Connect with us

Book Review

ദാർശനികന്റെ സന്ദേഹങ്ങൾ

Published

|

Last Updated

തലമുറകൾ – ഒ വി വിജയൻ

ഖസാക്കിന്റെ ഇതിഹാസത്തിനു ശേഷം ഒ വി വിജയന്റെ തൂലികയിൽ നിന്നും പിറവി കൊണ്ട “തലമുറകൾ ” എന്ന നോവൽ ശരിക്കും പുനർവായന ആവശ്യപ്പെടുന്ന നോവലാണ്. വിജയന്റെ മാന്ത്രികഭാഷയും അതിരുകളില്ലാത്ത ഭാവനയും ഇഴചേർന്നു നിൽക്കുന്ന ഈ നോവൽ ഇനിയും ഏറെ വിലയിരുത്തലിനു വിധേയമാകേണ്ടതുണ്ട്.

ഫ്യൂഡൽ കാലഘട്ടത്തിൽ നിലനിന്നിരുന്ന അയിത്തം, തൊട്ടുകൂടായ്മ, ജാതിവിവേചനങ്ങൾ തുടങ്ങി ചില തറവാട്ടു മഹിമകളും പിന്നീടുണ്ടായ തറവാട്ടു ക്ഷയങ്ങളും പല കുടുംബങ്ങളേയും പിടികൂടിയ ഭീതിദമായ അവസ്ഥയുടെയും കഥ പറയുകയാണ് കഥാകാരൻ. ഇതിഹാസത്തിന്റെ തുടർച്ചയെന്നോണം മറ്റൊരു പാലക്കാടൻ പശ്ചാത്തലത്തിൽ വരച്ചിടുന്ന “തലമുറകൾ” രണ്ട് പതിറ്റാണ്ടിനിപ്പുറവും വായനക്കാരെ പിന്നിട്ട ചരിത്രത്തിന്റെ ചവിട്ടടിപ്പാതകളിലൂടെ ഓർമകളുടെ പിന്നാമ്പുറങ്ങളിലേക്ക് ഗൃഹാതുരതയോടെ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ്.
ബ്രിട്ടീഷ് ഭരണവും അവർക്ക് താങ്ങായി നിന്ന സവർണ മേധാവിത്വത്തിന്റെയും വിളനിലങ്ങളായിരുന്ന ഉന്നത ജാതി കുടുംബങ്ങളും അവരുടെ ആധിപത്യവും കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തിൽ അതിന് വിപരീതമായി ഒഴുക്കിനെതിരെ നീന്താൻ ശ്രമിച്ച പൊന്മുടിത്തറവാടിന്റെ അധിപൻ തിയോഡാർ ചാമിയാരപ്പനിലൂടെ ആ കഥ പറയുന്നതിനിടയിൽ വായനാനുഭൂതിയുടെ ഒരു ലോകം ഖസാക്കിൽ തീർത്തതിന്റെ തുടർച്ചയെന്നോണം ഈ നോവലിലും വിജയൻ തീർക്കുന്നുണ്ട്.

ചാമിയാരപ്പന്റെ മരുമകൻ വേലപ്പനിലൂടെ ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലെ പട്ടാള ജോലിയിൽ ഏർപ്പെടുന്നവർക്ക് വന്നു ഭവിക്കാവുന്ന നേട്ടങ്ങളും ഒടുവിൽ മനഃസംഘർഷങ്ങളും വിജയൻ സ്വതന്ത്രപൂർവ കാലഘട്ടത്തെ സത്യസന്ധമായി വരച്ചിടുന്നു. പങ്കജാക്ഷിയും ദേവകിയമ്മയും വേലപ്പനും ചാമിയാരപ്പനും അടങ്ങുന്ന പൊൻമുടിത്തറവാടിന്റെ കഥയിൽ ആഭിജാത്യത്തേക്കാൾ ഏറെ ചാമിയാരപ്പന്റെ യുക്തിവാദാഭിമുഖ്യവും പിന്നീടുണ്ടായ മതംമാറ്റവും കഥയിലേക്ക് കൊണ്ടുവരുന്നതോടെ പൊൻമുടിയിൽ നാശത്തിന്റെ വിത്തുകൾ മുളച്ച് വളർച്ച പ്രാപിച്ചരീതി കേരളീയ സംസ്കാരത്തിൽ പിന്നിട്ടുപോയ ഒരിരുണ്ട സാമൂഹിക, സാംസ്കാരിക ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്നു ഒ വി വിജയൻ.

