Connect with us

Religion

സുകൃതം കൊണ്ട് പ്രകാശിപ്പിക്കുക

Published

|

Last Updated

വീണ്ടുവിചാരങ്ങളും മധുരസ്വപ്നങ്ങളും ശുഭപ്രതീക്ഷകളുമായി പുതിയ ഹിജ്റ വർഷം കടന്നുവരുന്നു. ആയുസ്സിന്റെ ഏടുകളിൽ നിന്നും ഒരിലകൂടി കൊഴിഞ്ഞുവീഴുന്നു. മനുഷ്യജീവിതത്തിലെ വിലപ്പെട്ട സമയങ്ങളില്‍ നിന്നും ഒരു വര്‍ഷം കൂടി യാത്രയാകുന്നു. നശ്വരമായ ഭൗതിക ജീവിതത്തിന്റെ അവസാനത്തോട് അടുക്കുകയും മരണവുമായുള്ള അകലം കുറയുകയും ചെയ്യുന്നു. വിശ്രുത പണ്ഡിതൻ ഹസനുൽ ബസ്വരി(റ) മനുഷ്യജീവിതത്തെ വിലയിരുത്തുന്നതിങ്ങനെ: “മനുഷ്യാ, നീ ദിവസങ്ങളുടെയും മാസങ്ങളുടെയും സാക്ഷ്യമാണ്. ഓരോ ദിവസവും ആഴ്ചയും മാസവും നിന്നില്‍ നിന്ന് പോയ്മറയുന്നു. അവസാനം നീ തന്നെയും വിടപറയുന്നു.”
വിശ്വാസികൾ ആദരപൂർവം വരവേൽക്കുന്ന മാസമാണ് മുഹർറം. സ്രഷ്ടാവ് ആദരിച്ച നാല് മാസങ്ങളിലൊന്നാണത്. മാനവ ചരിത്രത്തിൽ അനേകം അവിസ്മരണീയമായ സംഭവങ്ങൾക്ക് സാക്ഷിയായ മാസം കൂടിയാണത്. വിജയശ്രീലാളിതരായ പ്രവാചകന്മാരുടെ ചരിത്ര ജീവിതത്തിൽ മുഹർറം മാസത്തിന് ശക്തമായ ഒരിടമുണ്ട്. ആദം നബി(അ)യുടെ തൗബ അല്ലാഹു സ്വീകരിച്ചതും യൂസുഫ് നബി(അ)യെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിച്ചതും സുലൈമാന്‍ നബി(അ)ക്ക് രാജാധികാരം ലഭിച്ചതും യൂനുസ്(അ) മത്സ്യവയറ്റില്‍ നിന്നും മോചിതനായതും മൂസാ നബി(അ)ക്ക് തൗറാത്ത് ഇറക്കപ്പെട്ടതും ഇബ്‌റാഹീം നബി (അ) അഗ്നികുണ്ഠത്തില്‍ നിന്ന് രക്ഷപ്പെട്ടതുമെല്ലാം മുഹര്‍റത്തിലെ പ്രധാന സംഭവങ്ങളാണ്.

തിരുനബി(സ)യുടെ ത്യാഗനിർഭരമായ ഹിജ്‌റയെന്ന മദീനാ പലായനത്തിന്റെ അവിസ്മരണീയ ഓർമകൾ മുഹർറത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.മുഹർറം വിശ്വാസികൾക്ക് ഏറെ പാഠങ്ങൾ നൽകുന്നു. മുഹർറം എന്ന പദത്തിന് പവിത്രമായത്, നിഷിദ്ധമായത് എന്നെല്ലാം അർഥമുണ്ട്. അല്ലാഹു ഈ മാസത്തിന് ഏറെ മഹത്വം നിശ്ചയിച്ചതുകൊണ്ടാണ് ആ പേര് തന്നെ നൽകിയത്. അത് സംരക്ഷിക്കുന്നതിനുള്ള ബാധ്യത ഓരോ മനുഷ്യനുമുണ്ട്. ആകയാൽ അരുതായ്മകളില്ലാതെ ഭക്ത്യാദരപൂര്‍വം ഈ മാസത്തെ വരവേൽക്കേണ്ടതുണ്ട്.

