Connect with us

Editors Pick

കരയിലെ ഏറ്റവും വലിയ ജീവി; പറഞ്ഞിട്ടെന്താ, നിലനില്‍പ്പ് ഭീഷണിയിലാണ്

Published

|

Last Updated

രയിലെ ഏറ്റവും വലിയ സസ്തനിയായ ആന ഇന്ന് വംശനാശ ഭീഷണിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഏഷ്യന്‍ ആഫ്രിക്കന്‍ ആനകള്‍ വിവിധ തരത്തിലുള്ള നിലനില്‍പ്പ് ഭീഷണിയെയാണ് അഭിമുഖീകരിക്കുന്നത്. വേട്ടയാടല്‍, ആനകളോടുള്ള മോശം സമീപനം, ആവാസ വ്യവസ്ഥയുടെ തകര്‍ച്ച എന്നിവയെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാണ്. ആനകളുടെ സംരക്ഷണത്തെയും പരിപാലനത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2011 മുതല്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിക്കുന്നത്.

നമ്മുടെ പരിസ്ഥിതിയില്‍ ആനകള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിയുന്നതിനു വേണ്ടിയാണ്
കനേഡിയന്‍ ചലച്ചിത്ര നിര്‍മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്ചേഴ്സിന്റെ മൈക്കല്‍ ക്ലാര്‍ക്ക്, തായ്‌ലന്‍ഡിലെ എലിഫന്റ് റീ ഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ശിവപോര്‍ണ്‍ ദര്‍ദരാനന്ദ എന്നിവര്‍ ചേര്‍ന്ന് 2011ല്‍ ആന ദിനത്തിന് തുടക്കം കുറിച്ചത്. തൊട്ടടുത്ത വര്‍ഷം പട്രീഷ്യ സിംസും എലിഫന്റ് റീ ഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷനും ആഗസ്റ്റ് 12 ആന്താരാഷ്ട്ര ആന ദിനമായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ ഗജസംരക്ഷണത്തിന് ലോകമെമ്പാടുമുള്ള 65 ഓളം വന്യജീവി സംഘടനകളും വ്യക്തികളും രംഗത്തുണ്ട്.

ആവാസകേന്ദ്രങ്ങളുടെ നാശം, ആനക്കൊമ്പിനു വേണ്ടിയുള്ള വേട്ടയാടല്‍ തുടങ്ങിയവ ഗജവീരന്മാരുടെ ജീവന് തന്നെ ഭീഷണിയാണ്. ആവാസ വ്യവസ്ഥയും ജൈവവൈവിധ്യവും നിലനിര്‍ത്തുന്നതില്‍ ആനകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആനകളുടെ ആഹാരശീലം ഇടതൂര്‍ന്ന സസ്യജാലങ്ങള്‍ക്കിടയില്‍ വിടവുകള്‍ സൃഷ്ടിക്കുന്നതാണ്. ഈ വിടവുകള്‍ പുതിയ സസ്യങ്ങള്‍ക്ക് വളരാന്‍ സഹായമാകുന്നു. കൂടാതെ ചെറിയ മൃഗങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള പാതകളും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ആനകള്‍ ഭക്ഷണമാക്കുന്ന സസ്യങ്ങളില്‍ നിന്നുമുള്ള വിത്തുകള്‍ വിസര്‍ജ്യത്തിലൂടെ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നത് വിത്ത് വിതരണത്തെ ഏറെ സഹായിക്കുന്നു. മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കുന്നതില്‍ ആന പിണ്ഡത്തിന് പ്രധാന പങ്കുണ്ട്. കൂടാതെ ചെറുസസ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും വിവിധ ജീവികളുടെ ലാര്‍വകള്‍ക്കും വളരാന്‍ ആന പിണ്ഡങ്ങള്‍ വഴിയൊരുക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

282 അസ്ഥികളാണ് ആനയുടെ ശരീരത്തിലുള്ളത്. സസ്തനികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഗര്‍ഭകാലവും ആനകള്‍ക്കാണെന്ന പ്രത്യേകതയുമുണ്ട്. 630 ദിവസം വരെയാണ് ഗര്‍ഭകാലം. ഒരുവശത്തെ കാലുകള്‍ ഒരേസമയം മുന്നോട്ടു വച്ചു നടക്കാനുള്ള പ്രത്യേകത മറ്റു ജീവികളില്‍ നിന്ന് ആനയെ വ്യത്യസ്തനാക്കുന്നു. ദിവസത്തില്‍ നാല് മണിക്കൂര്‍ വരെ ആന വിശ്രമത്തിനായി ചെലവഴിക്കാറുണ്ട്. എന്നാല്‍, ആഫ്രിക്കന്‍ ആനകള്‍ വിശ്രമത്തിനായി കിടക്കുന്ന ശീലമില്ലാത്തവരാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ ആന ദിവസം 400 കിലോഗ്രാം വരെ ഭക്ഷണം അകത്താക്കും. 150 ലിറ്റര്‍ വരെ വെള്ളവും കുടിക്കും. കണ്ണുകള്‍ക്കു താഴെയായി കാണുന്ന മദഗ്രന്ഥി വീര്‍ത്തുവരുമ്പോഴാണ് ആനയ്ക്ക് മദമിളകുക.

