Connect with us

Articles

പെഗാസസ്: ഇരുട്ടത്ത് നില്‍ക്കുന്നത് ഗോഗോയി മാത്രമല്ല

Published

|

Last Updated

ഇസ്‌റാഈല്‍ കമ്പനിയായ എന്‍ എസ് ഒ നിര്‍മിച്ച പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ നിരന്തരം ചോര്‍ത്തിയതില്‍ പ്രതിഷേധ മുഖരിതമാണ് ഇന്ത്യന്‍ പാര്‍ലിമെന്റ്. പൗരപ്രധാന വിഷയങ്ങള്‍ക്ക് വിനിയോഗിക്കേണ്ട സമയവും പൊതു സ്വത്തും പാഴാകുമ്പോഴും പെഗാസസില്‍ കൃത്യമായ മറുപടി നല്‍കാതെ സഭയില്‍ ഒളിച്ചുകളിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് ചോര്‍ത്തല്‍ പട്ടികയില്‍ പേര് കാണുന്നവരില്‍ വിരലിലെണ്ണാവുന്ന ബി ജെ പി നേതാക്കളെ മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്നവരത്രയും പലനിലയില്‍ കേന്ദ്ര സര്‍ക്കാറിനോടും അതിന്റെ ആശയ സോത്രസ്സായി വര്‍ത്തിക്കുന്ന സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തോടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയവരോ ഏറ്റുമുട്ടാനിടയുള്ളവരോ ആയ, സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരാണ്. അക്കൂട്ടത്തിലെ വേറിട്ട ഒരു സാന്നിധ്യമെന്ന് പറയാവുന്നത് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച സുപ്രീം കോടതി ജീവനക്കാരിയാണ്. ഒപ്പം അവരുടെ കുടുംബാംഗങ്ങളില്‍ ചിലരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ഒളിഞ്ഞു കേട്ടെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്നവര്‍ക്ക് സുപ്രീം കോടതി ജീവനക്കാരി ഏതെങ്കിലും വിധത്തില്‍ തലവേദന ഉണ്ടാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കെ അവര്‍ ടാര്‍ഗറ്റ് ചെയ്യപ്പെടാന്‍ നിദാനമായതെന്തെന്ന് പരിശോധിക്കേണ്ടതാണ്.

2019 ഏപ്രില്‍ 19നാണ് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗോഗോയിക്കെതിരെ സുപ്രീം കോടതി ജീവനക്കാരി ലൈംഗിക പീഡനാരോപണം ഉന്നയിക്കുന്നത്. തൊട്ടടുത്ത ദിനം സാധാരണ നിലയില്‍ കോടതി പ്രവര്‍ത്തിക്കാത്ത ദിവസമായിരുന്നെങ്കിലും യുദ്ധകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ സുപ്രീം കോടതിയിലുണ്ടായി. ചീഫ് ജസ്റ്റിസിന്റെ തന്നെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് സ്വമേധയാ കേസെടുത്ത് ഉടനെ ലിസ്റ്റ് ചെയ്ത് തുറന്ന കോടതിയില്‍ വിഷയം പരിഗണിച്ചു. പരാതിക്കാരിയില്‍ അവിശ്വാസം രേഖപ്പെടുത്തി അവരെ പൂര്‍ണമായും തള്ളിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്റെ ഓഫീസിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നാണ് വിശദീകരിച്ചത്. തുടര്‍ന്ന് കേസ് മറ്റൊരു ബഞ്ചിന് അയച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിംഗ്ടണ്‍ എഫ് നരിമാന്‍, ദീപക് ഗുപ്ത എന്നിവരായിരുന്നു പ്രസ്തുത ബഞ്ചിലെ അംഗങ്ങള്‍. മൂന്നംഗ ബഞ്ച് പ്രധാനമായും രണ്ട് നടപടികളാണ് കൈക്കൊണ്ടത്.