ഹിജ്‌റ (മദീനാ പലായനം) അനവധി ആശയങ്ങളും ആദർശങ്ങളും മൂല്യങ്ങളും സമ്മാനിക്കുന്നു. ത്യാഗമാണ് ഹിജ്റ നല്‍കുന്ന ഏറ്റവും വലിയ പാഠം. പാരസ്പര്യത്തിന്റെയും സഹകരണത്തിന്റെയും ഉദാത്ത സന്ദേശങ്ങൾ അത് കൈമാറുന്നു. സമൂഹത്തിലെ ഓരോ വ്യക്തിക്കും അവരവരുടെതായ ഇടങ്ങളുണ്ടെന്ന് ഹിജ്‌റ പഠിപ്പിക്കുന്നു. ഹിജ്റയിലെ പ്രധാന നായകനായിരുന്ന അബൂബക്കർ സിദ്ധീഖ്(റ)വിന്റെ പ്രിയപുത്രിമാരായ ആഇശ ബീവി(റ)യുടെയും അസ്മാ ബീവി(റ)യുടെയും സജീവമായ ഇടപെടലുകളും യുവരക്തങ്ങളായിരുന്ന അലിയ്യിബ്നു അബൂത്വാലിബ് (റ)വിന്റെയും മുസ്വ്അബ്്ബ്‌നു ഉമൈർ(റ)വിന്റെയും പക്വമായ പ്രവർത്തനങ്ങളും ചരിത്രത്തിൽ തുല്യതയില്ലാത്ത സന്ദേശങ്ങളാണ് നൽകുന്നത്. മക്കയിൽ നിന്നുള്ള മുഹാജിറുകളും മദീനയിലെ അൻസ്വാറുകളും തമ്മിലുണ്ടായ സഹകരണവും സഹവർത്തിത്വവും പാരസ്പര്യബോധത്തിന്റെയും സഹിഷ്ണുതയുടെയും അനുകമ്പയുടെയും ആർദ്രതയുടെയും പുതിയ സാംസ്‌കാരിക പൈതൃകം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്.

ആകാശഭൂമികളെ സൃഷ്ടിച്ച നാൾ മുതൽ 12 മാസങ്ങളുൾക്കൊള്ളുന്ന കലണ്ടർ ഉണ്ടായിരുന്നുവെന്ന് വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. “ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതൽ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു”. (തൗബ: 36). മുഹർറം ഒന്നിനാണ് ഹിജ്റ കലണ്ടർ പ്രകാരമുള്ള വർഷാരംഭം. നബി(സ)യുടെ ജീവിതകാലത്ത് ഹിജ്റ വർഷ കലണ്ടർ പ്രാബല്യത്തിൽ വന്നില്ലെങ്കിലും മുഹർറം എന്ന മാസം നേരത്തെ തന്നെയുണ്ടായിരുന്നു. രണ്ടാം ഖലീഫ ഉമർ (റ) വിന്റെ ഭരണ കാലത്താണ് സുദീർഘമായ കൂടിയാലോചനകൾക്ക് ശേഷം നബി(സ)യുടെ പലായന സംഭവം ആധാരപ്പെടുത്തി മുൻകാല പ്രാബല്യത്തോടെ ഹിജ്റ വർഷത്തിന് തുടക്കം കുറിച്ചത്. അതിന് മുമ്പ് വിവിധ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള വർഷങ്ങളായിരുന്നു നിലനിന്നിരുന്നത്.

ഇമാം ഖസ്ത്വല്ലാനി(റ) പറയുന്നു: “ഭൂമുഖത്ത് ആദ്യമായി വര്‍ഷാരംഭമുണ്ടായത് ആദം നബി(അ) ഭൂമിയിലേക്കിറങ്ങിയതിനെ അടിസ്ഥാനമാക്കിയായിരുന്നു. പിന്നീട് വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത നബിമാരുടെ ജീവിതത്തിലെ അനർഘ സംഭവങ്ങളെ ആധാരമാക്കിയുള്ള കാലഗണന പരിഗണിച്ചിരുന്നു.

പുതുവര്‍ഷം സമാഗതമാകുമ്പോൾ ഇന്നലെകളെ കുറിച്ചുള്ള ആത്മ വിചിന്തനവും സംഭവിച്ച അവിവേകങ്ങള്‍ക്ക് മാപ്പിരക്കലും അവയിൽ നിന്ന് ഗുണപാഠമുൾക്കൊള്ളലും ഭാവി ഭാസുരമാക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കലും വേണം. മനുഷ്യൻ തന്റെ ശരീരം, ആയുസ്സ്, ധനം എന്നിവ എങ്ങനെ വിനിയോഗിച്ചുവെന്നും വിജ്ഞാനം എങ്ങനെ പ്രാവർത്തികമാക്കിയെന്നും ചോദിക്കപ്പെടുമെന്ന ബോധമുണ്ടാകണം.

