Connect with us

Kannur

പിഴയൊടുക്കാമെന്ന് ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങള്‍; ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി

Published

|

Last Updated

കണ്ണൂര്‍ | പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെ പത്തിലധികം വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരങ്ങളുടെ ജാമ്യാപേക്ഷ കോടതി വിധി പറയാന്‍ മാറ്റി. നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാമെന്നും ജാമ്യം അനുവദിക്കണമെന്നും വ്‌ളോഗര്‍മാര്‍ കോടതിയോട് അപേക്ഷിച്ചു. തങ്ങളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നിവരുടെ അഭിഭാഷകന്‍ മുഹമ്മദ് ഫൗസ് ആരോപിച്ചു.

നിയമവിരുദ്ധമായി ട്രാവലര്‍ രൂപം മാറ്റിയതിന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ആര്‍ ടി ഓഫീസിലെത്തി ബഹളം വച്ചതോടെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് മര്‍ദിക്കുന്നതായി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ സഹോദരങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസ്. വാന്‍ ലൈഫ് യാത്രകള്‍ നടത്തുന്ന ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ കണ്ണൂര്‍ എം വി ഡി ഓഫീസില്‍ എത്താന്‍ ഇരുവര്‍ക്കും നോട്ടീസും നല്‍കി. വാഹനം കസ്റ്റഡിയിലെടുത്ത വിവരം യൂട്യൂബിലൂടെ അറിയിച്ച ഇവര്‍ എംവിഡി ഓഫീസിലേക്ക് എത്താന്‍ ഫോളോവേഴ്‌സിനോട് ആഹ്വാനം ചെയ്തു.

ഇന്നലെ രാവിലെ ഒമ്പതോടെ എത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും രൂപ മാറ്റം വരുത്തിയതിന്റെ പിഴയും ഉള്‍പ്പെടെ 42,400 രൂപ ഒടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ആവശ്യപ്പെട്ടു. എന്നാല്‍, പിഴയൊടുക്കാന്‍ വിസമ്മതിച്ച ഇവര്‍ ബഹളമുണ്ടാക്കുകയും മര്‍ദിക്കുന്നുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും ചെയ്തു. ഓഫീസില്‍ സാമൂഹിക മാധ്യമത്തില്‍ ഇവര്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്ന് നിരവധി യൂട്യൂബ് ഫോളോവേഴ്‌സ് ഓഫീസ് പരിസരത്തെത്തി. തുടര്‍ന്ന്, കണ്ണൂര്‍ ടൗണ്‍ പോലീസ് ലിബിനെയും എബിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Latest