Connect with us

Articles

മാങ്കോസ്റ്റീന്‍ ചുവട്ടിലെ സംഗീതം നിലച്ചിട്ട് 27 വര്‍ഷം

Published

|

Last Updated

സോജാ രാജ്കുമാരീ…സോജാ…” വൈലാലിലെ മാങ്കോസ്റ്റീന്‍ ചുവട്ടിലെ ഈ ഗ്രാമഫോണ്‍ സംഗീതം നിലച്ചിട്ട് ഇന്നേക്ക് 27 വര്‍ഷം. 1994 ജൂലൈ അഞ്ചിനാണ് വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന അനുഭവങ്ങളുടെ കഥാകാരന്‍ ലോകത്തോട് വിടപറഞ്ഞത്. ബഷീര്‍ പറഞ്ഞത് മുഴുവന്‍ സാധാരണക്കാരായ മനുഷ്യരെക്കുറിച്ചായിരുന്നു. ഏച്ചുകെട്ടാതെ ഹൃദയത്തിന്റെ ഭാഷയില്‍ അദ്ദേഹം കഥകള്‍ പറഞ്ഞു. ഓരോ വായനക്കാരനും അത് സ്വന്തം കഥയായി തോന്നിക്കുംവിധം കോറിയിടാന്‍ ബഷീറിന് സാധിച്ചു.

ബഷീര്‍ തിരുത്തിയെഴുതാത്ത ഒരേ ഒരു കൃതിയാണ് പാത്തുമ്മായുടെ ആട്. അതെഴുതിയത് ഭ്രാന്താശുപത്രിയില്‍ വച്ചായിരുന്നു എന്നതും ശ്രദ്ധേയമാണ്. മനോവിഭ്രാന്തിയുടെ ഇരുട്ടിലും ഉള്ളിലെങ്ങോ ഒരു കുഞ്ഞു സൂര്യനുണ്ടായിരുന്നെന്ന് ബഷീര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. സ്വന്തം വേദനകളെയും കണ്ണീരിനെയും സ്നേഹത്തെയുമെല്ലാം ചിരിയിലൊതുക്കാന്‍ ബഷീറിന് സാധിച്ചു എന്ന് അദ്ദേഹത്തെ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും. മാനവരാശിയെയും ഭൂഗോളത്തെയും ജീവജാലങ്ങളെയും പ്രപഞ്ചത്തെയും ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന എഴുത്തുകാരനായിരുന്നു ബഷീര്‍.

നാടും വീടും ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലും ഉപ്പു സത്യഗ്രഹത്തിലും പങ്കെടുത്ത് ജയില്‍വാസവും നീണ്ട യാത്രകളുമൊക്കെ കഴിഞ്ഞ് അര്‍ധരാത്രി സ്വന്തം വീട്ടുമുറ്റത്ത് എത്തിയ കാര്യം ബഷീര്‍ പറഞ്ഞുതരുന്നത് എത്ര ലാളിത്യത്തോടെയാണ്. “നീ വല്ലതും കഴിച്ചോ മോനെ” എന്ന ഉമ്മയുടെ നിഷ്‌കളങ്കമായ ചോദ്യമാണ് ആദ്യമെത്തുന്നത്. ഇല്ലെന്ന് പറഞ്ഞ് കൈ കഴുകി ഭക്ഷണം കഴിക്കാനിരിക്കുന്ന മകന് വിളക്കിന്റെ വെളിച്ചത്തില്‍ മാതാവ് ചോറും കറിയും വിളമ്പുന്നു. ആര്‍ത്തിയോടെ കഴിക്കുന്ന മകനെ തന്നെ നോക്കിയിരിക്കുകയാണ് ഉമ്മ. വിശപ്പടങ്ങിയപ്പോള്‍ ബഷീറിന്റെ ചോദ്യം: ഞാന്‍ ഇന്ന് വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു? ഉമ്മയുടെ മറുപടി ഇങ്ങനെ: ചോറും കറിയും വെച്ച് ഞാന്‍ എല്ലാ ദിവസവും കാത്തിരിക്കും. സ്നേഹം മാത്രമുള്ള നിഷ്‌കളങ്കമായ മറുപടി. ഇത്തരം സന്ദര്‍ഭങ്ങള്‍ ബഷീറിന്റെ കൃതികളുടെ മാത്രം സവിശേഷതയാണ്.

സ്ത്രീകളുടെ മഹത്വവും പ്രണയവും അസ്തിത്വവും പവിത്രതയുമെല്ലാം അക്ഷരങ്ങളിലൂടെ വായനക്കാരിലേക്കെത്തിക്കാന്‍ സുല്‍ത്താന് സാധിച്ചിട്ടുണ്ട്. 1965-ലാണ് മതിലുകള്‍ പ്രസിദ്ധീകരിച്ചത്. രണ്ടര വര്‍ഷത്തെ ജയില്‍ ജീവിതാനുഭവങ്ങളാണ് മതിലുകളില്‍ ബഷീര്‍ വരച്ചിട്ടത്. തിരുവനന്തപുരത്തു വച്ചാണ് നോവല്‍ എഴുതി തീര്‍ത്തത്. കൗമുദി ബാലകൃഷ്ണനായിരുന്നു ഇതെഴുതാന്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കിയത് പ്രസ്സില്‍ നോവലിന്റെ അച്ചടി നടക്കുമ്പോള്‍ ബാലകൃഷ്ണന്‍ ബഷീറിന് ഒരു ബ്ലാങ്ക് ചെക്ക് കൊടുത്തു. ചെക്കില്‍ ഒന്നും എഴുതാതെ ബഷീര്‍ നെടുകേയും കുറുകേയും വെട്ടിക്കൊണ്ടേയിരുന്നു. തുടര്‍ന്ന് പറഞ്ഞു: “എടാ കഴുവേറീടെ മോനേ, എനിക്ക് നിന്റെ പണം വേണ്ട. നീ പോയിട്ട് ഈ പണം കൊണ്ട് മൂന്നോ നാലോ സാരി വാങ്ങി നിന്റെ ഭാര്യക്ക് കൊടുക്ക്.”

യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ബഷീര്‍ മതിലുകള്‍ പ്രസിദ്ധീകരണത്തിന് നല്‍കിയത്- കടം വാങ്ങിയ മഷിയും പേപ്പറും കൊണ്ട് കഥകളെഴുതിയ എഴുത്തുകാരനായിരുന്നിട്ടുകൂടി. ഒരുകാലത്ത് സ്നേഹിച്ചിരുന്ന പെണ്ണിനെ തന്റെ എഴുത്ത് വേദനിപ്പിക്കുമോ എന്നുകരുതി എഴുതാതിരുന്ന കാമുകന്‍ കൂടിയാണ് അദ്ദേഹം. ബഷീര്‍ ഓര്‍മകള്‍ക്ക് അവസാനമില്ല. ബഷീര്‍ ഒന്നേയുള്ളൂ, അദ്ദേഹത്തിന് പകരക്കാരനാകാന്‍ മറ്റൊരു എഴുത്തുകാരനില്ല.

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest