Connect with us

Kerala

നഷ്ടമായത് മലയോര മേഖലയിലെ യു ഡി എഫിന്റെ ഉറച്ച ശബ്ദം

Published

|

Last Updated

കോഴിക്കോട് ചേലമ്പൊപൊയില്‍ മോയിന്‍കുട്ടി എന്ന സി മോയിന്‍കുട്ടിയെ നാട്ടുകാര്‍ വിളിച്ചിരുന്നത് ബാപ്പുക്ക എന്നായിരുന്നു. അത്ര ദൃഢവും സ്‌നേഹവുമായിരുന്നു മലയോര ജനതക്ക് അദ്ദേഹത്തോടുള്ള ബന്ധം. കച്ചവടക്കാരനില്‍ നിന്നും രാഷ്ട്രീയത്തിലേക്കുള്ള ചുവട്മാറി, പിന്നീട് മലയോര മേഖലയിലെ ഉറച്ച നേതൃ ശബ്ദമായി
, പാര്‍ട്ടിയുടേയും മുന്നണിയുടേയും ആവേശമായി മാറിയതാണ് മോയിന്‍കുട്ടിയുടെ രാഷ്ട്രീയ ചരിത്രം. വ്യക്തി ബന്ധങ്ങള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റേ ഏറ്റവും വലിയ കൈ മുതല്‍. കുടിയേറ്റ മലയോര മേഖലയിലെ സാമുദായിക രാഷ്ട്രീയത്തില്‍ പല തവണ വെന്നിക്കൊടി പാറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും പാര്‍ട്ടിക്ക് പുറത്തെ ഈ വ്യക്തി ബന്ധങ്ങള്‍ തന്നെയാായിരുന്നു.

പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്ന പ്രസംഗം തന്നെയായിരുന്നു മോയിന്‍കുട്ടിയുടെ ഏറ്റവും വലിയ തുരുപ്പ്ചീട്ട്‌. 1960കളില്‍ വയനാട് ജില്ലയിലെ മീനങ്ങളാടിയിലെ പാര്‍ട്ടി വേദികളില്‍ തുടങ്ങി, തമരാശ്ശേരിയിലേയും പരിസരത്തേയും എസ്റ്റേറ്റ് സമരങ്ങളിലൂടെ വളര്‍ന്ന് മുസ്ലിം ലീഗിന്റെ സ്റ്റാര്‍ ക്യാമ്പയിനറായി മോയിന്‍കുട്ടി മാറുകയായിരുന്നു. പൂനൂര്‍ എസ്റ്റേറ്റിന്റെ ഭാഗമായിരുന്ന പൂലോട് എസ്‌റ്റേറ്റില്‍ 1970ല്‍ നടന്ന തൊഴിലാളി സമരത്തോടെയാണ് മോയിന്‍കുട്ടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. എസ്റ്റേറ്റിലെ 14 വനിതാ തൊഴിലാളികളെ കമ്പനി പിരിച്ചുവിട്ടതിനെതിരെ നടന്ന സമരം വിജയത്തിലെത്തിച്ചത് മോയിന്‍കുട്ടി എന്ന യുവ നേതാവായിരുന്നു. തുടര്‍ന്ന് കിനാലൂര്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട സമരങ്ങളിലും മോയിന്‍കുട്ടി നിറസാന്നിധ്യമായി.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ ലീഗിന്റെ ഉരുക്കോട്ടയായ കൊടുവള്ളിയില്‍ നിന്ന് 1996ല്‍ ആദ്യമായി സംസ്ഥാന നിയമസഭയിലെത്തി. 2001ല്‍ തട്ടകം മലയോര മണ്ഡലമായ തിരുവമ്പാടിയിലേക്ക്‌
മാറ്റി. രാഷ്ട്രീയത്തിനപ്പുറം വിവിധ സാമുദായിക സംഘടനകളും കുടിയേറ്റ കര്‍ഷക ജനതയും നിര്‍ണായകമായ മണ്ഡലത്തിന്റെ പള്‍സ് തിരിച്ചറിവുള്ള മോയിന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരുന്നു. തന്റെ മുന്‍ഗാമിയായ എ വി അബ്ദുറഹ്‌മാന്‍ ഹാജിയെപോലെ വലിയ ഭൂരിഭക്ഷത്തില്‍ തിരുവമ്പാടിയില്‍ നിന്നും മോയിന്‍കുട്ടി തിരഞ്ഞെടുക്കപ്പെട്ടു.

2006ല്‍ മോയിന്‍കുട്ടിയെ തിരുവമ്പാടിയില്‍ നിന്ന് മാറ്റിയതിന്റെ രാഷ്ട്രീയ വില ലീഗ് അറിഞ്ഞു. മായിന്‍ഹാജിയെ തകര്‍ത്ത് മത്തായ് ചാക്കോയും പിന്നീട് ചാക്കോയുടെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഉമ്മര്‍ മാസ്റ്ററെ മുട്ടുകുത്തിച്ച് ജോര്‍ജ് എം തോമസും മലയോര മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചു. 2011ല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ മോയിന്‍കുട്ടിയെ വീണ്ടും ഇറക്കുകയല്ലാതെ മറ്റൊരു മാര്‍ഗം യു ഡി എഫിന് മുമ്പിലില്ലായിരുന്നു. ഇത് ലക്ഷ്യംകണ്ടു. ജോര്‍ജ് എം തോമസ് മോയിന്‍കുട്ടിയുടെ പരിചയ സമ്പന്നതക്ക് മുമ്പില്‍ വീണു.

എന്നാല്‍ 2016ലെ തിരഞ്ഞെടുപ്പില്‍ മോയിന്‍കുട്ടിക്ക് സീറ്റ് നിഷേധിച്ച് ലീഗ് നടത്തിയ രാഷ്ട്രീയ മണ്ടത്തരം മൂലം നഷ്ടപ്പെട്ടത് തിരുവമ്പാടി മാത്രമായിരുന്നില്ല. മോയിന്‍കുട്ടിയുടെ മുന്‍ തട്ടകമായ കൊടുവള്ളിയും കൂടിയായിരുന്നു. താമരശ്ശേരി രൂപത അടക്കമുള്ള മണ്ഡലത്തിലെ പല സാമുദായിക സംഘടനകളും മോയിന്‍കുട്ടിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ലീഗ് നേതൃത്വം തള്ളുകയായിരുന്നു. ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലും എം എ റസാഖിനെ കൊടുവള്ളിയിലും മത്സരിപ്പിച്ച് ലീഗ് നടത്തിയ പരീക്ഷണം മൂക്കുംകുത്തി വീഴുകയായിരുന്നു. സംസ്ഥാനം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കെയാണ് മലോയോര മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാവിനെ യു ഡി എഫിന് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മോയിന്‍കുട്ടിയുടെ പ്രവര്‍ത്തന മേഖല. മത- സാമൂഹിക രംഗത്തും അദ്ദേഹം തന്റേതായ സംഭവാന നല്‍കി. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന നൂറ്കണക്കിന് കുട്ടികളുടേയും ഭിന്നശേഷിക്കാരുടേയും സംരക്ഷകനായി. ഇതിനായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ലൗ ഷോര്‍ സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്നു അദ്ദേഹം. ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിന്റെ ജീവകാരുണ്യ സംഘടനയായ സി എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലും മോയിന്‍കുട്ടി മുന്‍നിരയിലുണ്ടായിരുന്നു.

എ പി ശമീര്‍

---- facebook comment plugin here -----

Latest