Connect with us

Idukki

സംരക്ഷിത വനമേഖലയില്‍ കയറി വീഡിയോ ചിത്രീകരണം; വ്‌ളോഗര്‍ സുജിത് ഭക്തന് എതിരെ അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

മൂന്നാര്‍ | അനുമതി ഇല്ലാതെ മൂന്നാര്‍ ഇടമലക്കുടിയിലെ സംരക്ഷിത വനമേഖലയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി വ്‌ളോഗ് ചെയ്ത വ്‌ളോഗര്‍ സുജിത് ഭക്തന് എതിരെ അന്വേഷണത്തിന് ഉത്തരവ്. ദേവികുളം ഡിഎഫ്ഒ ഇതുസംബന്ധിച്ച് മൂന്നാം റേഞ്ച് ഓഫീസര്‍ എസ് ഹരീന്ദ്ര കുമാറിനോട് റിപ്പോര്‍ട്ട് തേടി. ഡീന്‍ കുര്യാക്കോസ് എംപിയോടൊപ്പമാണ് സുജിത് ഭക്തന്‍ ഇടമലക്കുടിയില്‍ എത്തിയത്. കേരളത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ഏക പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ പുറത്ത് നിന്ന് ആര്‍ക്കും പ്രവേനം അനുവദിക്കാറില്ല.

ലോക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയാണ് എംപിയോടൊപ്പം സുജിത് ഭക്തനും സംഘവും ഇടമലക്കുടിയില്‍ എത്തിയത്. ഇടമലക്കുടിയിലെ ഏകവിദ്യാലയമായ ഗവണ്‍മെന്റ് ട്രൈബല്‍ എല്‍ പി സ്‌കൂളില്‍ ടെലവിഷന്‍ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് എംപി എത്തിയത്. എംപിയോടൊപ്പം പലയിടങ്ങളിലും സുജിത് ഭക്തന്‍ മാസ്‌ക് ധരിക്കാതെയാണ് വീഡീയോ പകര്‍ത്തിയത്. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് ഇവര്‍ ഇടമലക്കുടിയില എത്തിയത് എന്ന് സുജിത്ത് വ്‌ളോഗില്‍ പറയുന്നുണ്ട്.

പൂര്‍ണമായും ആദിവാസി ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന കേരളത്തിലെ ഏക പഞ്ചായത്താണ് ഇടമലക്കുടി. 2010ലാണ് ഈ പഞ്ചായത്ത് സ്ഥാപിതമായത്. ഊരിന് പുറത്തുനിന്നുള്ളവര്‍ക്ക് ഇടമലക്കുടിയില്‍ പൂര്‍ണ നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചാണ് എംപിക്ക് ഒപ്പം വ്‌ളോഗറും സംഘവും ഇടമലക്കുടിയില്‍ എത്തിയത്.

സംഭവത്തില്‍ സിപിഐ ഉള്‍പ്പെടെ സംഘടനകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡിഎഫ്ഒ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്‌ളോഗറുടെ നടപടിക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും രംഗത്ത് വന്നിരുന്നു.

ഡീന്‍ കുര്യാക്കോസിനും സുജിത്തിനും എതിരെ എഐവൈഎഫ് ദേവികുളം സബ്കലക്ടര്‍ക്കും ഡിവൈഎസ്പിക്കും പൊലീസില്‍ പരാതി നല്‍കി. സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനാണ് യൂട്യൂബര്‍ വനത്തിലെത്തി ഗോത്ര സമൂഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആക്ഷേപം. വനത്തില്‍ അതിക്രമിച്ചു കടന്നു വിഡിയോ പകര്‍ത്തിയതിന്റെ പേരില്‍ സുജിത് ഭക്തനെതിരെ നേരത്തേ വനംവകുപ്പ് കേസ് എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ നേര്യമംഗലം റേഞ്ചിലും പൂയംകുട്ടി റേഞ്ചിലും എത്തി വിഡിയോ ചിത്രീകരിച്ചതിനായിരുന്നു കേസ്.

Latest