Connect with us

Book Review

പ്രാചീന സംസ്കാരങ്ങളുടെ അക്ഷരക്കൂട്ടുകൾ

Published

|

Last Updated

എഴുത്തിന്റെ ലോകത്തെ അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു ഈയിടെ അന്തരിച്ച റോബർട്ടോ കലാസ്സോ (Roberto Calasso). എഴുത്തുകാരൻ, പ്രസാധകൻ, ബഹുഭാഷാ പണ്ഡിതൻ എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വ സവിശേഷതകൾ. ആധുനികവും പുരാതനവുമായ മാനവ സംസ്കാരങ്ങളെ ആഴത്തിൽ പഠിച്ച കലാസ്സോ അവയിലെല്ലാം അസാധാരണമായ പാണ്ഡിത്യം നേടുകയുണ്ടായി. ഗുപ്തജ്ഞാനങ്ങളുടെ തമ്പുരാൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

1941 മെയ് മുപ്പതിന് ഇറ്റലിയിലെ ഫ്ലോറൻസിലാണ് കലാസോ ജനിച്ചത്. നിരവധി പണ്ഡിതന്മാർക്കും ബുദ്ധിജീവികൾക്കും ജന്മം നൽകിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. ഫ്ലോറൻസ് സർവകലാശാലയിലെ ചരിത്രാധ്യാപകനായിരുന്നു പിതാവ്. മാതാവ് സാഹിത്യ ഗവേഷകയും വിവർത്തകയും. ഫാസിസത്തിനെതിരെയുള്ള പിതാവിന്റെ എഴുത്തും പ്രഭാഷണങ്ങളും ഭരണകൂടത്തിന്റെ അതൃപ്തി വിളിച്ചു വരുത്തിയപ്പോൾ അദ്ദേഹം തടവറക്കുള്ളിലകപ്പെട്ടു. അതിനെ തുടർന്ന് കുടുംബം ഒളിവിൽ കഴിയാൻ നിർബന്ധിതരായി. പിതാവ് ജയിൽ മോചിതനായ ഉടൻ കുടുംബം റോമിലേക്ക് പലായനം ചെയ്തു. കലാസ്സോയുടെ വിദ്യാഭ്യാസം നിർവഹിക്കപ്പെട്ടത് അവിടെ വെച്ചാണ്. റോം സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയതിനു ശേഷം അദ്ദേഹം അവിടുത്തെ പ്രശസ്തമായ അഡെൽഫി പ്രസിദ്ധീകരണ വിഭാഗത്തിൽ ചേർന്നു. ആധുനികവും പുരാതനവുമായ നിരവധി പ്രശസ്ത കൃതികൾ അക്ഷരലോകത്തിനു പരിചയപ്പെടുത്തിയത് അഡെൽഫിയാണ്. മിലാൻ കുന്ദേരയുടെയും ബോർഹസിന്റെയും നബക്കോവിന്റെയും രചനകൾ അവർ പ്രസിദ്ധീകരിച്ചിരുന്നു. കലാസ്സോയുടെ നേതൃത്വം ആ സ്ഥാപനത്തിന്റെ യശസ്സ് കൂടുതൽ ഉയരത്തിലേക്ക് പടർത്തി. അതോടൊപ്പം എഴുത്തുകാരുടെ പ്രിയപ്പെട്ട പ്രസാധകനായി അദ്ദേഹം മാറുകയും ചെയ്തു. ഇതിനിടെ ഗ്രീക്ക്, റോമൻ തുടങ്ങിയ പ്രാചീന സാഹിത്യങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം അവയുടെ പഠന ഗവേഷണങ്ങളിൽ ഏർപ്പെടുകയുമുണ്ടായി.