ചീഫ് ജസ്റ്റിസ് ആരോപിച്ച ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതി മുന്‍ ജഡ്ജി എ കെ പട്‌നായ്കിനെ നിയമിച്ചു. കൂടാതെ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിശ്ചയിക്കുകയും ചെയ്തു. രഞ്ജന്‍ ഗോഗോയിയുടെ പിന്‍ഗാമിയായി മുഖ്യ ന്യായാധിപ പദവിയിലെത്തിയ ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരായിരുന്നു ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങള്‍. എന്നാല്‍ സമിതിയില്‍ പക്ഷപാതിത്വം ആരോപിച്ച പരാതിക്കാരി സമിതിക്ക് മുമ്പില്‍ ഹാജരാകാന്‍ വിസമ്മതിച്ചു. പിന്നീട് ആഭ്യന്തര അന്വേഷണ സമിതി പരാതിയില്‍ വസ്തുതയില്ലെന്ന് വിശദീകരിച്ച് രഞ്ജന്‍ ഗോഗോയിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയാണുണ്ടായത്. ഈ കേസ് തുടരുന്നതില്‍ കാര്യമില്ലെന്ന് നിരീക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീം കോടതി പ്രസ്തുത കേസ് അവസാനിപ്പിച്ചത്. ഏറെ സംശയങ്ങളുടെ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ ഘനീഭവിച്ചു നില്‍ക്കെ തന്നെയാണ് സുപ്രീം കോടതി കേസവസാനിപ്പിച്ചത്. എന്നാല്‍ പെഗാസസ് വിവാദത്തോടെ രഞ്ജന്‍ ഗോഗോയി മാത്രമല്ല ഇരുട്ടില്‍ നില്‍ക്കുന്നത്, കേന്ദ്ര സര്‍ക്കാറും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

സുപ്രീം കോടതി ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി സ്വീകരിച്ച നടപടികള്‍ അടിമുടി സംശയാസ്പദമായിരുന്നു. ഇരക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെടാനിടയായ സാഹചര്യമുണ്ടായപ്പോള്‍ കരുക്കളെല്ലാം നീക്കിയത് പരമോന്നത നീതിപീഠത്തെ മറയാക്കിയായിരുന്നു. അതിനാലാണ് സുപ്രീം കോടതിയിലെ മുന്‍ ന്യായാധിപരടക്കം ശക്തമായ വിമര്‍ശവുമായി രംഗത്തെത്തിയത്. അത്തരം സംശയങ്ങളെയും വിമര്‍ശങ്ങളെയും സാധൂകരിക്കുന്ന ഇടപെടലുകളാണ് രഞ്ജന്‍ ഗോഗോയിയെ ആഭ്യന്തര അന്വേഷണ സമിതി കുറ്റമുക്തനാക്കിയ ശേഷവും നടന്നത്. രഞ്ജന്‍ ഗോഗോയിക്കെതിരെ പരാതി ഉന്നയിച്ച മുറക്ക് പിരിച്ചുവിടപ്പെട്ട പരാതിക്കാരിയെ അദ്ദേഹം മുഖ്യ ന്യായാധിപ പദവിയില്‍ നിന്ന് വിരമിച്ച 2020 ജനുവരി 20ന് ശേഷം സര്‍വീസില്‍ തിരിച്ചെടുത്തു, അതും പിരിച്ചുവിടപ്പെട്ട കാലത്തെ ശമ്പളം അനുവദിച്ചുകൊണ്ട് തന്നെ.

പരാതിക്കാരിയായ സുപ്രീം കോടതി ജീവനക്കാരിയെ പിരിച്ചുവിട്ട സമയത്ത് തന്നെ ഡല്‍ഹി പോലീസിലായിരുന്ന അവരുടെ ഭര്‍ത്താവ്, ഭര്‍തൃ സഹോദരന്‍ എന്നിവരെയും പിരിച്ചുവിട്ടിരുന്നു. രഞ്ജന്‍ ഗോഗോയി സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതോടെ അവരെയും ഡല്‍ഹി പോലീസില്‍ തിരിച്ചെടുത്തു. ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് പ്രതികാരം തീര്‍ക്കുകയായിരുന്നു ഇരയെയും അടുത്ത ബന്ധുക്കളെയും സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് പിരിച്ചുവിട്ടതോടെ നടപ്പാക്കിയതെന്നാണ് ബോധ്യപ്പെടുന്നത്. നിയമപരമായ നടപടിക്രമങ്ങളെന്ന ഭാവത്തില്‍ നീതിദീക്ഷയില്ലാതെ ഏകപക്ഷീയമായി ചിലതൊക്കെ കാട്ടിക്കൂട്ടിയതിനൊടുവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് അഗ്‌നി ശുദ്ധി പരിവേഷം ഉറപ്പാക്കിയ ശേഷം അവരെ തിരിച്ചെടുക്കുമ്പോള്‍ അവരുന്നയിച്ച ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലമാണ് ലഭിക്കുന്നത്.

