Connect with us

literature

ചെറിയ രാജ്യത്തെ വലിയ എഴുത്തുകാരി

നോവലാണ് മറൈസ് കോൺഡേയുടെ പ്രധാന തട്ടകം. ഇരുപതോളം നോവലുകൾ എഴുതിയിട്ടുള്ള ഈ എഴുത്തുകാരിയുടെ ഏറ്റവും ശ്രദ്ധേയമായ നോവൽ " Segou' 1987 ൽ പ്രസിദ്ധീകരിച്ചു. രണ്ടു ഭാഗങ്ങളുള്ള ഈ നോവൽ അടിമവ്യാപാരത്തിനും അധിനിവേശങ്ങൾക്കുമെതിരെ ആഫ്രിക്കയിലെ ഒരു രാജ്യമായ സെഗുവിലെ ജനങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്.

Published

|

Last Updated

മറൈസ് കോൺഡേ (Maryse Cond) എന്ന കരീബിയൻ എഴുത്തുകാരി അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടത് സഹൃദയലോകം കൗതുകത്തോടെ ഉറ്റുനോക്കിയ ആദ്യത്തെ (ഒരു പക്ഷെ അവസാനത്തെയും) ബദൽ നൊബേൽ പുരസ്‌കാര ജേത്രി എന്ന നിലയിലാണ്. 2018ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിക്കാതിരുന്നതിനെത്തുടർന്നാണ് അതിനു പകരമായി ബദൽ നൊബേൽ അഥവാ New Academy Prize എന്ന പേരിൽ തികച്ചും ജനകീയമായ ഒരു പുരസ്‌കാരം ഏർപ്പെടുത്തിയത്. സ്വീഡനിലെ നൂറിലധികം ലൈബ്രറികളിലെ ലൈബ്രേറിയന്മാർ തിരഞ്ഞെടുത്ത നാൽപ്പത്തിയേഴ് എഴുത്തുകാരിൽനിന്നും മുപ്പതിനായിരത്തിലധികം വരുന്ന ലൈബ്രറി അംഗങ്ങൾ വോട്ടിംഗിലൂടെ ഷോർട്ട് ലിസ്റ്റ് ചെയ്ത മൂന്ന് പേരിൽ നിന്നാണ് മറൈസ് കോൺഡേ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് കോൺഡേയുടെ കൈകളിൽ ഈ പുരസ്കാരമെത്തിയപ്പോൾ അവരോടൊപ്പം അംഗീകരിക്കപ്പെട്ടത് ഗ്വാഡലൂപ്പ് എന്ന, കരീബിയൻ ദ്വീപ് സമൂഹത്തിലെ തീരെ ചെറിയ, അതുവരെ സഹൃദയലോകം ശ്രദ്ധിച്ചിട്ടുപോലുമില്ലാത്ത അവരുടെ മാതൃരാജ്യം കൂടിയായിരുന്നു. ഇപ്പോൾ ഇതാ ഈ എഴുത്തുകാരിയുടെ The Gospel According to the New World എന്ന നോവൽ ഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലും സ്ഥാനം നേടിയിരിക്കുന്നു.

ഗ്വാഡലൂപിലെ ഏറ്റവും വലിയ പട്ടണമായ പെന്റാ പിട്രേയിൽ 1937 ൽ ജനിച്ച മറൈസ് കോൺഡേ എട്ടാമത്തെ വയസ്സിൽ ഒരു ഏകാങ്കനാടകമെഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്നത്. എമിലി ബ്രോണ്ടിയുടെ വൂതറിംഗ് ഹൈറ്റ്സ് ചെറുപ്പത്തിലേ അവരിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പാരീസിലെ ഉപരിപഠനത്തിനുശേഷം കുറേക്കാലം പടിഞ്ഞാറൻ ആഫ്രിക്കയിലെ വിവിധ സ്കൂളുകളിൽ അവർ അധ്യാപികയായി സേവനമനുഷ്ഠിച്ചു. പിന്നീട് താരതമ്യസാഹിത്യത്തിൽ സോൺബോൺ സർവകലാശാലയിൽനിന്നും ഉന്നതബിരുദം നേടിയ ശേഷം ഏറെക്കാലം സർവകലാശാല അധ്യാപികയായി. 2004 ൽ കൊളംബിയ സർവകലാശാലയിൽ നിന്നും വിരമിച്ച മറൈസ് കോൺഡേ ഇപ്പോൾ എഴുത്തിന്റെയും വായനയുടേയും ലോകത്ത് സജീവമാണ്.

