ചൊരു പത്രിക (A Journal of the Plague Year). 1665 ൽ ലണ്ടൻ നഗരത്തിൽ സംഹാരതാണ്ഡവമാടിയ പ്ലേഗ് സൃഷ്ടിച്ച ദുരന്തങ്ങളുടെ കഥ പറയുന്ന രചനയാണിത്. ചരിത്ര നോവലിന്റെ ഗണത്തിൽ പെടുത്താവുന്ന ഈ കൃതി ആഖ്യാതാവിന്റെ ഓർമകളിലൂടെയാണ് വികസിക്കുന്നത്. വർഷങ്ങളുടെ പഠന ഗവേഷണങ്ങൾക്കൊടുവിൽ ഡിഫോ രചിച്ച ഈ പുസ്തകത്തിന് മുന്നൂറ്‌ വയസ്സ് തികഞ്ഞിരിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിൽ ലണ്ടൻ നഗരത്തെ ആക്രമിച്ചു കീഴ്പ്പെടുത്തിയ പ്ലേഗ് എന്ന മഹാമാരിയെ ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായാണ് വിവക്ഷിക്കുന്നത്. ആ നഗരത്തിലെ മൊത്തം ജനസംഖ്യയുടെ ഇരുപത്തിയഞ്ച് ശതമാനം, അതായത് ഏകദേശം ഒരു ലക്ഷത്തിലധികം പേരാണ് അന്നതിന്റെ ഇരയായിത്തീർന്നത്. ഫ്രാൻസിലെ മേഴ്‌സിലസ് തുറമുഖത്തുനിന്നും ലണ്ടൻ നഗരത്തിലേക്കു കുതിച്ചെത്തിയ ആ മഹാമാരി ഇംഗ്ലണ്ടിനെ മാത്രമല്ല ലോകരാജ്യങ്ങളെ മുഴുവനും ഭീതിയുടെയും ആശങ്കയുടെയും അസ്ത്രമുനയിൽ നിർത്തിയിരുന്നു. ആ ദുരന്തം നടക്കുമ്പോൾ ഡിഫോയ്ക്ക് അഞ്ച് വയസ്സായിരുന്നു പ്രായം. പതിറ്റാണ്ടുകൾക്കു ശേഷം 1722 ൽ ഡിഫോയുടെ പുസ്തകം പുറത്തുവന്നപ്പോൾ അമ്പരപ്പ് കലർന്ന ആവേശത്തോടെയാണ് സഹൃദയലോകം ആ കൃതിയെ സ്വീകരിച്ചത്. നിരവധി ചരിത്രരേഖകളേയും ആ കാലത്തെ സംഭവങ്ങൾക്കെല്ലാം ദൃക്‌സാക്ഷിയായിരുന്ന തന്റെ അമ്മാവന്റെ ഓർമകളേയും ആശ്രയിച്ചുകൊണ്ടാണ് താൻ ഈ നോവൽ രചിച്ചതെന്ന് ഡിഫോ പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

നോവലിലെ ആഖ്യാതാവ് H F എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വ്യാപാരിയാണ്. ഇത് ഡിഫോയുടെ അമ്മാവനായ “Henry Foe’ തന്നെയാണെന്നാണ് നിരൂപകമതം. നഗരത്തിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാനാണ് അയാൾ ആദ്യം ആലോചിക്കുന്നത്. പക്ഷേ, അങ്ങനെ ചെയ്താൽ തനിക്കുണ്ടാകുന്ന വമ്പിച്ച സാമ്പത്തിക നഷ്ടത്തെക്കുറിച്ചോർത്തപ്പോൾ അവിടെത്തന്നെ കഴിയാൻ അയാൾ നിർബന്ധിതനാകുന്നു. പിന്നീടങ്ങോട്ട് കരൾ പിളർക്കുന്ന കാഴ്ചകൾക്കാണ് അയാൾ സാക്ഷ്യം വഹിക്കുന്നത്. ഭീകരതാണ്ഡവമാടുന്ന പ്ലേഗിന് ഇരയായിത്തീരുന്ന ഹതഭാഗ്യരുടെ ദൈന്യത അയാളോടൊപ്പം വായനക്കാരുടെയും സ്വാസ്ഥ്യം കെടുത്തുന്നു. ലണ്ടനിലെ കുടുംബങ്ങളിൽ പ്ലേഗ് പടർന്നുപിടിക്കുന്നതും അത് ഓരോ മനുഷ്യനേയും രോഗഗ്രസ്തനാക്കുന്നതും ഭരണകൂടം അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും ഒരു ചലച്ചിത്രത്തിലെന്നപോലെ നമ്മുടെ മുന്നിൽ തെളിയുന്നു. ഉറ്റവരും ഉടയവരും പ്ലേഗിന്റെ ഇരയായി മരണമടയുമ്പോൾ ആർത്തലച്ചു കരയുന്ന കുടുംബാംഗങ്ങളും കുത്തിനിറച്ച മൃതദേഹങ്ങളുമായി നീങ്ങുന്ന വാഹനങ്ങളും ഹൃദയഭേദകമായ ചിത്രങ്ങളാണ് വായനക്കാരുടെ മുന്നിൽ വരച്ചിടുന്നത്.