പരാതിക്കാരിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണല്ലോ സുപ്രീം കോടതി മൂന്നംഗ ബഞ്ച് രഞ്ജന്‍ ഗോഗോയിയെ കുറ്റമുക്തനാക്കിയത്. അവരുന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നെന്നാണ് അതിനര്‍ഥം. അങ്ങനെ വരുമ്പോള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുക വഴി കോടതിയലക്ഷ്യത്തിന് നിയമ നടപടി നേരിടേണ്ടിയിരുന്നു പരാതിക്കാരിയായ സുപ്രീം കോടതി ജീവനക്കാരി. എന്നാല്‍ അവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുണ്ടായില്ല എന്നതില്‍ നിന്ന് ലഭിക്കുന്ന തെളിച്ചമുള്ള ചിത്രം ജനാധിപത്യ വിശ്വാസികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. മുഖ്യ ന്യായാധിപനെ കുറ്റമുക്തനാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടോ ലൈംഗിക പീഡന പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച എ കെ പട്‌നായ്ക് റിപ്പോര്‍ട്ടോ ഒന്നും പുറത്തുവിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മിച്ച ഇസ്‌റാഈല്‍ കമ്പനി വ്യക്തമാക്കുന്നത് അംഗീകൃത സര്‍ക്കാറുകള്‍ക്കാണ് തങ്ങള്‍ സേവനം വില്‍ക്കുന്നതെന്നാണ്. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടേതടക്കം ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് വേണ്ടി ഇസ്‌റാഈല്‍ കമ്പനിയുമായി കച്ചവടമുറപ്പിച്ചത് കേന്ദ്ര സര്‍ക്കാറാണെന്നാണ് കമ്പനി വിശദീകരണത്തിന്റെ പൊരുള്‍. അതില്‍ വ്യക്തത വരുത്തി പ്രതികരണം നടത്താത്തതിലാണ് പാര്‍ലിമെന്റില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തെയും മൗലികാവകാശങ്ങളുടെ സംരക്ഷണത്തെയും സംബന്ധിച്ച് സമീപ ഭാവിയിലൊന്നും ഉയര്‍ന്നു കേള്‍ക്കാത്ത ശക്തമായ ചോദ്യങ്ങള്‍ക്ക് മുമ്പിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടിയില്ലാതെ തപ്പിത്തടയുന്നത്.

ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമായ അധികാര വിഭജനവും നീതിന്യായ സ്വാതന്ത്ര്യവും അത്യന്തം അപകടത്തിലായ ഒരു ദശാസന്ധിയെക്കുറിച്ചുള്ള വര്‍ത്തമാനമാണ് പെഗാസസ് വിവാദം പുറത്തെത്തിച്ചത്. രഞ്ജന്‍ ഗോഗോയിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ സുപ്രീം കോടതി ജീവനക്കാരിയുടെ ഫോണ്‍ ചോര്‍ത്തിയത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നതാണ്. ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗോഗോയിയുടെ അറിവോടെയായിരുന്നോ ഇരയുടെ സംഭാഷണങ്ങള്‍ ഒളിഞ്ഞു കേട്ടത് എന്നതും മറുപടിയര്‍ഹിക്കുന്ന ചോദ്യമാണ്. ഇസ്‌റാഈല്‍ കമ്പനി സര്‍ക്കാറുകള്‍ക്ക് മാത്രം വില്‍ക്കുന്ന ചാര സോഫ്റ്റ് വെയറുപയോഗിച്ച് ഇരയുടെ ഫോണ്‍ ചോര്‍ത്തിയതിന്റെ ഗുണഭോക്താവ് ഏതായാലും ഭരണകൂടമല്ല. അത്തരമൊരു ദൗത്യം കുറ്റാരോപിതന് വേണ്ടി ഭരണകൂടം നടത്തി എന്നാണെങ്കില്‍ അത്രമേല്‍ അഭേദ്യമായ അന്തര്‍ധാര സജീവമായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കും ഭരണകൂടത്തിനുമിടയില്‍ എന്നാണ് അനുമാനിക്കേണ്ടത്. അതുകൊണ്ടാണ് പരമോന്നത നീതിപീഠത്തിലെ ഗോഗോയിക്കാലം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മോശം കാലമെന്ന വിമര്‍ശം ഉയര്‍ന്നുവന്നത്.

