Connect with us

National

ജിയോ-ഇമേജിങ് ഉപഗ്രഹം ജിസാറ്റ്-1; വിക്ഷേപണം ആഗസ്റ്റ് 12ന്

Published

|

Last Updated

വിശാഖപട്ടണം | ഇന്ത്യയുടെ ഏറ്റവും നൂതനമായ ജിയോ- ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്-1 സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുമ്പായി വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം കൊവിഡ് കാരണം ജിസാറ്റ്-1 ന്റെ വിക്ഷേപണം ഐ എസ് ആര്‍ ഒ മാറ്റിവച്ചതായിരുന്നു. ആഗസ്റ്റ് 12ന് രാവിലെ 5.43 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഉപഭൂഖണ്ഡത്തിന്റെ നിരീക്ഷണം മെച്ചപ്പെടുത്താന്‍ ജിസാറ്റ്-1 സഹായിക്കുന്നതാണ്.

ഐ എസ് ആര്‍ ഒയുടെ ജി എസ് എല്‍ വി എഫ് -10 റോക്കറ്റാണ് 2,268 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-1 ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. രാജ്യത്തിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ ഉപഗ്രഹ വിക്ഷേപമാണ് ജിസാറ്റ്-1. പ്രതിദിനം നാലോ അഞ്ചോ പ്രവശ്യം ഇന്ത്യയെ മുഴുവനായി ചിത്രീകരിക്കാന്‍ പ്രാപ്തമാണ് ഉപഗ്രഹമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ചുഴലിക്കാറ്റുകള്‍, വെള്ളപ്പൊക്കം, ജലസ്രോതസ്സുകള്‍, വനമേഖലയിലെ മാറ്റങ്ങള്‍ എന്നിവ നിരീക്ഷിക്കാനും ജിസാറ്റ്-1 സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.