ഓരോരോ കാലഘട്ടത്തിൽ വിവിധ സ്ഥലങ്ങളിലായി പൊട്ടിപ്പുറപ്പെട്ട മഹാമാരികൾ സൃഷ്‌ടിച്ച സാമൂഹികദുരന്തങ്ങളെ പശ്ചാത്തലമാക്കി ലോകസാഹിത്യത്തിൽ ഉണ്ടായിട്ടുള്ള വിഖ്യാത രചനകളാണ് അൽബേർ കാമുവിന്റെ പ്ലേഗ്, ഹോസേ സരമാഗുവിന്റെ അന്ധത, മാർക്വേസിന്റെ കോളറാ കാലത്തെ പ്രണയം എന്നിവ.
ഡിഫോയുടെ പത്രികയെ ഇവയുടെ മുൻഗാമിയായി കണക്കാക്കാം. അതേസമയം ഈ രചനയെ ആധികാരികമായൊരു ചരിത്രരേഖയാണെന്ന് വിലയിരുത്തുന്നതും ശരിയായിരിക്കില്ല. ആധികാരികമായിത്തന്നെയാണ് താൻ ഇതിന്റെ രചന നിർവഹിച്ചതെന്ന് ഡിഫോ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഭാവനയുടെ ചേരുവകൾ കൂടി ഇതിൽ അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുള്ളത് കാണാതിരുന്നുകൂടാ. (റോബിൻസൺ ക്രൂസോ എന്ന തന്റെ വിഖ്യാത രചന ഇരുപത്തിയെട്ടു വർഷം ആ വിജന ദ്വീപിൽ ജീവിച്ച ഒരാളുടെ അനുഭവങ്ങളാണെന്ന് ഡിഫോ അവകാശപ്പെട്ടിരുന്നല്ലോ) അതേസമയം ഈ നോവൽ ഉയർത്തിപ്പിടിക്കുന്ന ചരിത്രപരവും സാമൂഹികപരവുമായ പ്രാധാന്യം നിഷേധിക്കുന്നതും അത്ര ആശാസ്യകരമാകില്ല. വലിയൊരു നഗരത്തിൽ അതിദ്രുതം പ്ലേഗ് പടർന്നുപിടിക്കുന്നതും തുടർന്ന് ഭരണകൂടം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുമെല്ലാം തികഞ്ഞ യാഥാർഥ്യബോധത്തോടെയാണ് ഡിഫോ ചിത്രീകരിക്കുന്നത്.

