Connect with us

National

പരാതി നല്‍കാനെത്തിയ ദളിത് യുവതിയ്ക്ക് പീഡനം; യുപിയില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍

പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കാറില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു.

Published

|

Last Updated

ലക്‌നോ| പരാതി നല്‍കാനെത്തിയ ദളിത് യുവതിയെ പോലീസുകാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കാറില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയായ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

സെപ്തംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. തന്നെ ചിലര്‍ ശല്യപ്പെടുത്തുന്നുണ്ടെന്നും വധഭീഷണി ഉണ്ടെന്നും ആരോപിച്ച് പരാതി നല്‍കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ജങ്ഹായ് പോലീസ് ഔട്ട്പോസ്റ്റ് ഇന്‍ചാര്‍ജ് സബ് ഇന്‍സ്പെക്ടര്‍ സുധീര്‍ കുമാര്‍ പാണ്ഡെയ്ക്കാണ് പരാതി നല്‍കിയത്. സെപ്തംബര്‍ 21ന് വൈകുന്നേരം ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചു വരുത്തി.

പ്രതികളെ പിടികൂടാനെന്ന വ്യാജേന പരാതിക്കാരിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. വഴിയില്‍ വെച്ച് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം കുടിക്കാന്‍ നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ കാറില്‍ വെച്ച് തന്നെ എസ്‌ഐ പീഡിപ്പിക്കുകയായിരുന്നു. ഇരയുടെ പരാതിയില്‍ സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സുധീര്‍ കുമാര്‍ പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സരായ് മാമ്റേജ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ പാണ്ഡെയ്ക്കെതിരെ ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരവും എസ്സി/എസ്ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. നിലവില്‍ പാണ്ഡെ ഒളിവിലാണ്.

 

 

 

Latest