ലോകത്ത് മൂന്ന് തരം ആനകളാണുള്ളത്. ഏഷ്യന്‍ ആന, ആഫ്രിക്കന്‍ ആന, ആഫ്രിക്കന്‍ കാട്ടാന. ഏഷ്യന്‍ ആന എലിഫാസ് മാക്സിമസ് എന്ന ശാസ്ത്ര നാമത്തിലാണ് അറിയപ്പെടുന്നത്. ബാഹ്യഘടനയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും അനുസരിച്ച് ഇന്ത്യന്‍ ആന, ശ്രീലങ്കന്‍ ആന, സുമാത്രന്‍ ആന, ബോര്‍ണിയോ പിഗ്മി എന്നിങ്ങനെയും ആനകളെ തരംതിരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ ആനകളെക്കാള്‍ സൗന്ദര്യം കൂടിയവയാണ് ഏഷ്യന്‍ ആനകള്‍. ശരാശരി 20-21 അടി നീളം, 6-12 അടി ഉയരം, 5,000 കിലോഗ്രാം വരെ തൂക്കം എന്നിവയാണ് ഇവയ്ക്ക് ഉണ്ടാകുക. ഏഷ്യന്‍ ആനകളുടെ ഏറ്റവും വലിയ ഭീഷണി അവയുടെ ആവാസ വ്യവസ്ഥയുടെ നാശമാണ്. മനുഷ്യന്റെ അതിക്രമവും ആനകളുടെ നാശത്തിന് വലിയ പങ്കുവഹിക്കുന്നു. ഏറ്റവും അവസാനമായി കേരളത്തിലുണ്ടായ സംഭവം ഇതിനുദാഹരണമാണ്. കൈതചക്കയില്‍ വച്ച സ്ഫോടകവസ്തു കഴിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞത് ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.

ആഫ്രിക്കന്‍ ആന തന്നെ രണ്ട് തരമുണ്ട്. ആഫ്രിക്കന്‍ ബുഷ് ആന, ആഫ്രിക്കന്‍ സവേന ആന എന്നിവ.
വലിയ ചെവി, നീളമേറിയ കൊമ്പുകള്‍, പിന്‍കാലുകളെ അപേക്ഷിച്ച് നീളമേറിയ മുന്‍കാലുകള്‍, പിടിയനകള്‍ക്ക് പുറത്തേക്ക് കാണുന്ന തരത്തില്‍ കൊമ്പ്, വലിയ കണ്ണുകള്‍ എന്നിവയാണ് ആഫ്രിക്കന്‍ ആനകളുടെ പ്രത്യേകത. ആഫ്രിക്കന്‍ ആനയ്ക്ക് 19 മുതല്‍ 24 അടി വരെ നീളം, എട്ട് മുതല്‍ 13 അടി വരെ ഉയരം, 3,000 മുതല്‍ 7,000 കിലോഗ്രാം വരെ ഭാരം എന്നിവയുണ്ടായിരിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരുനൂറ്റാണ്ട് കൊണ്ട് ആഫ്രിക്കന്‍ ആനകളുടെ എണ്ണം 12 ദശലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍.

കാട്ടാനകള്‍ സാധാരണയായി കൂട്ടത്തോടെയാണ് വിഹരിക്കുക. മുപ്പതുവരെ ആനകള്‍ കൂട്ടത്തിലുണ്ടാകും. ഒറ്റയ്ക്ക് വിഹരിക്കുന്ന ആനകളെയാണ് ഒറ്റയാന്‍ എന്ന് വിശേഷിപ്പിക്കുന്നത്. മറ്റ് ആനകളെക്കാള്‍ ആക്രമണകാരികളാണ് ഇവ. ആനകള്‍ക്ക് മണിക്കൂറില്‍ നാല്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ ഓടാന്‍ കഴിയുമെന്നാണ് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്. ശരാശരി എഴുപതു വര്‍ഷം വരെയാണ് ആനകളുടെ ആയുസ്സ്.

ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം പത്തനംതിട്ട ജില്ലയിലെ ഗവിയിലാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുപ്രകാരം മനുഷ്യനുമായുള്ള സംഘട്ടനത്തില്‍ പ്രതിവര്‍ഷം 100 ആനകള്‍ കൊല്ലപ്പെടുകയും 500 മനുഷ്യരെങ്കിലും മരിക്കുകയും ചെയ്യുന്നുണ്ട്. ആഘോഷങ്ങള്‍ക്കും കൗതുകത്തിനും വേണ്ടി ആനകളെ ഉപയോഗപ്പെടുത്തുമ്പോള്‍ അതും ഒരു ജീവിയാണെന്ന കാര്യമാണ് മനുഷ്യന്‍ ഓര്‍ക്കേണ്ടത്. മനുഷ്യനെപ്പോലെ സ്വതന്ത്ര്യമായും സുരക്ഷിതമായും ജീവിക്കാന്‍ ഗജവീരനും അവകാശമുണ്ട്.

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest