Connect with us

Gulf

ഖത്വറിലെ സഊദി എംബസി ഉടൻ തുറക്കും

Published

|

Last Updated

റിയാദ് | അല്‍ ഉല കരാരിൽ  ഗൾഫ് രാജ്യങ്ങൾ ഒപ്പുവെച്ചതോടെ മൂന്ന് വർഷത്തിലധികമായി പ്രവർത്തനം നിർത്തിവെച്ച  ഖത്വറിലെ സഊദി എംബസി ഉടൻ തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഖത്വറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും പുനഃസ്ഥാപിക്കപ്പെടുന്നതോടെ ദോഹയിലെ സഊദി എംബസി ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും അൽ ഉല സമാധാന കരാർ ഗൾഫ് സഹകരണ കൗൺസിലിന്റെ പങ്ക് ക്രിയാത്മകമായി പ്രതിഫലിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ജി സി സി ഉച്ചകോടിക്ക് മുന്നോടിയായി ജനുവരി അഞ്ചിന് രാത്രി ഖത്വറുമായുള്ള കര, നാവിക, വ്യോമ പാതകൾ ഇരു രാജ്യങ്ങളും തുറന്നിരുന്നു. യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും  ഖത്വറുമായി സമ്പൂര്‍ണ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു

സഊദി അറേബ്യയുടെ നയതന്ത്ര കാര്യാലയം ഉടൻ ഖത്വറിൽ പ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനത്തോടെ പുണ്യ ഭൂമിയിലെത്തി ഉംറയും പ്രവാചക നഗരിയും സന്ദർശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഖത്വറിലെ സ്വദേശികളും വിദേശികളും. സൽവാ അതിർത്തി വഴിയായിരുന്നു ആളുകൾ സഊദിയിലേക്ക് പ്രവേശിച്ചിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കര-വ്യോമ പാതകൾ തുറന്നെങ്കിലും ഇരുഹറമുകളിലേക്കും പ്രവേശിക്കണമെങ്കിൽ ഉംറ വിസ നിർബന്ധമായതിനാൽ എംബസിയുടെ പ്രവർത്തനം ആരംഭിച്ചാൽ മാത്രമേ ഉംറ നിർവഹിക്കാൻ സാധിക്കൂ.

സിറാജ് പ്രതിനിധി, ദമാം