വളരെ പ്രധാനപ്പെട്ട ഒരു ചരിത്രസംഭവത്തെ ഭാവനയുടെ നിറം പൊതിഞ്ഞു ആവിഷ്കരിക്കുമ്പോഴും വസ്തുതകളോട് അദ്ദേഹം പരമാവധി നീതിപുലർത്തുന്നു എന്നത് കാണാതിരുന്നുകൂടാ. ഓരോ പ്രദേശത്തും മരണപ്പെട്ടവരുടെയും രോഗഗ്രസ്തരായവരുടെയും ദിനസരിക്കണക്കുകൾ അദ്ദേഹം ഇതിൽ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചിലയിടങ്ങളിലെല്ലാം ഈ രചന ഒരു വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നുമുണ്ട് എന്നത് സത്യമാണ്. എങ്കിലും ഈ രചനക്ക് പിന്നിലെ ഡിഫോയുടെ ആത്മാർഥതയും ഒപ്പം അദ്ദേഹത്തിന്റെ ധിഷണയും ഭാവനയും മനോധർമവും പത്രികയുടെ വായനയെ ആസ്വാദ്യകരമാക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഇംഗ്ലണ്ടിലെ പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനും വ്യാപാരിയുമായിരുന്ന ഡാനിയൽ ഡിഫോ (Daniel Difoe; 1660 – 1731) ലണ്ടനിലാണ് ജനിച്ചത്. വ്യാപാരത്തിൽ തുടക്കത്തിൽ അഭിവൃദ്ധിയുണ്ടായിരുന്നെങ്കിലും പിന്നീടു വന്ന ചില പ്രശ്നങ്ങൾ കാരണം കോടതി അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിക്കുകയും അതിന്റെ ഫലമായി പല തവണ അദ്ദേഹം തടവറക്കുള്ളിൽ അകപ്പെടുകയും ചെയ്തു. ജയിൽമോചിതനായതിനുശേഷം ഡിഫോ രാഷ്ട്രീയ ലഘുലേഖനങ്ങളും കുറിപ്പുകളും എഴുതാൻ തുടങ്ങി. തുടർന്ന് കവിതയിലേക്കും നോവലിലേക്കും പ്രവേശിച്ചു. അതിനിടെ കുറേക്കാലം ഡിഫോ ഭരണകൂടത്തിന്റെ ചാരനായും പ്രവർത്തിച്ചിരുന്നു എന്നതാണ് കൗതുകകരമായ വസ്തുത. പണക്കാരനായും ദരിദ്രനായും മരണം വരെ മാറിമാറി ആടിത്തീർത്ത സംഭവബഹുലമായിരുന്ന ആ ജീവിതം പല വിഖ്യാത രചനകൾക്കും വേദിയായി. കടുത്ത ഋണബാധ്യതകളിൽ നട്ടം തിരിയുമ്പോളാണ് 1731 ൽ അദ്ദേഹം അന്തരിച്ചത്. എങ്കിലും റോബിൻസൻ ക്രൂസോ പോലെ ലോകപ്രശസ്തി നേടിയ നിരവധി പുസ്തകങ്ങൾ ലോകത്തിനു സമ്മാനിച്ച ഡിഫോയുടെ ജീവിതം വായനാലോകത്തെ സംബന്ധിച്ച് ധന്യം തന്നെയായിരുന്നു.
ഡിഫോയുടെ പത്രിക പുറത്തിറങ്ങിയിട്ട് മുന്നൂറ് വർഷം കഴിഞ്ഞു. എങ്കിലും വായനാ സമൂഹം ഇപ്പോഴും ഈ രചനയെ താലോലിക്കുന്നുവെന്നത് സത്യമാണ്. ഇന്നിപ്പോൾ നമ്മുടെ ലോകം മറ്റൊരു മഹാമാരിയുടെ ഭീഷണിയിലൂടെ കടന്നുപോവുകയാണ്. മഹാമാരികൾ നിലയ്ക്കുന്നില്ലെന്നും ഓരോ കാലത്തും ഓരോ രൂപത്തിൽ അവ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും എന്നും ഇന്ന് നമ്മൾ തിരിച്ചറിയുന്നു. ആ തിരിച്ചറിവുകൾക്ക് ഊർജം നൽകാനും പുതുകാല പ്രതിസന്ധികളെ പ്രതിരോധിക്കാനും ഡിഫോയുടെ ഈ രചനയും നമ്മെ സഹായിക്കുമെന്ന് പ്രത്യാശിക്കാം.