Connect with us

Malappuram

ലഹരിക്കെതിരെ മഅദിന്‍ മിംഹാറിന് കീഴില്‍ 2,500 കി മീ ബൈക്ക് യാത്ര ആരംഭിച്ചു

യാത്രയുടെ ഫ്‌ളാഗ് ഓഫ് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു.

Published

|

Last Updated

മലപ്പുറം | മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള വ്യത്യസ്തയിനം ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഅദിന്‍ മിംഹാര്‍ സൈക്യാട്രിക് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ബൈക്ക് യാത്രക്ക് തുടക്കമായി. മിംഹാര്‍ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യാത്രയുടെ ഫ്‌ളാഗ് ഓഫ് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വഹിച്ചു.

ലഹരി വസ്തുക്കള്‍ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മത രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍ ഇത്തരം വിപത്തിനെതിരെ കൈകോര്‍ക്കണമെന്നും മിംഹാറിന് കീഴില്‍ നടക്കുന്ന ബോധവത്കരണ യാത്ര മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ‘ലഹരി മുക്ത നാടിനായി കൈകോര്‍ക്കാം’ എന്ന ശീര്‍ഷകത്തില്‍ 2,500 കിലോമീറ്റര്‍ ആയിരം ടൗണുകള്‍ ചുറ്റി 500 കോളേജുകള്‍, 100 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ബോധവത്കരണം നടത്തും. മിംഹാര്‍ മാനേജിംഗ് ഡയറക്ടര്‍ ശബീര്‍ അലി അദനി, ഡോ.ഫവാസ്, അബ്ദുല്‍ ഹമീദ് നഈമി, ഡോ.ശമീര്‍ അലി, മുഹമ്മദ് നൗഷാദ്, ഡോ.അബ്ദുസ്സലാം കൂട്ടിലങ്ങാടി, ഫര്‍സിന്‍ അദനി, ഡോ.ഖലീല്‍ എന്നിവരാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്.

യാത്രയുടെ ഭാഗമായി പ്രമുഖ വ്യക്തികളുമായുള്ള ഇന്റര്‍വ്യൂ, സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആസ്വാദന പരിപാടികള്‍, ലഘുലേഖാ വിതരണം, ബോധവത്കരണ സെഷനുകള്‍, ലഹരി വിരുദ്ധ പ്രതിജ്ഞ, പ്ലക്കാര്‍ഡ് പ്രദര്‍ശനം, വിവര ശേഖരണം, ഡോക്യുമെന്ററി പ്രദര്‍ശനം, സംവാദങ്ങള്‍ എന്നിവ നടക്കും. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി, അബ്ദുല്‍ ജലീല്‍ അസ്ഹരി, ശിഹാബ് സഖാഫി വെളിമുക്ക്, ഉബൈദുല്ല സേഠ്, അസ്ഹറുദ്ദീന്‍ സേഠ് സംബന്ധിച്ചു.

2017 ജൂണ്‍ ഒന്നിന് ആരംഭിച്ച മഅദിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിഹാബിലിറ്റേഷന് കീഴില്‍ ഇതിനകം 25,000ലധികം മനോരോഗികള്‍ക്കും വ്യത്യസ്ത ലഹരിക്കടിമപ്പെട്ട ആറായിരം പേര്‍ക്കും മുക്തി നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഡീ അഡിക്ഷന്‍ സെന്റര്‍, സൈക്യാട്രിക് റിഹാബിലിറ്റേഷന്‍, ക്ലിനിക്കല്‍ സൈക്കോളജി, ചൈല്‍ഡ് ഡെവലപ്‌മെന്റ്, ഒ സി ഡി ക്ലിനിക്ക് തുടങ്ങിയ വിഭാഗങ്ങള്‍ മിംഹാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.