Connect with us

Articles

'അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്സ് അവസാനിപ്പിക്കുക'

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനം. എച്ച്.ഐ.വി ബാധിതര്‍ക്കും എയ്ഡ്സ് മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പിന്തുണ നല്‍കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

Published

|

Last Updated

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായാണ് ആചരിക്കുന്നത്. എച്ച്.ഐ.വി ബാധിതര്‍ക്കും എയ്ഡ്സ് മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പിന്തുണ നല്‍കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം ‘അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്സ് അവസാനിപ്പിക്കുക’ എന്നതാണ്. 1988ലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. ആഗോള ആരോഗ്യത്തിനായുള്ള ആദ്യത്തെ അന്താരാഷ്ട്ര ദിനം കൂടിയായിരുന്നു ഇത്.

1981ലാണ് ആദ്യമായി എച്ച്ഐവി വൈറസ് കണ്ടെത്തിയത്. എച്ച്‌ഐവി ബാധിച്ച് ഇതുവരെ ആഗോളതലത്തില്‍ 36 ദശലക്ഷത്തിലധികം പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഈ വൈറസ് ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ നേരിട്ട് ആക്രമിക്കുകയും ഏത് തരത്തിലുള്ള അണുബാധയെയും രോഗത്തെയും ചെറുക്കാനുള്ള അവരുടെ ശരീരത്തിന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. വൈറസ് രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ പതുക്കെ നശിപ്പിക്കുകയും രോഗിയെ പ്രതിരോധശേഷിയില്ലാത്തവരാക്കി മാറ്റുമെന്ന് സാരം.

എയ്ഡ്സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്സ് രോഗ പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയെല്ലാം ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്.

എയ്ഡ്സ് എങ്ങനെയെല്ലാം ബാധിക്കും

1. രക്തം, ശുക്ലം, പ്രീ-സെമിനല്‍ ദ്രാവകം, യോനി, മലാശയ ദ്രാവകങ്ങള്‍, രോഗബാധിതയായ സ്ത്രീയുടെ മുലപ്പാല്‍ തുടങ്ങിയ ശരീര സ്രവങ്ങള്‍ വഴി എയ്ഡ്‌സ് ബാധിക്കാം.

2. എയ്ഡ്‌സ് അണുബാധയുള്ള ഒരു വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ഈ മാരക രോഗം മറ്റൊരാളിലേക്ക് പകരാന്‍ കാരണമാകും

3. ഇഞ്ചക്ഷന്‍ സൂചികള്‍, റേസര്‍ ബ്ലേഡുകള്‍, കത്തികള്‍ എന്നിവ രോഗബാധിതനായ വ്യക്തിയുമായി പങ്കുവെക്കുന്നത് രോഗം പകരാന്‍ കാരണമാകും.

എയ്ഡ്സ് രോഗത്തിന്റെ ചില ലക്ഷണങ്ങള്‍

തൊണ്ടവേദന, പനി, ചര്‍മ്മത്തിലെ തിണര്‍പ്പ്, ഓക്കാനം, ശരീരവേദന, വയറിലെ അണുബാധ, തലവേദന തുടങ്ങിയവ എയ്ഡ്‌സ് രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്.

ചികിത്സകള്‍

എയ്ഡ്‌സ് എന്ന രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താനാവില്ല. എങ്കിലും പകരാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ആന്റി റിട്രോവൈറല്‍ തെറാപ്പി, എച്ച്‌ഐവി മരുന്നുകള്‍ എന്നിവ ചികിത്സകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ രോഗം പിടിപെടുന്നത് തടയാന്‍ ഒരാള്‍ തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ സ്വീകരിക്കേണ്ട ചില സംരക്ഷണ മാര്‍ഗങ്ങളുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുക, സൂചികള്‍, ബ്ലേഡുകള്‍ മുതലായവ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കുക, പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങിയവ എയ്ഡ്സിനെതിരായ പ്രതിരോധ നടപടികളില്‍ പെടുന്നു.

എയ്ഡ്‌സ് രോഗികള്‍ നേരിടുന്ന സാമൂഹിക വിവേചനം

എയ്ഡ്സ് രോഗികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് സാമൂഹിക വിവേചനം. ഈ രോഗത്തെക്കുറിച്ച് അതത് രാജ്യങ്ങളുടെ സര്‍ക്കാരുകളും ലോകാരോഗ്യ സംഘടനകള്‍ പോലുള്ള ചില സംഘടനകളും നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയിട്ടും ഈ രോഗത്തെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ക്ക് ഒരു കുറവുമില്ല. ജനങ്ങള്‍ പലപ്പോഴും എച്ച്‌ഐവി, എയ്ഡ്‌സ് എന്നിവ പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്. അതുതന്നെ തെറ്റാണ്. എച്ച്‌ഐവി ബാധിതരായ പല രോഗികള്‍ക്കും എയ്ഡ്‌സ് വരണമെന്നില്ല. എച്ച്‌ഐവി അണുബാധ സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ എയ്ഡ്‌സ് രോഗത്തിലേക്ക് എത്തിപ്പെടാം. എന്നാല്‍ ശരിയായ മാര്‍ഗനിര്‍ദേശവും ചികിത്സയും കൃത്യസമയത്ത് നല്‍കിയാല്‍ എച്ച്‌ഐവി-യില്‍ നിന്ന് എയ്ഡ്‌സ് രോഗത്തിലേക്ക് എത്തുന്നത് നിയന്ത്രിക്കാനാകും.

രോഗിയുടെ ശ്വാസം, വെള്ളം, ഉമിനീര്‍, കണ്ണുനീര്‍, വിയര്‍പ്പ് എന്നിവയിലൂടെ രോഗം പടരില്ല. ഈ രോഗം ഒരിക്കലും പതിവ് സാമൂഹിക ഇടപെടലിലൂടെ പടരുന്നില്ല എന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയില്‍ എച്ച്ഐവി പോസിറ്റീവ് ആയ അമ്മയില്‍ നിന്ന് കുഞ്ഞിന് വൈറസ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ കുഞ്ഞിന് രോഗം വരാതെ സംരക്ഷിക്കാന്‍ കഴിയും. ഗര്‍ഭിണിയായ സ്ത്രീക്ക് എച്ച്‌ഐവി അണുബാധ ഉണ്ടെന്ന് കണ്ടെത്തിയാല്‍, അണുബാധയില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ നല്‍കിയാല്‍ മതി. മരുന്നുകള്‍ക്ക് അമ്മയുടെ ശരീരത്തില്‍ വൈറസ് പെരുകുന്നത് തടയാന്‍ സാധിക്കും. അതിലൂടെ അമ്മയില്‍ നിന്ന് കുട്ടിയിലേക്ക് രോഗം പകരാനുള്ള സാധ്യത കുറയ്ക്കാം.

പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ലക്ഷ്യം

2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സംസ്ഥാനത്ത് ലോക എയ്ഡ്സ് ദിനത്തില്‍ തുടക്കം കുറിക്കുകയാണ്. എച്ച്.ഐ.വി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്.ഐ.വി. അണുബാധിതരായ രോഗികളെ പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുന്നതിലൂടെ ഈയൊരു ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോക എയ്ഡ്സ് ദിനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് മുതിര്‍ന്നവരിലെ എച്ച്.ഐ.വി അണുവ്യാപന തോത് .08 ശതമാനമാണെങ്കില്‍ ദേശീയതലത്തില്‍ ഇത് .22 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച്.ഐ.വി അണുവ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest