Connect with us

Idukki

ജഴ്സി മാറി പഴയ എതിരാളികൾ

Published

|

Last Updated

ഇടുക്കി | കഴിഞ്ഞ തവണത്തെ എതിരാളികൾ ജഴ്സി പരസ്പരം മാറി കളത്തിലിറങ്ങുന്ന അപൂർവത ഇടുക്കി മണ്ഡലത്തിൽ. രണ്ടും കേരള കോൺഗ്രസുകാർ. ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനും ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജും. കഴിഞ്ഞ തവണ എൽ ഡി എഫ് കുപ്പായമിട്ട ഫ്രാൻസിസ് ജോർജ് ഇത്തവണ യു ഡി എഫ് ടീമിലാണ്. അന്ന് ഫ്രാൻസിസ് ജോർജിനെ തോൽപ്പിച്ച റോഷി ഇത്തവണ ഇടതു പാളയത്തിൽ. 1977ൽ മണ്ഡലം രൂപവത്കൃതമായ ശേഷം നടന്നത് 10 തിരഞ്ഞെടുപ്പുകൾ. ഇതിൽ ഒമ്പതും ജയിച്ചത് യു ഡി എഫ്. 1996ൽ ജനതാദളിലെ പി പി സുലൈമാൻ റാവുത്തർ പിടിച്ചെടുത്ത മണ്ഡലം എൽ ഡി എഫിൽ നിന്ന് തിരിച്ചു പിടിക്കാനായി. 2001ലാണ് പാലാക്കാരനായ യുവ നേതാവ് റോഷിയെ കെ എം മാണി ഇടുക്കിയിലേക്ക് അയച്ചത്. മാണിസാറിന്റെ കണക്ക് കൂട്ടൽ തെറ്റിയില്ല. 2001ൽ വിജയക്കൊടി നാട്ടിയ റോഷി പിന്നീട് 2016 വരെ നടന്ന നാല് തിരഞ്ഞെടുപ്പുകളിലും ജയം ആവർത്തിച്ചു. 13,719 (2001), 16,340 (2006), 15,806 (2011) എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. 2016ൽ ജനാധിപത്യ കേരള കോൺഗ്രസ് സാരഥിയായെത്തിയ ഫ്രാൻസിസ് ജോർജുമായി ഏറ്റുമുട്ടിയപ്പോൾ ഭൂരിപക്ഷം 9,333 ആയി കുറഞ്ഞുവെന്ന് മാത്രം.

കത്തോലിക്കാ സഭയുടെ മാനസ പുത്രൻമാരാണ് രണ്ടു പേരും. സഭയുടെ പിന്തുണ ആർക്ക് എന്നത് ഇടുക്കിയിൽ നിർണായകവും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം റോഷിക്ക് അത്ര മെച്ചമുളളതല്ല.
കട്ടപ്പന നഗരസഭയിൽ യു ഡി എഫിന് മൃഗീയ ഭൂരിപക്ഷമാണ്. ഗ്രാമപഞ്ചായത്തുകളിൽ ഏതാണ്ട് ഒപ്പത്തിനൊപ്പവും.

---- facebook comment plugin here -----

Latest