ബഹുമുഖ പ്രതിഭയായിരുന്നു കലാസ്സോ. ഒരു കള്ളിയിലും ഒതുക്കിനിർത്താനാകാത്ത വിധം വിശാലമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. എഴുത്തിന്റെയും പ്രസാധനത്തിന്റെയും വിവർത്തനത്തിന്റെയും മേഖലകളിൽ ഒരുപോലെ തിളങ്ങിയ കലാസ്സോക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്ക്, ലാറ്റിൻ, സംസ്കൃതം തുടങ്ങി എട്ടോളം ഭാഷകളിൽ അവഗാഹമുണ്ടായിരുന്നു. ഗ്രന്ഥകാരൻ എന്ന നിലയിലും കലാസ്സോ വ്യത്യസ്തമായ പാതയിലൂടെയാണ് സഞ്ചരിച്ചത്. പ്രാചീന സാഹിത്യങ്ങളിൽ അദ്ദേഹം അസാധാരണ പാണ്ഡിത്യം പ്രകടിപ്പിച്ചു. തത്വചിന്തയും ചരിത്രവും ഭാഷാശാസ്ത്രവും നരവംശശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. അവയിൽനിന്നും ലഭിച്ച ഉൾക്കാഴ്ചകളെ രചനകൾക്ക് വിഷയമാക്കിയപ്പോൾ അതിപ്രൗഢങ്ങളായ നിരവധി ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന്റെ പേനത്തുമ്പിൽനിന്നും പിറവിയെടുത്തത്. നോവലുകളിൽ പോലും അദ്ദേഹം പഠന ഗവേഷണ സ്വഭാവമുള്ള ആവിഷ്കാരങ്ങൾ നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ നോവലിന്റെ പരമ്പരാഗത രീതിശാസ്ത്രം പിൻപറ്റിക്കൊണ്ട് രചിക്കപ്പെട്ടവയല്ല അവയൊന്നും. ആദ്യ നോവൽ The Impure Madman ഒരു ഭാവഗാനത്തിന്റെ ഗരിമയിൽനിന്നും ഐതിഹാസികവും തീവ്രവുമായ അനുഭവമണ്ഡലത്തിലേക്ക് വികസ്വരമാകുന്ന ആഖ്യാനതന്ത്രം കൊണ്ട് ശ്രദ്ധേയമായ രചനയാണ്‌. The Ruin of Kasch എന്ന നോവലിൽ ആഫ്രിക്കയിലെ പ്രധാനപ്പെട്ട ഒരു ആദിമ ഗോത്ര സാമ്രാജ്യത്തിന്റെ വളർച്ചയും തളർച്ചയുമാണ് ദൃശ്യവത്കരിക്കുന്നത്. ഗ്രീക്ക് പുരാണം പ്രധാന പ്രതിപാദ്യമാകുന്ന The Marriage of Cadmus and Harmony എന്ന നോവൽ രാജ്യാന്തരതലത്തിൽ തന്നെ പ്രശസ്തമാണ്. ഇവ കൂടാതെ ഫ്രാൻസ് കാഫ്കയെക്കുറിച്ചുള്ള പുസ്തകം, കൂടാതെ ഇന്ത്യൻ പുരാണങ്ങളെക്കുറിച്ച് എഴുതിയ Vedic Philosophy എന്നിവയും ഏറെ പ്രശസ്തങ്ങളാണ്. പിൽക്കാല കൃതികളിൽ “Ka” ഏറെ ശ്രദ്ധ നേടുകയുണ്ടായി. ഇന്ത്യൻ തത്വചിന്തയുടെയും മതങ്ങളുടെയും സമഗ്രമായ നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. The Forty-Nine Steps; Literature and the Gods, Ardor, Baudelaire”s Folly എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ മറ്റു രചനകളാണ്.

ധൈഷണികമായ ഔന്നത്യത്തിൽ വിരാജിക്കുമ്പോഴും തികഞ്ഞ ലാളിത്യവും നർമബോധവും പ്രകടിപ്പിച്ച വ്യക്തിത്വത്തിനുടമയായിരുന്നു റോബർട്ടോ കലാസ്സോ എന്ന് അദ്ദേഹത്തെ പാരീസ് റിവ്യൂ മാസികക്കു വേണ്ടി ഇന്റർവ്യൂ നടത്തിയ ലീല ആസം സംഗനെ പറയുന്നു. എഴുത്തിനു വേണ്ടി നോവലുകളും ലേഖനങ്ങളും ഒറ്റയിരുപ്പിനു വായിക്കുന്ന അദ്ദേഹം ആഹ്ലാദത്തിനുവേണ്ടി അവ വേണ്ടത്ര സമയമെടുത്തേ വായിക്കുകയുള്ളൂ എന്ന് വെളിപ്പെടുത്തുന്നുണ്ട്. വായിച്ചതിന്റെയെല്ലാം കുറിപ്പുകൾ എഴുതിയെടുക്കുന്ന കലാസ്സോ എപ്പോഴും പോക്കറ്റിൽ ഒരു നോട്ടുപുസ്തകം കരുതുന്നു. ഇറ്റാലോ കാൽവിനോ, ഗോർ വിദാൽ തുടങ്ങിയവർ മുക്തകണ്ഠം പ്രശംസിച്ച കലാസ്സോയുടെ വേർപാട് ഇറ്റാലിയൻ സാഹിത്യത്തിന്റെ മാത്രമല്ല പ്രസാധനത്തിന്റെ മേഖലയിലും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.