അതിൽ വിജയനെന്ന എഴുത്തുകാരന്റെ മുൻ നോവലുകളിൽ ദൃശ്യമായിരുന്ന സന്ദേഹത്തിന്റെയും വന്നുഭവിക്കാനുള്ള നാശത്തിന്റെയും സൂചനകൾ പ്രവചന സ്വഭാവത്തോടെ തലമുറകളിലേക്കും ആവാഹിക്കുന്നതായി അനുഭവപ്പെടും. വിജയൻ അടിസ്ഥാനപരമായി ഒരു സന്ദേഹി ആയതിനാൽ ആ സന്ദേഹങ്ങളുടെയും ദാർശനികതകളുടെയും ധാരാളിത്തം “തലമുറകളിലും” നിറഞ്ഞുനിൽക്കുന്നതായി സൂക്ഷ്മ വായനയിൽ ബോധ്യപ്പെടും.

346 പേജുകളിൽ പരന്നുകിടക്കുന്ന “തലമുറകൾ” തിയഡോർ ചാമിയാരപ്പൻ എന്ന മുഖ്യ കഥാപാത്രത്തിലൂടെ പൊൻമുടിത്തറവാടിന്റെ കഥ പറയുമ്പോൾ അതിൽ ഭാവനയേക്കാൾ ഏറെ ചരിത്രനീതി പുലരുന്നുണ്ട്. ചരിത്രത്തോട് പക്ഷപാതിത്വമില്ലാത്ത സന്ദേഹി ആയതിനാലാകാം ഈ നോവലിൽ ഒരു പ്രത്യയശാസ്ത്രത്തെയും മഹത്വവത്കരിക്കാനോ പൂർണമായും നിരാകരിക്കാനോ എഴുത്തുകാരൻ മുതിരുന്നില്ല. അതുകൊണ്ടാകും അന്തിമമായ ശരിതെറ്റുകൾക്ക് വഴങ്ങാത്ത മനുഷ്യജീവിതത്തിന്റെ നേരവസ്ഥകളിലൂടെ ഒ വി വിജയൻ തലമുറകളേയും തന്റെ ദാർശനിക ശാഠ്യങ്ങളിൽ തളച്ചിടാൻ വെമ്പുന്നത്.
കർമഫലങ്ങളുടെ ശാപവും മോക്ഷവും യുക്തിവാദവും ആത്മീയതയും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ബൃഹത്തായ കഥ പറയുമ്പോൾ ഭാഷയുടെ മാന്ത്രികതയാലും കഥപറച്ചിലിൽ രൂപപ്പെടുന്ന മൗലികതയാർന്ന പുതുമയാലും ഇത് ഏറെ വായനാനുഭൂതി നൽകുന്നു. ചാമിയാരപ്പനിൽ തുടങ്ങിയ പൊന്മുടിയുടെ പ്രതാപം ചാമിയാരപ്പന്റെ കാലം കഴിയുന്നതിനു മുമ്പേതന്നെ അസ്തമനത്തോടടുക്കുമ്പോൾ അതിനു സാക്ഷിയാവുന്ന സുബേദാർ വേലപ്പനും പൊന്മുടിയുടെ പുത്രി പങ്കജാക്ഷിയും മുത്തശ്ശി ദേവകിയമ്മയും ഒക്കെ ആ തകർച്ചക്ക് ദൃക്സാക്ഷികളാകുന്നു.
തന്റെ വേരുകൾ തേടി ചാമിയാരപ്പന്റെ ചെറുമകൻ തിയോഡാർ വേൽവാഗ്നർ പടിഞ്ഞാറൻ നാട്ടിൽ നിന്നും പൊൻമുടിയുടെ പൊരുൾതേടി എത്തുന്നതയോടെ പൂർത്തിയാകുന്ന “തലമുറകൾ ” ഖസാക്കിന്റെ ഇതിഹാസം തീർത്ത വർണശബളിമക്കിടയിൽ വേണ്ടത്ര വായിക്കപ്പെടാതെ പോയ ഒരു ഒ വി വിജയൻ സൃഷ്ടിയായി കരുതണം. ഇതിഹാസത്തിൽ കണ്ട ഭാഷയുടെ മാന്ത്രികതയും ചിന്തകളിലെ ദാർശനികതയും ഒരു തുടർച്ചയെന്നോണം വിജയന്റെ എഴുത്തിന്റെ ഗരിമയാൽ തലയെടുപ്പോടെ “തലമുറകളിലും ” നിറഞ്ഞാടുന്നത് കാണാം. പ്രസാധകർ ഡി സി ബുക്സ്. വില 290 രൂപ.