എക്‌സിക്യൂട്ടീവിന്റെ താത്പര്യ സംരക്ഷകരായി വര്‍ത്തിക്കുന്ന ജുഡീഷ്യറിയും ഇന്ത്യന്‍ ഭരണഘടനയും ഒരു കൈവഴിയിലും കണ്ടുമുട്ടുന്നില്ല. രഞ്ജന്‍ ഗോഗോയി മുഖ്യ ന്യായാധിപ പദവിയിലിരുന്ന കാലത്ത് കേന്ദ്ര സര്‍ക്കാറിന് നിര്‍ണായകമായ നിയമ വ്യവഹാരങ്ങളില്‍ അനുകൂല വിധികള്‍ പുറപ്പെടുവിച്ചപ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ അവഗണിക്കപ്പെട്ടത് അതുകൊണ്ടാകാം. ബാബരി വിധി, റാഫേല്‍ അഴിമതിയില്‍ കേന്ദ്ര സര്‍ക്കാറിന് ആശ്വാസ വിധി നല്‍കിയത്, ഇലക്ടറല്‍ ബോണ്ട് ചോദ്യം ചെയ്തുകൊണ്ടുള്ള വ്യവഹാരത്തിലെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയത്, ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ അസാധാരണ സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജികള്‍ കേള്‍ക്കുന്നതില്‍ കാണിച്ച അലംഭാവം തുടങ്ങി ഭരണഘടനക്ക് നിരക്കാത്ത വഴിവിട്ട നീക്കങ്ങള്‍ക്ക് കൊടിപിടിച്ച് മുന്നില്‍ നിന്നതിനുള്ള പ്രത്യുപകാരമാണ് വിരമിച്ച് വൈകാതെയെത്തിയ രാജ്യസഭാ എം പി സ്ഥാനമെന്ന വിമര്‍ശം നേരത്തേ ഉയര്‍ന്നുവന്നതാണ്. ആ വിമര്‍ശങ്ങളൊക്കെ കാര്യപ്രസക്തമായിരുന്നു എന്നാണിപ്പോള്‍ പൗരസമൂഹം മനസ്സിലാക്കുന്നത്.

രഞ്ജന്‍ ഗോഗോയി ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് ഭരണകൂടവും ഉന്നത നീതിപീഠവും കൈകൊടുത്ത് നില്‍ക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് പെഗാസസ് വിവാദം വെളിച്ചത്തെത്തിച്ചിരിക്കുന്നത്. അത് ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളില്‍ വലിയ നടുക്കമുണ്ടാക്കുന്ന വാര്‍ത്തയാണ്. ആന്തരിക ജീര്‍ണതകളാലും ഭരണകൂട ദാസ്യത്താലും നീതിന്യായ വ്യവസ്ഥക്ക് സംഭവിക്കുന്ന ക്ഷതത്തിന്റെ ആഴം വരച്ചുകാട്ടുന്ന ചിത്രമാണത്. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ചുമതലപ്പെട്ട നീതിപീഠം ഭരണകൂടത്തിന്റെ കൈകളിലെ പാവയായി മാറാതിരിക്കാനുള്ള പൗരജാഗ്രതയാണ് ഈ ഘട്ടത്തില്‍ നമുക്കുണ്ടാകേണ്ടത്. മുന്‍ ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പുനഃപരിശോധിക്കുന്നത് ശരിയായ പാതയില്‍ സഞ്ചരിക്കാന്‍ ജുഡീഷ്യറിയെ പര്യാപ്തമാക്കുന്ന ഒരു ദൗത്യമാകാനിടയുണ്ട്. വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ അതിന് സാധ്യത കുറവാണെന്ന് മാത്രം.

---- facebook comment plugin here -----

Latest