Connect with us

Book Review

വായനയിലൂടെ നിർമിക്കപ്പെടുന്ന എഴുത്തുകളുടെ സൗകുമാര്യം

Published

|

Last Updated

പറവയുടെ സ്വാതന്ത്ര്യം – അജയ് പി മങ്ങാട്ട്

നീണ്ട വായനകൾക്കു പിറകെ വരുന്ന എഴുത്തുകൾക്ക് ചില പ്രത്യേകതകളുണ്ട്. വായിച്ചറിഞ്ഞ പുസ്തകങ്ങളെയും സ്വാധീനിച്ച എഴുത്തുകാരെയും കൊണ്ടുവരാതെ അത്തരം എഴുത്തുകൾക്ക് പൂർണത ലഭിക്കുകയില്ല. അജയ് പി മങ്ങാട്ടിന്റെ എഴുത്തുകൾ മുകളിലെ പ്രസ്താവനയോട് ഏറെ താദാത്മ്യപ്പെടുന്നവയാണ്. താനനുഭവിച്ച വായനാനുഭൂതിയെയും തന്റെ പ്രിയപ്പെട്ട എഴുത്തുകാരെയും തന്റെ എഴുത്തുകളിലൂടെ സന്നിവേശിപ്പിച്ച് അത് ഫിക്്ഷനായും നോൺ ഫിക്്ഷനായും സാഹിത്യ ലോകത്തിന് അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്. “പറവയുടെ സ്വാതന്ത്ര്യം” ഒരു സാഹിത്യ നിരൂപണം എന്നതിനപ്പുറം എഴുത്തുകാരുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലേക്കും ഓരോ കൃതിയുടെ ജനനവും അത് സമൂഹത്തിലുണ്ടാക്കിയ സ്വാധീനവുമെല്ലാം ഇതിലെ ഓരോ ലേഖനങ്ങളിലും വിഷയീഭവിച്ചിട്ടുണ്ട്. നല്ലൊരു വായനക്കാരന് വായിച്ചിരിക്കേണ്ട കുറച്ച് പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്നൊരു ദൗത്യം കൂടി ഈ കൃതി നിർവഹിക്കുന്നുണ്ട്. വായനയുടെ രസതന്ത്രത്തെക്കുറിച്ച് ദർശനികപരമായ ചില ആശയങ്ങൾ എഴുത്തുകാരൻ പങ്ക് വെക്കുന്നുണ്ട്. “വായിച്ചു മറന്നതു വീണ്ടും വായിക്കുമ്പോൾ ആ മറവിയുടെ പശ്ചാത്തലം അപാര ആനന്ദം കൊണ്ടുവരും. അതുണ്ടാക്കുന്ന ഭാഷാപരമായ ഊർജം ചെറുതല്ല. വേവലാതികളില്ലാതെ ദിവസങ്ങളോ മാസങ്ങളോ ഒരു പുസ്തകം തന്നെ വായിക്കണമെന്ന് അപ്പോൾ തോന്നും”. ഈ വരികൾ തീർച്ചയായും അനുഭവത്തിന്റെതാണ്. അനുഭവിച്ച് മാത്രം ആസ്വദിക്കാനാകുന്ന വായനയുടെ അപാര ലോകമാണത്. കൃതി പരിചയപ്പെടുത്തുന്ന എഴുത്തുകാരും പുസ്തകങ്ങളും അധികവും വേൾഡ് ക്ലാസിക്കിലേതാണ്. എമിലി ഡിക്കൻസ്, ബോർഹസ്, ഫയദോർ ദസ്തവേയ്സ്കി, ഗബ്രിയേൽ ഗാർസ്യ മാർക്വേസ്, ജലാലുദ്ദീൻ റൂമി, ആൽബേർ കാമു, ഗുന്തർ ഗ്രാസ്, ഫെഡ്രറിക് നീഷെ ഇവരെല്ലാം ചിലരാണ്. ഇവരുടെയല്ലാം രചനകൾ പറയുന്നതിനോടൊപ്പം അതെഴുതുമ്പോൾ അവരനുഭവിച്ച വ്യഥകൾ, രചനയുടെ പശ്ചാത്തലം, അവരുടെ ആത്മ സംഘർഷങ്ങൾ എന്നിവയെല്ലാം നിരൂപകൻ എഴുതിവെക്കുന്നുണ്ട്.
ഡാറ്റകളുടെ വലിയൊരു ശേഖരമുണ്ടെങ്കിൽ കൂടി ലേഖനം വായിക്കുന്നതിന്റെ വിരസത ഒട്ടും അനുഭവപ്പെടുന്നില്ല എന്നത് എഴുത്തുകാരന്റെ വൈദഗ്‌ധ്യം വിളിച്ചുപറയുന്നുണ്ട്.

