Connect with us

Kerala

EXPLAINER കേരളത്തിലെ ആദ്യ തുരങ്കപാത; സവിശേഷതകൾ ഒട്ടേറെ; കുതിരാന്റെ കഥ ഇങ്ങനെ

Published

|

Last Updated

പാലക്കാട് | നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയപാത 544ല്‍ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള കുതിരാന്‍ തുരങ്കപാതയിൽ ഒന്ന് തുറന്നുകൊടുത്തപ്പോൾ യാഥാർഥ്യമായത് സ‌ംസ്ഥാനത്തെ ആദ്യത്തെ തുരങ്കപാത. 970 മീറ്ററാണ് ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നീളം. 14 മീറ്റർ വീതി. വീതിയുടെ കാര്യത്തിൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കങ്ങളിൽ ഒന്നാണ് കുതിരാൻ. പത്ത് മീറ്ററാണ് ഉയരം.

തുരങ്കങ്ങള്‍ തമ്മില്‍ 24 മീറ്റര്‍ അകലമുണ്ട്. 540 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴിയുണ്ട്. ഒരുപാതയിൽ അപകടമുണ്ടായാൽ മറുപാതയിലേക്ക് മാറി യാത്ര ചെയ്യാൻ ഇതുവഴി സാധിക്കും. എന്നാൽ രണ്ടാമത്തെ തുരങ്കം കൂടി തുറന്നെങ്കിലേ ഇതിന്റെ പ്രയോജനം ലഭിക്കൂ.

ബൂമര്‍ ഉപയോഗിച്ചാണ് തുരങ്കത്തിന്‍െറ നിര്‍മാണം. ആര്‍ച്ച് മാതൃകയില്‍ പാറ തുരന്ന് കുഴിയെടുത്തശേഷം വെടിമരുന്ന് നിറച്ച് സ്ഫോടനം നടത്തിയാണ് തുരങ്കം ഉണ്ടാക്കിയത്. ആദ്യഘട്ടത്തിൽ 200ഓളം തൊഴിലാളികള്‍ രാപകൽ ഇതിനായി ജോലി ചെയ്തിരുന്നു. ഇരുമ്പു പാലത്തിന്‍െറ ഭാഗത്തുനിന്നാണ് നിര്‍മാണം തുടങ്ങിയത്.

പാറ തുരന്ന് നാലു മീറ്റര്‍ താഴ്ചയിലാണ് തുരങ്കത്തിനുള്ളിലെ കോണ്‍ക്രീറ്റ് ബീമുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ഒരു കാരണവശാലും പാറ താഴേക്ക് ഇരിക്കാത്ത രീതിയിലാണ് നിര്‍മാണം. ഭൂകമ്പത്തെ ചെറുക്കുന്ന രീതിയിലാണ് തുരങ്കം സജ്ജമാക്കുന്നത്. ഇരുമ്പു പാലം ഭാഗത്തുനിന്ന് ആരംഭിച്ച് കുതിരാന്‍ ക്ഷേത്രത്തിന് താഴെ വഴുക്കുംപാറയിലാണ് തുരങ്കം അവസാനിക്കുന്നത്. നാലുവരിപ്പാതയുള്ള റോഡിന് സമമാണ് തുരങ്കത്തിന്‍െറ ഉള്‍വശം.

തുരങ്കത്തിനുള്ളില്‍ യാത്രക്കാരുടെ സുരക്ഷക്ക് ഹൈടെക് സംവിധാങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ളില്‍ സി.സി ടി.വി കാമറകളുടെ നിരീക്ഷണമുണ്ടാവും. കാമറക്കാഴ്ച കാണാന്‍ പുറത്ത് സ്ക്രീനുകള്‍ ഒരുക്കും. പൊടിപടലങ്ങളോ മഞ്ഞോ കാഴ്ചയെ മറക്കില്ല. പൊടി വലിച്ചെടുത്ത് പുറത്തു കളയാനുള്ള ബ്ളോവറുകള്‍ തുരങ്കത്തിന്റെ ഇരുവശത്തുമുണ്ട്. രണ്ടറ്റത്തും കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. തുരങ്ങത്തിനുള്ളിൽ 1200 എൽഇഡി ബൾബുകൾ സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചാല്‍ മൊബൈലിന് റെയ്ഞ്ച് ലഭിക്കില്ലെന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ആറോളം ഇടങ്ങളില്‍ എമന്‍ജന്‍സി ലാന്‍ഡ് ഫോണ്‍ സംവിധാനവുമുണ്ട്. വിവിധ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ധാരാളം സെന്‍സറുകളും സജ്ജീകരിച്ചിട്ടുണ്ട്.