ആരോഗ്യകരമായ ആത്മവിശ്വാസവും ആത്മവിചിന്തനവും ജീവിതവിജയത്തിന് ഉത്തേജനം നല്‍കും.ഓരോ സാമ്പത്തിക വർഷാവസാനവും കമ്പനികളും സ്ഥാപനങ്ങളും കണക്കെടുപ്പ് നടത്തുകയും ബജറ്റ് തയ്യാറാക്കുകയും പോരായ്മകൾ തിരുത്തുകയും വീഴ്ചകൾ പരിഹരിക്കുകയും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യാറുണ്ട്. എന്നപോലെ മനുഷ്യനും സ്വശരീരത്തെ സൂക്ഷ്മ വിചാരണ നടത്തേണ്ടതുണ്ട്. ദിനേന സാധിക്കുമെങ്കിൽ അതിന് സമയം കണ്ടെത്തണം. അതിന് കഴിയാത്തവൻ ആഴ്ചയിലോ മാസത്തിലോ ഒരു ദിനം നിശ്ചയിക്കണം. അതിനും പ്രയാസമുള്ളവൻ വർഷത്തിൽ ഒരു തവണയെങ്കിലും തന്റെ ജീവിതപ്പുസ്തകം തുറന്നുവെച്ച് അതിലെ പരസ്യവും രഹസ്യവുമായ കാര്യങ്ങൾ ആഴത്തിലുള്ള വിലയിരുത്തൽ നടത്തി കൃത്യമായ വിചാരണകൾക്ക് വിധേയമാക്കണം. അപ്പോഴാണ് ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാകുന്നത്.
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പിന്നിട്ട വഴികളെ വിലയിരുത്തുകയും നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനം പ്രാപിക്കുമോ എന്നും നോക്കണം. കഴിഞ്ഞുപോയ മഹാന്മാര്‍ മുഴുവന്‍ ആത്മവിചാരണ നടത്തിയിരുന്നു. സ്വര്‍ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ട സ്വഹാബി പ്രമുഖർ വിചാരണ നാളിലെ ഭയാനതയോർത്ത് പൊട്ടിക്കരഞ്ഞിരുന്നു. വിചാരണദിനത്തെ ഭയന്ന് ഹൃദയം കരിഞ്ഞുമണത്ത അതുല്യമായ ഈമാനിന്റെ ഉടമയായിരുന്നു സിദ്ധീഖ്(റ). പുല്‍ച്ചെടികള്‍ പറിച്ചെടുത്ത് ഞാന്‍ ഈ ചെടിയായിരുന്നെങ്കില്‍ എന്ന് പറഞ്ഞ ഉമര്‍(റ)വും വീട്ടുമുറ്റത്ത് സ്വന്തമായി നിര്‍മിച്ച ഖബറിലിറങ്ങി വിങ്ങിപ്പൊട്ടിയ റബീഉബ്നു ഖൈസം(റ)വും നമുക്ക് മാതൃകയാകേണ്ടതുണ്ട്. ചാട്ടവാര്‍ കൊണ്ടടിച്ചു വിചാരണ നടത്തിയവർ, കത്തുന്ന തീനാളത്തിലേക്ക് കൈനീട്ടി സ്വന്തത്തെ ചോദ്യം ചെയ്തവർ, മരമായിരുന്നെങ്കില്‍, മണ്ണായിരുന്നെങ്കില്‍, ചെടിയായിരുന്നെങ്കില്‍ എന്നിങ്ങനെ പറഞ്ഞ് വിലപിച്ചവർ…

“വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് ആത്മവിചാരണ നടത്തുക” എന്ന ഉമര്‍(റ)ന്റെ വാക്കുകള്‍ വലിയ അർഥതലങ്ങളുള്ളതാണ്. മഹ്ശറിലെ മഹാ ഹിസാബിനു മുമ്പ് അനേകം ആത്മവിചാരണകൾ നടക്കണം. ഹസനുല്‍ ബസ്വരി(റ) പറയുന്നു. “വിശ്വാസി ആത്മവിചാരണ നടത്തുന്നവനാണ്. ദുന്‍യാവില്‍ ആത്മവിചാരണ നടത്തിയവര്‍ക്ക് ഖിയാമത്ത് നാളിലെ വിചാരണ ലഘുവാക്കപ്പെടും. ഈ ലോകത്ത് വിചാരണ നടത്താത്തവര്‍ക്ക് പരലോകത്തെ ഹിസാബ് കയ്പേറിയതായിരിക്കും”. ഉമര്‍ (റ) ഒരു വാക്ക് ഉരുവിട്ടാൽ ആ വാക്കിനെക്കുറിച്ച് ചിന്തിക്കുകയും അതിനേക്കാള്‍ ഗുണം നിറഞ്ഞ മറ്റൊരു വാക്ക് അതിനു പകരമാക്കുകയും ചെയ്യുമായിരുന്നു.

പോയകാലങ്ങളിലെ തെറ്റുകള്‍ വിലയിരുത്തി വരാനിരിക്കുന്ന വർഷങ്ങളിൽ നന്മകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പ്രതിജ്ഞ പുതുക്കാൻ പുതുവത്സരമുപയോഗപ്പെടുത്താം. നന്മകൾ നിറഞ്ഞ നല്ല നാളേക്കായി പുതിയ തീരുമാനങ്ങളെടുക്കാം. ക്ഷണിക്കാതെ വരുന്ന മരണമെന്ന അതിഥിയെത്തുന്നതിന് മുമ്പ് മരണാനന്തര ലോകത്തെ ശാശ്വത മോക്ഷത്തിനായി ഇഹലോക ജീവിതത്തെ സുകൃതങ്ങൾ കൊണ്ട് പ്രകാശിപ്പിക്കാം.

Latest