Connect with us

Kerala

മധ്യകേരളത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കുന്ന ചുവടുമാറ്റം

Published

|

Last Updated

കോഴിക്കോട് | മധ്യതിരുവിതാംകൂറിലെ കുടിയേറ്റ, മലയോര കര്‍ഷകരുടെ മനസ്സില്‍ റബ്ബര്‍ പോലെ ഒട്ടിനില്‍ക്കുന്ന പ്രസ്ഥനമാണ് കേരള കോണ്‍ഗ്രസ്. അഞ്ചര പതിറ്റാണ്ട് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന് കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ രൂപം നല്‍കിയ പാര്‍ട്ടി. ക്രിസ്തീയ സഭകളുടെ പരിലാളനകളേറ്റ് വളര്‍ന്നു. നേതാക്കളുടെ ബാഹുല്ല്യത്താല്‍ പല തവണ പിളര്‍ന്നു. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ വിഭജിക്കപ്പെട്ട കേരള കോണ്‍ഗ്രസില്‍ ഒരു പ്രസ്ഥാനം കേരള രാഷ്ട്രീയത്തിലെ ഗതി നിയന്ത്രിക്കാന്‍ പറ്റുന്ന തരത്തില്‍ രാഷ്ട്രീയ അടത്തിറയുള്ള പാര്‍ട്ടിയായി വളര്‍ന്നു. കെ എം മാണിയെന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരന്റെ ജീവിത സമര്‍പ്പണത്തിലൂടെ വളര്‍ന്ന കേരള കോണ്‍ഗ്രസ് എം. 38 വര്‍ഷത്തോളം യു ഡി എഫിന് കരുത്തേകിയ ഈ കര്‍ഷക പ്രസ്ഥാനം ഇടതു ചേരിയിലേക്ക് നീങ്ങാൻ തീരുമാനം എടുത്തിരിക്കുകയാണ്. കേരളത്തിന്റെ അധികാര രാഷ്ട്രീയത്തില്‍ തന്ന വലിയ ഒരു മാറ്റത്തിന് കാരണമായേക്കാവുന്ന മുന്നണി മാറ്റം.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു തുടര്‍ ഭരണം പ്രതീക്ഷിക്കുന്ന എല്‍ ഡി എഫിനെ സംബന്ധിച്ചിടത്തോളം വലിയ കരുത്തേകുന്ന ഒന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം. അപൂര്‍വ്വം തിരഞ്ഞെടുപ്പുകളില്‍ ഒഴികെ യു ഡി എഫിനൊപ്പം ഉറച്ച് നില്‍ക്കുന്നതാണ് മധ്യകേരളത്തിന്റെ രാഷ്ട്രീയം. കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വലിയ വേരോട്ടമുള്ള കേരള കോണ്‍ഗ്രസിന്റെ സാന്നിധ്യം തന്നയൊണ് ഇതിന് കാരണം. കേരള കോണ്‍ഗ്രസിനും യു ഡി എഫിനുമായി ക്രിസ്തീയ സഭകള്‍ നേരിട്ട് ഇറങ്ങുന്നതാണ് ഇവിടത്തെ രാഷ്ട്രീയ ചരിത്രം. സഭയുടെ സ്വന്തം കേരള കോണ്‍ഗ്രസ് മുന്നണി മാറുമ്പോള്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളും പ്രതീക്ഷിക്കപ്പെടുന്നു.

ജോസിന്റെ വരവോടെ മധ്യകേരളത്തിലെ യു ഡി എഫ് കോട്ടകള്‍ പൊളിക്കാനാകുമെന്ന് സി പി എം കണക്ക് കൂട്ടുന്നു. 12 സീറ്റാണ് കേരള കോണ്‍ഗ്രസ് സി പി എമ്മിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ആറ് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായതായാണ് വിവരം. മറ്റ് സീറ്റുകള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ധാരണയിലെത്താമെന്ന ഉറപ്പിലാണ് ജോസ് കെ മാണി മുന്നണി മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയവും പാലയും പി ജെ ജോസഫിന്റെ തൊടുപുഴയും, പൂഞ്ഞാറും ചങ്ങാനാശ്ശേരിയും കടുത്തുരുത്തിയും കാഞ്ഞിരപ്പള്ളിയുമടക്കമുള്ള യു ഡി എഫ് കോട്ടകളാണ് കേരള കോണ്‍ഗ്രസിന് നല്‍കുക. ജോസിന്റെ വരവോടെ ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാനാകുമെന്ന് എല്‍ ഡി എഫ് കണക്ക്കൂട്ടുന്നു.

കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങള്‍ അടക്കം മധ്യ കേരളത്തില്‍ 12 സീറ്റുകള്‍ വരെ കൂടുതല്‍ നേടാനാകുമെന്നാണ് സി പി എം കണക്ക് കൂട്ടന്നത്. കേരള കോണ്‍ഗ്രസിന്റെ വരവോടെ യു ഡി എഫിനൊപ്പം നില്‍ക്കുന്ന ക്രിസ്തീയ സഭകളിലും മനംമാറ്റമുണ്ടാകുമെന്ന് സി പി എം വിലയിരുത്തുന്നു. എല്‍ ഡി എഫ് കടുത്ത പോരാട്ടത്തിന് ഒടുവില്‍ കഴിഞ്ഞ തവണ ജയിച്ചു കയറിയ തിരുവല്ലയും ഏറ്റുമാനുരും എറണാകുളത്തേയും ഇടുക്കിയിലേയും ചില മണ്ഡലങ്ങളും ഇനി ഉറപ്പിക്കാമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. വടക്കന്‍ കേരളത്തില്‍ തിരുവമ്പാടി, ഇരിക്കൂര്‍, പേരാമ്പ്ര, ബത്തേരി തുടങ്ങിയ മലയോര കര്‍ഷകര്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലും ഇടത് പ്രതീക്ഷക്ക് പുതിയ മാറ്റം കരുത്തേകും.

തദ്ദേശ തിരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിന്റെ വരവോടെ എല്‍ ഡി എഫ് വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. നേരിയ വോട്ടുകള്‍ക്കാണ് പല തദ്ദേശ സ്ഥാപനങ്ങളിലും ഭരണം ഉറപ്പിക്കാറുള്ളത്. യു ഡി എഫിന്റെ ഉരുക്കുകോട്ടയായ കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം മാറ്റം പ്രതിഫലിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

എ പി ശമീര്‍

Latest