Connect with us

Kerala

ജോസിന്റെ കൂടുമാറ്റം: ഖേദം ഉള്ളിലടക്കി ലീഗ്

Published

|

Last Updated

കോഴിക്കോട് | കേരള കോൺഗ്രസ് മാണി വിഭാഗം യു ഡി എഫ് വിട്ട് എൽ ഡി എഫിലേക്ക് പോകുമ്പോൾ ഇടപെടാനാകാതെ ഖേദം ഉള്ളിലൊതുക്കി മുസ്‌ലിം ലീഗ്. യു ഡി എഫ് വിട്ടുപോയ കെ എം മാണിയെ തിരിച്ചുകൊണ്ടുവരുന്നതിൽ കഴിഞ്ഞ കാലങ്ങളിൽ ലീഗ് നടത്തിയ ശക്തമായ ഇടപെടലുകൾ ഇപ്പോൾ അവമതിക്കപ്പെട്ടതായാണ് പാർട്ടി വിലയിരുത്തുന്നത്.
യു ഡി എഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥ ശ്രമത്തിൽ ഇടപെടാമെന്നതായിരുന്നു മുസ്ലിം ലീഗിന്റെ നിലപാടെന്ന് പാർട്ടി ജന. സെക്രട്ടറി കെ പി എ മജീദ് സിറാജിനോട് പറഞ്ഞു. മധ്യസ്ഥ ശ്രമത്തിനായി ലീഗിനെ നിയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സാഹചര്യങ്ങൾ മാറിയിരുന്നു. ഇരു ഗ്രൂപ്പും മുന്നണി വിട്ടുപോകും എന്ന അവസ്ഥ ഒഴിവാക്കാനാണ് ജോസ് കെ മാണിയെ ഒഴിവാക്കിയത്. ജന പിന്തുണ കുറഞ്ഞവർ പോകട്ടെ എന്ന നിലപാട് സ്വീകരിക്കുകയല്ലാതെ ഗത്യന്തരമില്ലായിരുന്നു.

തെറ്റിപ്പോയ മാണിയെ യു ഡി എഫിൽ തിരിച്ചെത്തിക്കാൻ ലീഗ് നടത്തിയ ഇടപെടൽ ഏറെ ശ്രദ്ധേയമായിരുന്നു. കോൺഗ്രസ് ഉറപ്പിച്ച രാജ്യസഭാ സീറ്റിന്, യു ഡി എഫിന് പുറത്തുള്ള കേരള കോൺഗ്രസിന് അർഹതയുണ്ടെന്ന നിലപാടുമായാണ് അന്ന് ലീഗ് രംഗത്തുവന്നത്. പാണക്കാട്ട് ചേർന്ന ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വികാരമെന്ന നിലക്കായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി ഈ ആവശ്യം ഉന്നയിച്ചത്. “മാണിയെ യു ഡി എഫിലേക്ക് തിരികെ കൊണ്ടുവരണം. അതിനു തങ്ങൾക്ക് സാധ്യമായത് ചെയ്തു. പന്ത് ഇപ്പോൾ കോൺഗ്രസിന്റെ കളത്തിലാണ്. രാജ്യസഭാ സീറ്റുകൂടി നൽകിയാലേ മാണി തിരിച്ചുവരികയുള്ളൂവെങ്കിൽ അക്കാര്യവും ആലോചിക്കണം.” എന്ന കർശന നിലപാടായിരുന്നു അന്ന് ലീഗ് സ്വീകരിച്ചത്.

മാണിയുണ്ടെങ്കിലേ തങ്ങളും യു ഡി എഫിലുണ്ടാകൂ എന്ന മുന്നറിയിപ്പാണ് അന്ന് കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതൃത്വത്തിന് നൽകിയത്. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചകളിലേക്ക് കുഞ്ഞാലിക്കുട്ടിക്കുകൂടി രാഹുൽ ഗാന്ധിയുടെ ക്ഷണമെത്തിയത് വെറുതെയായിരുന്നില്ല.
കേരള കോൺഗ്രസ് ഒപ്പമില്ലാതെ യു ഡി എഫ് സംവിധാനത്തിന് പ്രസക്തിയില്ലെന്നായിരുന്നു അന്ന് ലീഗ് നിലപാട്.

എൽ ജെ ഡി പോയതോടെ ഫലത്തിൽ യു ഡി എഫ് എന്നത് കോൺഗ്രസ് ലീഗ് സഖ്യം മാത്രമാകുമെന്ന് അവസ്ഥയെ മറികടക്കാനായിരുന്നു അന്ന് മാണിയെ തിരികെ എത്തിക്കാൻ ലീഗ് രംഗത്തിറങ്ങിയത്.
ലീഗിന്റെ കരുത്തിൽ മലബാറിൽ കുറെ സീറ്റുകൾ യു ഡി എഫിന് നേടാനായേക്കാം. എന്നാൽ, മധ്യതിരുവിതാംകൂറിൽ ചെറിയ മാർജിനുകളാണ് ജയപരാജയങ്ങൾ നിർണയിക്കുന്നത്. അതിന് മാണിയുടെ വോട്ട് നിർണായകമാണെന്ന് തന്നെയാണ് ലീഗിന്റെ നിലപാട്. മുസ്‌ലിം, ക്രിസ്ത്യൻ ഐക്യം പരസ്പരപൂരകമാണെന്നും അതാണു യു ഡി എഫിന്റെ കരുത്തെന്നുമാണ് ലീഗ് ഉറച്ചു വിശ്വസിക്കുന്നത്. കോൺഗ്രസ് നേതൃത്വം ഇതു തിരിച്ചറിയാതെ പോയതിലുള്ള ഖേദം ഉള്ളിൽ അടക്കുകയാണ് ഇപ്പോൾ മുസ്‌ലിം ലീഗ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്