Connect with us

National

ഹെെദരാബാദ് ഏറ്റുമുട്ടൽ വ്യാജം; പോലീസുകാർക്ക് എതിരെ ക്രിമിനൽ കേസെടുക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ

പ്രതികൾ മരിക്കാൻ വേണ്ടി മനഃപൂർവം വെടിവെച്ചതാണെന്നാണ് കമ്മീഷൻ കണ്ടെത്തൽ

Published

|

Last Updated

ഹെെദരാബാദ് | ഹെെദരാബാദ് ഏറ്റുമുട്ടൽ കൊല വ്യാജമെന്ന് സുപ്രീം കോടതി നിയോഗിച്ച സിർപൂർക്കർ കമ്മീഷൻ റിപ്പോർട്ട്. ഹെെദരാബാദിൽ വെറ്ററിനറി ഡോക്ടറെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് പേരെ ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവം ബോധപൂർവം നടത്തിയ കൊലപാതമാണെന്ന് സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കമ്മിഷൻ റിപ്പോർട്ടിൽ പോലീസ് ഉദ്യാേഗസ്ഥർക്ക് എതിരെ നടപടിയെടുക്കാൻ തെലങ്കാന ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

2019 നവംബറിൽ തെലങ്കാനയിലെ ഹൈദരാബാദിൽ 27 കാരിയായ വനിതാ വെറ്ററിനറി ഡോക്ടർ ബലാത്സംഘത്തിന് ഇരയായി കാെലചെയ്യപ്പെട്ടു. ഷാദ്‌നഗറിലെ പാലത്തിനടിയിൽ കത്തിക്കരിഞ്ഞ നിലയിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദിശ ബലാത്സംഗക്കേസ് എന്ന പേരിലാണ് ഈ കേസ് അറിയപ്പെട്ടിരുന്നത്.

സംഭവത്തിൽ നാല് പേരെ ഹൈദരാബാദ് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയപ്പോൾ അവർ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും തുടർന്ന് ഏറ്റുമുട്ടലുണ്ടാകുകയും നാലുപേരും കൊല്ലപ്പെടുകയും ചെയ്തുവെന്നായിരുന്നു പോലീസിന്റെ അവകാശ വാദം. ഈ അവകാശവാദമാണ് സിർപൂർക്കർ സമിതി തള്ളിയത്.

പ്രതികൾ മരിക്കാൻ വേണ്ടി മനഃപൂർവം വെടിവെച്ചതാണെന്നാണ് കമ്മീഷൻ കണ്ടെത്തൽ. ഈ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട പത്ത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.

ഏറ്റുമുട്ടൽ സ‌ംബന്ധിച്ച് സംശയങ്ങൾ ഉയർന്നതോടെയാണ് ഇതേ കുറിച്ച് അന്വേഷിക്കാൻ സിർപുർക്കർ കമ്മീഷനെ നിയോഗിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വിഎസ് സിർപുർക്കർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് രേഖ ബൽഡോട്ട, സിബിഐ മുൻ ഡയറക്ടർ കാർത്തികേയൻ എന്നിവരായിരുന്നു സമിതി അംഗങ്ങൾ.