Connect with us

Career Notification

എസ് ബി ഐ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷക്ക് വിജ്ഞാപനമായി; ഡിസംബര്‍ നാലു വരെ അപേക്ഷിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | എസ് ബി ഐ പ്രൊബേഷണറി ഓഫീസര്‍ (പി ഒ 2020) പരീക്ഷക്ക് വിജ്ഞാപനമായി. 2000 ത്തോളം ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. നവംബര്‍ 13ന് വിജ്ഞാപനം പ്രസിദ്ധീകരിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഡിഗ്രിയാണ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 2020 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഡിഗ്രി പൂര്‍ത്തിയാക്കിയ 21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ ഇയര്‍/ ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍, ഇന്റര്‍വ്യൂ വേളയില്‍ ഡിസംബര്‍ 31 ന് മുമ്പ് ഡിഗ്രി പാസായെന്ന് കാണിക്കുന്ന രേഖ ഹാജരാക്കണം.
2020 ഏപ്രില്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 1990 ഏപ്രില്‍ രണ്ടിന് മുമ്പോ 1999 ഏപ്രില്‍ ഒന്നിന് ശേഷമോ ജനിച്ചവരായിരിക്കരുത്. രണ്ട് തീയതികളും ഉള്‍പ്പെടും. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

എസ് ബി ഐ യുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in/careers ല്‍ പ്രവേശിച്ചാണ് അപേക്ഷ നല്‍കേണ്ടത്. എസ് ബി ഐ പി ഒ രജിസ്ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ വിന്‍ഡോ വരും. അവിടെ New Registration ല്‍ ക്ലിക്ക് ചെയ്യുക. വേണ്ട വിവരങ്ങള്‍ നല്‍കി അപേക്ഷാ ഫോറം പൂരിപ്പിക്കാം. ഡിസംബര്‍ നാലു വരെ അപേക്ഷിക്കാനും ഫീസടയ്ക്കാനും അവസരമുണ്ട്. പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡിസംബര്‍ മൂന്നാമത്തെ ആഴ്ച്ച പ്രതീക്ഷിക്കാം. 2020 ഡിസംബര്‍ 31, 2021 ജനുവരി 2,4,5 തീയതികളിലായി ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷ നടക്കും. ജനുവരി 20നാണ് ഓണ്‍ലൈന്‍ മെയിന്‍ പരീക്ഷ.