നോവലാണ് മറൈസ് കോൺഡേയുടെ പ്രധാന തട്ടകം. ഇരുപതോളം നോവലുകൾ എഴുതിയിട്ടുള്ള ഈ എഴുത്തുകാരിയുടെ ഏറ്റവും ശ്രദ്ധേയമായ നോവൽ “Segou’ 1987 ൽ പ്രസിദ്ധീകരിച്ചു. രണ്ട് ഭാഗങ്ങളുള്ള ഈ നോവൽ അടിമവ്യാപാരത്തിനും അധിനിവേശങ്ങൾക്കുമെതിരെ ആഫ്രിക്കയിലെ ഒരു രാജ്യമായ സെഗുവിലെ ജനങ്ങൾ നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്. ഒരു അടിമസ്ത്രീയുടെ അതിജീവനത്തിന്റെ കഥ പറയുന്ന I, Titube, Black Witch of Shalom’, കരീബിയൻ സംസ്കാരത്തിന്റെ സൂക്ഷ്മാംശങ്ങളെ പ്രതിഫലിപ്പിക്കുന്ന Crossing the Mangroves, ലിംഗനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ വിവരിക്കുന്ന Story of the Cannibal Woman എന്നിവയാണ് മറൈസ് കോൺഡേയുടെ വിഖ്യാത നോവലുകൾ. പിൽക്കാല രചനകൾ മിക്കതും ആത്മകഥാപരമാണ്. Memories of My Childhood, Victoire , Who Slashed Selanir’s Throat? എന്നിവ ബാല്യകാലസ്മരണകളുടെയും ഓർമക്കുറിപ്പുകളുടെയും സമാഹാരമാണ്. ഇവക്കു പുറമെ, കരീബിയൻ സാഹിത്യത്തെയും സംസ്കാരത്തെയും സംബന്ധിച്ച നിരവധി ഉപന്യാസങ്ങൾ, സാഹിത്യപഠനങ്ങൾ, ബാലസാഹിത്യകൃതികൾ, നാടകങ്ങൾ എന്നിവയും മറൈസ് കോൺഡേയുടെ തൂലികയിൽനിന്നും പിറവികൊണ്ടിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിൽ രചിക്കപ്പെട്ട കൃതികളിൽ മിക്കവയും മറ്റു നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്.
ചരിത്രവും സംസ്‌കാരവും ഇഴചേർത്തു നിർമിക്കപ്പെട്ടവയാണ് മറൈസ് കോൺഡേയുടെ നോവലുകൾ. കോളനിവത്കരണത്തിന്റെ മുറിവുകൾ, ലിംഗനീതി, സങ്കരസംസ്കാരങ്ങളുടെ പ്രശ്നങ്ങൾ എന്നിവയെ ചരിത്രപരമായ പശ്ചാത്തലത്തിൽ അവ പരിശോധിക്കുന്നു. സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന, വർണം, വർഗം, സംസ്കാരം എന്നിവയാൽ വിഭജിക്കപ്പെടുന്ന, പതിത ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തിലെ വൈയക്തികവും സാമൂഹികവുമായ വിവിധ പ്രശ്നങ്ങളെയാണ് ഈ രചനകളിലെല്ലാം അദ്ദേഹം ആവിഷ്കരിക്കുന്നത്.
ബദൽ നൊബേൽ പുരസ്‌കാരം ലഭിച്ച അവസരത്തിൽ മറൈസ് കോൺഡേ പറഞ്ഞു. “ഈ പുരസ്‌കാരം തികച്ചും ജനകീയമാണ്. അതുകൊണ്ടുതന്നെ ഞാൻ അതിനെ അങ്ങേയറ്റം വിലമതിക്കുന്നു. തീരെച്ചെറിയ ഒരു രാജ്യമാണ് എന്റേത്. ഭൂകമ്പവും കൊടുങ്കാറ്റും പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അത് മാധ്യമശ്രദ്ധയാകർഷിക്കാറുള്ളത്. ഈ പുരസ്‌കാരം എന്റെ രാജ്യത്തെ വീണ്ടും ലോകശ്രദ്ധയിലേക്കെത്തിക്കുന്നു. അതിന് നിമിത്തമായതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു.’ 2023 ലെ അന്താരാഷ്ട്ര ബുക്കർ പുരസ്‌കാര പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ തങ്ങളുടെ ചെറിയ രാജ്യത്തെ ഈ വലിയ എഴുത്തുകാരിയെ തേടി ഈ പുരസ്കാരവുമെത്തുമോ എന്ന ആകാംക്ഷയിലാണ് കരീബിയൻ സാഹിത്യലോകം.

ലോകമെമ്പാടുമുള്ള പാർശ്വവത്കൃത വിഭാഗങ്ങളുടെ ജീവിതസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി വാദിക്കുന്ന എഴുത്തുകാരിയാണ് മറൈസ് കോൺഡേ. അതിനുവേണ്ടി എഴുത്തിനെത്തന്നെ അവർ ആയുധമാക്കുന്നു. സാഹിത്യത്തിന്റെ പ്രധാന ധർമവും ലക്ഷ്യവും മനുഷ്യജീവിതത്തെ നവീകരിക്കുക എന്നതാണെന്ന് അഭിപ്രായപ്പെടുന്ന ഈ എഴുത്തുകാരി, സാമൂഹികപ്രതിജ്ഞാബദ്ധതയാണ് എഴുത്തുകാരുടെ പ്രധാന കർത്തവ്യമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സാമൂഹിക വിഷയങ്ങളല്ലാതെ മറ്റൊന്നിനേയും കുറിച്ച് തനിക്ക് എഴുതാൻ താത്പര്യമില്ലെന്ന് പല വേദികളിലും അവർ വ്യക്തമാക്കിയിട്ടുമുണ്ട്. ഇവരുടെ രചനകളെല്ലാം വിളംബരം ചെയ്യുന്നതും ഈ വസ്തുത തന്നെയാണ്.