വായനക്കാരനെ പിടിച്ചിരുത്താൻ കഴിവുള്ള, തുടർച്ച ലഭിക്കുന്ന എഴുത്ത് രീതി തികച്ചും പ്രശംസനീയമാണ്. ആധുനിക കാലത്തെ പ്രവാചക വായനകൾക്ക് ഒരാമുഖം നിർദേശിക്കുന്ന “പ്രവാചകന്റെ മാനുഷികത” എന്ന തലക്കെട്ടിനു താഴെ വന്ന ലേഖനം നീണ്ടതും ഗഹനമായതുമാണ്. സെക്യുലർ ലോകത്ത് ഇസ്്ലാമിന്റെ സൗന്ദര്യമാണ് റസൂലിന്റെ ജീവിതത്തെ ആവിഷ്്കരിക്കുന്നതിലൂടെ നടപ്പാകേണ്ടതെന്ന് എഴുത്തുകാരൻ പറയുന്നുണ്ട്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ എഴുതാൻ മാർക്വേസ് നേരിട്ട ആത്മ സംഘട്ടനങ്ങളും ബുദ്ധിമുട്ടുകളും വായനക്കാരെ ഹഠാദാകർഷിക്കും. തന്റെ രചന വിജയിച്ചുവെന്ന് വായനക്കാരുടെ കണ്ണുകളിൽ നിന്ന് മനസ്സിലാക്കുന്ന മാർക്വേസിന്റെ ആഹ്ലാദമുഖം വരികളിൽ നമുക്കനുഭവപ്പെടുമെന്ന് തീർച്ചയാണ്. ഏകാന്തതയുടെ നൂറ് വർഷങ്ങൾ എഴുത്തുകാരനിൽ നിന്ന് സ്വതന്ത്രമാകാതെ അതയാളെ ബലമായി അതിനോട് ചേർത്തുവെക്കുന്നതാണ് നാം കാണുന്നത്. ഒരൊറ്റ കൃതിയിലൂടെ അനശ്വരനാകുകയും യുഗങ്ങൾക്കിപ്പുറവും നിരന്തരം വായിച്ചുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ട് തന്നെയാണ് അത് കാലങ്ങളിലേക്ക് സംവേദനം ചെയ്യപ്പെടുന്നത്.

എഴുത്തിൽ മാർക്വേസ് തൃപ്തിയടയുന്നത് അതിലൂടെയാണ്. നിരൂപണങ്ങൾക്ക് എഴുത്തുകാരൻ തിരഞ്ഞെടുത്ത പുസ്തകങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ ഏറെ വൈവിധ്യം കാണാം. രാഷ്ട്രീയം, കലാപം, അധിനിവേശം, സൂഫിസം, ഫാസിസം, ഫിലോസഫി, ഏകാന്തത എന്നിങ്ങനെ വിഷയ വൈവിധ്യം കൊണ്ട് സമ്പന്നമായ പുസ്തകങ്ങളാണ് നിരൂപണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. നാസി ജർമനിയിൽ ഹോളോകാസ്റ്റിന് വിധേയരായവരുടെയും ഗ്യാസ് ചേംബറുകളിൽ അടക്കപ്പെട്ടവരുടെയും കഥ പറയുന്ന കുറച്ചധികം പുസ്തകങ്ങൾ അവസാന ഭാഗത്ത് എഴുത്തുകാരൻ പരിചയപ്പെടുത്തുന്നുണ്ട്. വംശീയ ഉന്മൂലനങ്ങളുടെ രാഷ്ട്രീയവും അതിജീവനവും പറയുന്ന അത്തരം പുസ്തകങ്ങൾ ഭാവിയിലേക്കുള്ള ഗവേഷണ റിസോഴ്സുകൾ കൂടിയാണ്.

മലയാള സാഹിത്യത്തിൽ ആനന്ദ്, ബഷീർ, ഒ വി വിജയൻ, ചങ്ങമ്പുഴ തുടങ്ങിയവരൊക്കെയാണ് കടന്നുവരുന്നത്. ആനന്ദിന്റെ എഴുത്ത് നൽകിയ ആനന്ദത്തോളം മറ്റൊന്നും തന്നെ ഉന്മാദവാനാക്കിയിട്ടില്ലെന്ന് അജയ് മങ്ങാട്ട് പറയുന്നുണ്ട്. വായനയിലൂടെ നിർമിക്കപ്പെടുന്ന എഴുത്തുകളുടെ സൗകുമാര്യം വായിച്ചാസ്വദിച്ച് പുസ്തകം പൂർണമാകുമ്പോൾ മനസ്സ് നിറഞ്ഞിരിക്കും. ഇരുന്നൂറ് പേജിന് മുകളിൽ വരുന്ന പുസ്തകത്തിന്റെ പ്രസാധകർ ഡി സി ബുക്സ് ആണ്. വില 220 രൂപ.