അഗ്നി ബാധ തടയാന്‍ എട്ടോളം വാല്‍വുകളുള്ള ഫയര്‍ ലൈനും ഇതിനകത്തുണ്ട്. തുരങ്കത്തിനോട് ചേര്‍ന്ന് രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം സൂക്ഷിക്കാന്‍ കഴിയുന്ന പ്രത്യേക വാട്ടര്‍ടാങ്ക് സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിനുള്ളിലൂടെ എത്ര വലിയ ചരക്കു വാഹനങ്ങള്‍ക്കും ഇതുവഴി സുഗമമായി പോകാം.

2004-05 കാലത്താണ് കുതിരാൻ പാതയുടെ പണി തുടങ്ങുന്നത്. ഡല്‍ഹിയില്‍ ദേശീയപാത അതോറിറ്റിയുടെ ചീഫ് ജനറല്‍ മാനേജരായിരുന്ന കന്തസ്വാമിയും പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന എം. കൃഷ്ണനുമാണ് കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ല്‍ വിശദ പദ്ധതിരേഖ തയ്യാറാക്കി. സ്ഥലമേറ്റെടുക്കൽ നടപടികൾ പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുത്തു. 2007ലും 2008ലും ടെന്‍ഡര്‍ ചെയ്തിരുന്നെങ്കിലും ആരും വന്നില്ല.

2010ലാണ് കരാര്‍ ഉറപ്പിച്ചത്. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി. കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാര്‍ നല്‍കുകയായിരുന്നു. രണ്ടും ഹൈദരാബാദിലെ കമ്പനികള്‍. അന്തിമാനുമതി കിട്ടിയത് 2013ലാണ്. എന്നാൽ പ്രാദേശിക എതിർപ്പുകൾ ഉയർന്നത് വീണ്ടും തടസ്സ‌ം സൃഷ്ടിച്ചു. ഇതോടെ ദേശീയപാത അതോറിറ്റി 2015ല്‍ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാല്‍, അവസാനവട്ടം ഒരു ശ്രമം കൂടി നടത്താന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചതാണ് വഴിത്തിരിവായത്.

2015ൽ തന്നെ നിർമാണ ജോലികൾ ആരംഭിച്ചു. 2016 മെയ് 13ന് ഡ്രില്ലിങ് ജമ്പോസ് എന്ന ഉപകരണങ്ങളുമായി രണ്ടറ്റത്തു നിന്നും പാറ തുരക്കല്‍ തുടങ്ങി. ആദ്യ പൊട്ടിക്കലില്‍തന്നെ പാറക്കഷണങ്ങള്‍ ദേശീയപാതയിലും സമീപപ്രദേശങ്ങളിലും തെറിച്ചുവീണതോടെ പണി നിര്‍ത്തേണ്ടിവന്നു. ജൂണിലാണ് വീണ്ടും തുടങ്ങിയത്. പാലക്കാട് നിന്നു വരുമ്പോള്‍ ഇടതുവശത്തുള്ള തുരങ്കം ഫെബ്രുവരി 22നും രണ്ടാം തുരങ്കം ഏപ്രില്‍ 21നും കൂട്ടിമുട്ടി.

പിന്നീടും പല തടസങ്ങളുമുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒടുവിലിപ്പോള്‍ സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയിലുടെ വാഹനങ്ങള്‍ ഓടാനും തുടങ്ങി.പാലക്കാട് ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന തുരങ്ക പാതയാണിപ്പോള്‍ തുറന്നത്. 200 കോടിയാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും 350 കോടിയോളം രൂപ ഇതുവരെ ചെലവായി.